തിരുവനന്തപുരം : ബിജെപി നേതാവ് പ്രകാശ് ജാവദേക്കറുമായുള്ള കൂടിക്കാഴ്ചയിൽ എൽഡിഎഫ് കൺവീനർ ഇപി ജയരാജനെതിരെ കടുത്ത നടപടിക്ക് സാദ്ധ്യത. തിങ്കളാഴ്ച ചേരുന്ന സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിൽ തിരഞ്ഞെടുപ്പ് അവലോകനമാണ് മുഖ്യ അജണ്ടയെങ്കിലും ഇപി ജയരാജൻ വിഷയമാകും ചർച്ചയാകുക. ജയരാജൻ വേണ്ടത്ര ജാഗ്രത പാലിച്ചില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ അഭിപ്രായം തന്നെയായിരിക്കും സെക്രട്ടേറിയേററ് പ്രകടിപ്പിക്കുക എന്നതാണ് സൂചനകൾ.
തുടർച്ചയായി പാർട്ടിയെയും മുന്നണിയെയും പ്രതിസന്ധിയിലാക്കുന്ന ഇപിയെ എൽഡിഎഫ് കൺവീനർ സ്ഥാനത്തുനിന്നും മാറ്റാനാണ് സാദ്ധ്യത. ഇടതുപക്ഷം ജീവന്മരണപോരാട്ടമായി കരുതുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിൽ, വോട്ടെടുപ്പുദിവസംതന്നെ ഇടതുകൺവീനർ പ്രതിസന്ധിയുണ്ടാക്കിയതിന്റെ ആഘാതത്തിലാണ് സിപിഎമ്മും മുന്നണിയും.
ഇതിനിടെ, ജയരാജനുമായി മാത്രമല്ല കേരളത്തിൽ നിന്നുളള എല്ലാ കോൺഗ്രസ് എംപിമാരുമായും ചർച്ച നടത്തിയിരുന്നതായി പ്രകാശ് ജാവദേക്കർ അറിയിച്ചു രാഷ്ട്രീയ നേതാക്കളുമായുളള കൂടിക്കാഴ്ച്ചകളിൽ എന്താണ് തെറ്റെന്നും അദ്ദേഹം ചോദിച്ചു.