കൊച്ചി: “ഉണ്ടായിരുന്ന അധ്യാപക ജോലി ഉപേക്ഷിച്ചാണ് മുഖ്യമന്ത്രിയുടെ നവകേരള പോസ്റ്റ് ഡോക്ടറൽ ഫെല്ലോഷിപ്പ് നേടിയത്. എന്നാൽ ഇപ്പോൾ മാസങ്ങളായി ഫെല്ലോഷിപ്പ് തുക ലഭിക്കുന്നില്ല. ഇതോടെ വൈകുന്നേരങ്ങളിൽ ഹോട്ടലിൽ പണിയെടുത്തും കടം വാങ്ങിയുമാണ് കുടുംബം മുന്നോട്ട് പോകുന്നത്. ഇനിയും നാണം കെട്ട് എത്രകാലം കൂടി തുടരാൻ കഴിയുമെന്ന് അറിയില്ല.
ഗവേഷണ കാലത്ത് മറ്റ് ജോലികൾ ചെയ്യാൻ പാടില്ലെന്നാണ് കരാറെങ്കിലും ജീവിക്കാൻ ഇതല്ലാതെ മറ്റ് മാർഗമില്ല. “- മുഖ്യമന്ത്രി പിണറായി വിജയന്റെ പേരിലുള്ള നവകേരള പോസ്റ്റ് ഡോക്ടറൽ ഫെല്ലോഷിപ്പ് തുക ലഭിക്കാതെ ദുരിതത്തിലായ എറണാകുളത്തെ യുവ ഗവേഷകന്റെ വാക്കുകളാണിത്.
ഇക്കഴിഞ്ഞ ജനുവരി മുതലുള്ള മൂന്ന് മാസത്തെ ഫെല്ലോഷിപ്പ് തുക ഇനിയും ലഭിക്കാത്തതിനാൽ പട്ടിണിയിലായിരിക്കുകയാണ് പല ഗവേഷകരുടേയും കുടുംബങ്ങൾ. മുഖ്യമന്ത്രിയുടെ പേരിൽ രാജ്യത്തെ തന്നെ ഏറ്റവും വലിയ ഫെല്ലോഷിപ്പുകളിലെന്ന അവകാശവാദത്തോടെ ആരംഭിച്ച ഫെല്ലോഷിപ്പാണ് മാസങ്ങളായി അവതാളത്തിലായിരിക്കുന്നത്.