കിളിമാനൂർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പ്രണയം നടിച്ച് വീട്ടിൽനിന്നു വിളിച്ചിറക്കി ആൾപ്പാർപ്പില്ലാത്ത പുരയിടത്തിൽ വെച്ച് കൂട്ട ബലാത്സംഗം ചെയ്ത കേസിൽ കാമുകനടക്കം മൂന്നുപേർ അറസ്റ്റിൽ. വർക്കല മേൽവെട്ടൂർ ചാവടി മുക്ക് എച്ച്.എസിന് സമീപം അഴകൻ വിള വീട്ടിൽ ഹുസൈൻ (20), സുഹൃത്തുക്കളായ ഇടവ വെൺകുളം കരിപ്പുറം വാട്ടർ ടാങ്കിന് സമീപം മാടത്തറ വീട്ടിൽ രാഖിൽ (19), ഇടവ മാന്തറ നൂറുൽ ഹുദ മദ്റസക്ക് സമീപം കിഴക്കേ ലക്ഷംവീട്ടിൽ കെ. കമാൽ (18) എന്നിവരെയാണ് കിളിമാനൂർ പൊലീസ് അറസ്റ്റ് ചെയ്തത്.
പതിനാറുകാരിയായ പെൺകുട്ടിയെ ഇൻസ്റ്റഗ്രാം വഴിപരിചയപ്പെട്ട ഒന്നാം പ്രതി ഹുസൈൻ പെൺകുട്ടിയെ വീട്ടിൽനിന്നു വിളിച്ചിറക്കി ശാരീരികമായി പീഡിപ്പിക്കുകയായിരുന്നു. തുടർന്ന് സുഹൃത്തുക്കളായ ഇരുവരും പെൺകുട്ടിയെ ബലാത്സംഗത്തിന് ഇരയാക്കിയതായും പൊലീസ് പറയുന്നു. ബന്ധുക്കളുടെ പരാതിയെ തുടർന്ന് ആറ്റിങ്ങൽ ഡിവൈ.എസ്.പിയുടെ നിർദേശപ്രകാരം കേസെടുത്ത കിളിമാനൂർ പൊലീസ് പ്രതികളെ അറസ്റ്റ് ചെയ്തു. കിളിമാനൂർ സി.ഐ ബി. ജയന്റെ നേതൃത്വത്തിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. പ്രതികളെ കോടതിയിൽ ഹാജരാക്കും.