കോടിക്കണക്കിന് രൂപയുടെ വൈദ്യുതി വാങ്ങാൻ പണമില്ലാതായ കെ.എസ്.ഇ.ബിക്ക് സർക്കാർ ഇന്നലെ 767.71കോടിരൂപ നല്‍കി. ഇതോടെ ലോഡ് ഷെഡ്ഡിംഗ് ഭീഷണി ഒഴിവായി.
സർക്കാർ പണം നല്‍കിയില്ലെങ്കില്‍ ലോഡ് ഷെഡ്ഡിംഗ് വേണ്ടിവരുമെന്നായിരുന്നു തിരുമാനം.2022-23ലെ കെ.എസ്.ഇ.ബി.യുടെ നഷ്ടം സർക്കാർ ഏറ്റെടുത്തിരുന്നു. ഇതുവഴി 1023.61കോടിയാണ് സർക്കാർ നല്‍കേണ്ടത്. അതിന്റെ 75 ശതമാനമാണ് 767.71കോടി.
വൈദ്യുതി മേഖലയിലെ പരിഷ്കരണത്തിന്റെ പേരില്‍ കേരളത്തിന് 4,866 കോടിരൂപ വായ്പ എടുക്കാൻ കേന്ദ്രം അനുവദിച്ചിരുന്നു. കെ.എസ്.ഇ.ബിയുടെ നഷ്ടം സർക്കാർ ഏറ്റെടുത്തത് ഈ വായ്പയ്ക്കു വേണ്ടിയായിരുന്നു. ആ വായ്പ എടുത്ത് അതില്‍ നിന്നുള്ള തുകയാണ് കൈമാറിയത്.
മാർച്ചില്‍ 500കോടി വായ്പ തരാമെന്നേറ്റിരുന്ന കേന്ദ്ര സ്ഥാപനമായ റൂറല്‍ ഇലക്‌ട്രിഫിക്കേഷൻ കോർപ്പറേഷൻ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ പിൻമാറിയതും പ്രതിസന്ധി രൂക്ഷമാക്കിയിരുന്നു.
ദീർഘകാല കരാറുകള്‍ റദ്ദായതോടെ കുറഞ്ഞവിലയ്ക്ക് വൈദ്യുതി കിട്ടാനില്ല.ഓപ്പണ്‍ സോഴ്സില്‍ നിന്ന് വൈദ്യുതി വാങ്ങാൻ മുൻകൂർ പണം നല്‍കണം. അതിന് കോടികള്‍ വേണം.
വൈദ്യുതി ബില്‍ കുടിശിക പെരുകിയതും തുടർച്ചയായ നഷ്ടവും കാരണം റിസർവ് ബാങ്ക് വായ്‌പ വിലക്കിയ പൊതുമേഖലാ സ്ഥാപനങ്ങളുടെ പട്ടികയിലാണ് കെ.എസ്.ഇ.ബി. ഇതു കാരണം അമിത പലിശയ്ക്കേ വായ്പ കിട്ടൂ.സാമ്ബത്തിക പ്രതിസന്ധി മൂലം സർക്കാർ, പൊതുമേഖലാ സ്ഥാപനങ്ങള്‍ പ്രതിമാസബില്‍ അടയ്‌ക്കുന്നില്ല. മുഖ്യമന്ത്രി അടിയന്തരയോഗം വിളിച്ച് കെ.എസ്.ഇ.ബിക്ക് പണം ലഭ്യമാക്കാനും 500കോടി വായ്പയെടുത്ത് നല്‍കാനും തീരുമാനിച്ചിരുന്നു.
നവംബർ മുതല്‍ ഇലക്‌ട്രിസിറ്റി ഡ്യൂട്ടിയായി 1100 കോടി സർക്കാർ തിരിച്ചു പിടിക്കുകയാണ്. എന്നാല്‍,ഗ്രീൻ കോറിഡോറിന് ജർമ്മൻ ബാങ്ക് നല്‍കിയ 60കോടിയും വായ്പായി നബാർഡ് അനുവദിച്ച 40കോടിയും കെ.എസ്.ഇ.ബിക്ക് സർക്കാർ കൈമാറിയില്ല.