കൊച്ചി:ഓണ്‍ലൈനില്‍ റസ്റ്റോറന്റുകളുടെ റേറ്റിങ് പ്രൊമോഷന്‍ ജോലി വഴി ഉയര്‍ന്ന കമ്മിഷന്‍ നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് കൊച്ചി സ്വദേശികളായ ദമ്പതിമാരില്‍നിന്ന് ലക്ഷങ്ങള്‍ തട്ടിയ കേസില്‍ മലയാളി പിടിയില്‍. തൃശ്ശൂര്‍ പഴുവില്‍ വെസ്റ്റ് എസ്എന്‍ റോഡ് പുഴങ്കരയില്ലത്ത് വിട്ടില്‍ പി വൈ ഷാഫിയെയാണ് കൊച്ചി സിറ്റി സൈബര്‍ പൊലീസ് അറസ്റ്റുചെയ്തത്. സാമൂഹിക മാധ്യമ അക്കൗണ്ടുകള്‍ വഴി ഇടപാടുകാരെ ബന്ധപ്പെട്ട് പ്രൊമോഷന്‍ ടാസ്‌കുകള്‍ നല്‍കി അതുവഴി ലക്ഷക്കണക്കിനു രൂപ തട്ടിയതായി പൊലീസ് പറയുന്നു.
മലയാളികളായ യുവാക്കളുടെ ബാങ്ക് അക്കൗണ്ടുകള്‍ കമ്മിഷന്‍ നല്‍കി കൈക്കലാക്കിയാണ് തട്ടിപ്പ് നടത്തിയത്. തുടര്‍ന്ന് വ്യാജ പരസ്യങ്ങള്‍ നല്‍കി ആളുകളെ ആകര്‍ഷിക്കും. പണം അക്കൗണ്ടില്‍ നിക്ഷേപിക്കാന്‍ ആവശ്യപ്പെടും. പരാതിക്കാര്‍ പണം നല്‍കിയ അക്കൗണ്ട് വിവരങ്ങള്‍ പരിശോധിച്ചപ്പോള്‍ തൃശ്ശൂര്‍ കണ്ടശ്ശാംകടവ് സ്വദേശിയുടെ അക്കൗണ്ടിലേക്ക് വരുന്ന പണം ഇന്റര്‍നെറ്റ് ബാങ്കിങ്ങിലൂടെ മറ്റു പല അക്കൗണ്ടുകളിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്ത് പിന്‍വലിച്ചതായി കണ്ടെത്തി.
അക്കൗണ്ട് ഉടമയെ കണ്ടെത്തി ചോദ്യം ചെയ്തപ്പോള്‍ അയല്‍വാസി മുഖേന പരിചയപ്പെട്ട പ്രതിക്ക് പുതിയ അക്കൗണ്ട് എടുത്ത് നല്‍കിയിരുന്നുവെന്ന് സമ്മതിച്ചു. ഇതിന് കമ്മിഷനും വാങ്ങി. തുടര്‍ന്നാണ് അന്വേഷണം ഷാഫിയിലേക്ക് എത്തിയത്. പ്രതിയെ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. പുക്കാട്ടുപടി ഭാഗത്ത് ഇയാളുടെ പേരില്‍ മാത്രം തുടങ്ങിയ കമ്പനിയുടെ ബാങ്ക് അക്കൗണ്ടുകളിലൂടെയാണ് തട്ടിപ്പ് പണം കൈപ്പറ്റിയത്. പ്രതിയുടെ ആറ് ബാങ്ക് അക്കൗണ്ടുകളില്‍ നാലെണ്ണം പൊലീസ് മരവിപ്പിച്ചിട്ടുണ്ട്.