കോട്ടയത്ത് പ്ലാൻ്റേഷൻ കോർപ്പറേഷൻ റോഡിൽ പിന്നിൽ നിന്നെത്തിയ കാർ സ്കൂട്ടറിൽ ഇടിച്ച് യുവതിക്ക് ദാരുണാന്ത്യം. കോട്ടയം വടവാതൂർ തകിടിയേൽ വീട്ടിൽ ജയിംസിൻ്റെ മകൾ എക്സിബ മേരി ജെയിംസാണ് മരിച്ചത്. 29 വയസായിരുന്നു.
ചൊവ്വാഴ്ച പുലർച്ചെ രണ്ട് മണിയോടെ കഞ്ഞിക്കുഴി പ്ലാന്റേഷൻ കോർപ്പറേഷൻ ഓഫീസിന് സമീപമാണ് അപകടം നടന്നത്. മലപ്പുറത്തെ നഴ്സിംങ് ട്യൂട്ടറായി ജോലി ചെയ്യുകയാണ് എക്സിബ.
അവധി കഴിഞ്ഞ് ബസിൽ തിരികെ പോകാനായി വടവാതൂരിലുള്ള വീട്ടിൽ നിന്നും പോകുമ്പോഴായിരുന്നു അപകടം.
പുലർച്ചെയുള്ള ബസായിരുന്നതിനാൽ പിതാവ് ജയിംസ് സ്കൂട്ടറിൽ കെ.എസ്.ആർ.ടി.സി സ്റ്റാൻഡിലേയ്ക്കു കൊണ്ടു വിടുകയായിരുന്നു.
ഈ സമയത്താണ് പിന്നിൽ നിന്നും അഭിഭാഷകയായ യുവതി ഓടിച്ച കാർ നിയന്ത്രണം തെറ്റി ഇവർ സഞ്ചരിച്ചിരുന്ന സ്കൂട്ടറിൽ ഇടിച്ചത്. അപകടത്ത് വച്ച് തന്നെ എക്സിബയുടെ മരണം സംഭവിച്ചു.
പിതാവ് ജയിംസിനും പരിക്കേറ്റിട്ടുണ്ട്. എക്സിബയുടെ മൃതദേഹം ജില്ലാ ജനറൽ ആശുപത്രി മോർച്ചറിയിൽ നിന്നും കോട്ടയം മെഡിക്കൽ കോളജിൽ എത്തിച്ച് പോസ്റ്റ്മോർട്ടത്തിന് ശേഷം ഇന്ന് ഉച്ചയോടെ ബന്ധുക്കൾക്ക് വിട്ടു നൽകി.
സംസ്കാരം ബുധനാഴ്ച ഉച്ചയ്ക്ക് രണ്ടിന് വടവാതൂർ ചിദംബരം കുന്ന് സെമിത്തേരിയിൽ നടക്കും.
മാതാവ് – ജാൻസി
സഹോദരി – ജിപ്സ