മലപ്പുറം : ചരിത്ര പ്രസിദ്ധമായ വന്നേരി പെരുമ്പടപ്പ് കാട്ടുമാടം മനയിലെ സ്വർണവും നൂറ്റാണ്ടുകള്‍ പഴക്കമുള്ള വിഗ്രഹവും കവർന്ന കേസിലെ പ്രതി അറസ്റ്റിൽ. ചാവക്കാട് മല്ലാട് പുതുവീട്ടിൽ മനാഫി(44)നെയാണ് കൊടുങ്ങല്ലൂരിൽ വച്ചു പെരുമ്പടപ്പ് സിഐ ടി.സതീഷിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. 10 ദിവസം മുൻപാണ് കവർച്ച നടന്നത്. 500 വര്‍ഷത്തോളം പഴക്കമുള്ള പുരാതനമായ കാട്ടുമാടം മനയിലാണ് കവര്‍ച്ച നടന്നത്.
മനയ്ക്ക് അകത്ത് സൂക്ഷിച്ചിരുന്ന 300 വര്‍ഷത്തിലധികം പഴക്കമുള്ള വിഗ്രഹവും പത്തു പവനോളം വരുന്ന സ്വർണാഭരണങ്ങളുമാണ് കവർന്നത്. കൂടാതെ മനയുടെ മുൻവശത്തെ ഭണ്ഡാരവും പൊളിച്ചിരുന്നു. സ്വർണാഭരണങ്ങൾ വിറ്റഴിച്ചതായി പൊലീസ് അറിയിച്ചു.
വിഗ്രഹങ്ങൾ കൊടുങ്ങല്ലൂരിലെ വാടക വീട്ടിൽനിന്ന് പൊലിസ് കണ്ടെത്തി. നിരവധി കേസുകളിൽ ശിക്ഷ അനുഭവിച്ച ആളാണ് മനാഫ്.