സംവിധായകൻ ജോഷിയുടെ വീട്ടില്‍ നിന്നും ഒരു കോടി രൂപ മൂല്യം വരുന്ന വസ്തുക്കൾ കവർച്ച നടത്തിയ പ്രതി പിടിയില്‍. ബീഹാർ സ്വദേശി മുഹമ്മദ് ഇർഷാദ് കർണാടകയില്‍ നിന്നാണ് പിടിയിലായത്.
സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു അന്വേഷണം. കഴിഞ്ഞ ദിവസം രാത്രിയോടുകൂടിയാണ് പ്രതി ജോഷിയുടെ കൊച്ചിയിലെ പനമ്ബിളളി നഗറിലെ വീട്ടില്‍ വൻകവർച്ച നടത്തിയത്.
ഒരുകോടിയിലേറെ രൂപ വിലമതിക്കുന്ന സ്വർണ, വജ്രാഭരണങ്ങളും വാച്ചുകളും മോഷണം പോയി.
മുകളിലത്തെ നിലയിലുള്ള ആളില്ലാത്ത രണ്ടു മുറികളിലെ ലോക്കർ കുത്തിത്തുറന്നാണ് മോഷണം. 25 ലക്ഷം രൂപയുടെ രണ്ട് വജ്ര നെക്ലസ്, 10 വജ്ര മോതിരങ്ങള്‍, 8 ലക്ഷം രൂപ വിലയുള്ള 8 വജ്രക്കമ്മലുകള്‍, 10 സ്വർണമാലകള്‍, 10 വളകള്‍, രണ്ടു വങ്കികള്‍, വില കൂടിയ 10 വാച്ചുകള്‍ തുടങ്ങിയവയാണ് മോഷണം പോയത്. അടുക്കള വാതില്‍ തുറന്നാണ് പ്രതി രക്ഷപ്പെട്ടത്.
ഉത്തരേന്ത്യയില്‍ നിന്നെത്തി കവർച്ച നടത്തി മടങ്ങുന്ന സംഘമാണ് ഇതിന് പിന്നിലെന്നായിരുന്നു പൊലീസിന്റെ നിഗമനം. പ്രാദേശിക മോഷ്ടാക്കളും അടുത്തിടെ ശിക്ഷകഴിഞ്ഞിറങ്ങിയ കള്ളന്മാരും അന്വേഷണപരിധിയിലുണ്ടായിരുന്നു. എറണാകുളം അസി. പൊലീസ് കമ്മിഷണർ പി. രാജ്കുമാറിന്റെ നേതൃത്വത്തിലായിരുന്നു അന്വേഷണം നടന്നത്.
കവർച്ച നടക്കുമ്ബോള്‍ ജോഷിയും ഭാര്യയും മരുമകളും കുട്ടികളും വീട്ടിലുണ്ടായിരുന്നു. സംഭവദിവസം പുലർച്ചെ അഞ്ചരയ്ക്ക് ജോഷിയുടെ ഭാര്യ സിന്ധു ഉണർന്നപ്പോഴാണ് മോഷണ വിവരം അറിഞ്ഞത്.