എറണാകുളം കോതമംഗലത്ത് കിണറ്റില്‍ വീണ കാട്ടാനയെ പുറത്തെത്തിച്ചു. മണിക്കൂറുകള്‍ നീണ്ട ദൗത്യത്തിനൊടുവിലാണ് ആനയെ രക്ഷപ്പെടുത്തിയത്. ജെ.സി.ബി ഉപയോഗിച്ച് കിണറിൻ്റെ വശം ഇടിച്ചാണ് ആനയെ കരക്കെത്തിച്ചത്. ആനയെ വനംവകുപ്പ് കാട്ടിലേക്ക് തുരത്തി.
ആനയുടെ ശരീരത്തിലാകെ പരുക്കുകളുണ്ട്. കൊമ്പുകൊണ്ടും തുമ്പിക്കൈ കൊണ്ടും കിണറിന്റെ ഒരു ഭാഗം ആന ഇടിച്ചിട്ടു. കിണറ്റിൽ വീണ ആനയ്ക്ക് അക്രമ സ്വഭാവം ഉണ്ടെന്ന് നാട്ടുകാർ പറഞ്ഞിരുന്നു. സംഭവം നടന്ന മേഖലയിൽ വന്യമൃഗശല്യം രൂക്ഷമാണെന്നും ഇതിന് പരിഹാരം കാണണമെന്നും ആവശ്യപ്പെട്ട് നാട്ടുകാർ രംഗത്തെത്തിയിരുന്നു. 12ഓളം കുടുംബങ്ങൾ ഉപയോഗിക്കുന്ന കിണറ്റിലാണ് ആന വീണത്. അതിനാൽ ഇത് വൃത്തിയാക്കുന്നത് ഉൾപ്പെടെയുള്ള കാര്യങ്ങളിൽ ഉറപ്പ് വേണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടിരുന്നു.