തിരുവനന്തപുരം: കേരളത്തിന് ഈ സാമ്പത്തികവര്‍ഷം കടമെടുക്കാവുന്നത് 37,500 കോടി രൂപയെന്ന് കേന്ദ്രം. ഇതില്‍ നിലവിലുള്ള നിയന്ത്രണങ്ങള്‍ തുടരും. കിഫ്ബി, ക്ഷേമപെന്‍ഷന്‍ എന്നിവയ്ക്കായി പിന്നിട്ട സാമ്പത്തികവര്‍ഷം എടുത്ത വായ്പ ഇതില്‍ കുറയ്ക്കും. കടപരിധി അനുവദിച്ചുകൊണ്ടുള്ള അനുമതി കഴിഞ്ഞദിവസമാണ് സംസ്ഥാനത്തിന് കിട്ടിയത്.
മൊത്തം ആഭ്യന്തര വരുമാനത്തിന്റെ മൂന്നുശതമാനം എന്ന കണക്കിലാണ് 37,500 കോടി രൂപ അനുവദിച്ചത്. ഇതില്‍ കിഫ്ബിക്കും ക്ഷേമപെന്‍ഷനുമായി എടുത്ത വായ്പയും പി.എഫ് നിക്ഷേപവും ഉള്‍പ്പെടുത്തി 12,000 കോടിയെങ്കിലും കുറയ്ക്കുമെന്നാണ് കരുതുന്നത്.