കോട്ടയം:ഏറ്റുമാനൂരിലെ വ്യവസാസിയെ ഭീഷണിപ്പെടുത്തിയ കേസിൽ ബ്ലേഡ് മാഫിയാ തലവൻ മാലം സുരേഷിൻ്റെ വീട്ടിൽ റെയ്ഡിനെത്തിയ പൊലീസിന് ലഭിച്ചത് അനധികൃതമായി സൂക്ഷിച്ചിരുന്ന 16 കുപ്പി വിദേശമദ്യം. ഈ കേസിൽ മാലം സുരേഷിനെ മണർകാട് പൊലീസ് അറസ്റ്റ് ചെയ്തു. ഇന്ത്യൻ നിർമിത വിദേശമദ്യത്തിന്റെ 10 ബോട്ടിലുകളും പോണ്ടിച്ചേരിയിൽ മാത്രം വിൽക്കാൻ അനുമതിയുള്ള മദ്യത്തിന്റെ 25 സാമ്പിൾ ബോട്ടിലുകളുമാണ് പിടിച്ചത്. കേരള അബ്കാരി നിയമം 55 (എ), 58, 13,63 വകുപ്പുകൾ ചുമത്തിയാണ് പോലീസ് കേസ് എടുത്തത്. സുരേഷിനെ ഇന്ന് കോടതിയിൽ ഹാജരാക്കിയേക്കും.
മാലം സുരേഷിനെതിരെ ഏറ്റുമാനൂർ പോലീസ് രജിസ്റ്റർ ചെയ്ത കേസുമായി ബന്ധപ്പെട്ടാണ് സുരേഷിന്റെ വീട്ടിൽ റെയ്ഡ് നടത്തിയത്. ഒരു വ്യവസായിയെ ഭീഷണിപ്പെടുത്തിയെന്ന കേസിലെ മൂന്നാം പ്രതിയാണ് മാലം സുരേഷ്. ജമീൽ മുഹമ്മദും ഷാനവാസുമാണ് ഒന്നും രണ്ടും പ്രതികൾ. ജമീലിനെതിരെ വ്യവസായി പരാതി നൽകിയിരുന്നു. ഈ പരാതി പിൻവലിക്കാനും പണം ആവശ്യപ്പെട്ടും സുരേഷ് ഉൾപ്പെടെയുള്ള പ്രതികൾ വ്യവസായിയെ ഭീഷണിപ്പെടുത്തിയിരുന്നു. ഈ പരാതിയിൽ അന്വേഷണം നടക്കുകയാണ്.
മണർകാട് ക്രൗൺ ക്ലബ് സെക്രട്ടറിയായിരുന്ന മാലം സുരേഷിനെ ക്ലബിലെ ചീട്ടുകളിയുമായി ബന്ധപ്പെട്ട് പോലീസ് പ്രതി ചേർത്തിരുന്നു. കോവിഡ് കാലത്ത് 2020 ലായിരുന്നു കേസ്. ജൂലൈ 11ന് ക്രൗൺ ക്ലബിൽ പോലീസ് നടത്തിയ റെയ്ഡിൽ 17.88 ലക്ഷം രൂപ പിടിച്ചെടുക്കുകയും ചീട്ടുകളിച്ച 43 പേർ അറസ്റ്റിലാകുകയും ചെയ്തിരുന്നു. ഈ കേസിൽ പോലീസ് സ്റ്റേഷനിൽ ഹാജരാകുന്നതിന് പകരം സുരേഷ് കോടതിൽ കീഴടങ്ങുകയാണ് ചെയ്തത്. സ്റ്റേഷൻ ജാമ്യത്തിൽ പുറത്തിറങ്ങാൻ കഴിയുന്ന കേസിൽ കോടതിയിൽ കീഴടങ്ങിയതിന് കോടതി സുരേഷിനെ രൂക്ഷമായി വിമർശിച്ചിരുന്നു. ചീട്ടുകളിക്കേസിൽ സുരേഷ് പ്രതിയായപ്പോൾ പുറത്തുവന്ന ചിത്രങ്ങളിൽ സിപിഎം പിബിഅംഗം എം.എ.ബേബി സുരേഷിനൊപ്പം നിൽക്കുന്ന ചിത്രങ്ങളുമുണ്ടായിരുന്നു. ഇത് വൻ രാഷ്ട്രീയ വിവാദമായി മാറിയിരുന്നു.