മലപ്പുറം: കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട പൂച്ചപ്പാറ മണിയുടെ കുടുംബത്തിന് സർക്കാർ പ്രഖ്യാപിച്ച സാമ്പത്തിക സഹായത്തിന്റെ ആദ്യഗഡു വനം വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രൻ കുടുംബത്തിന് കൈമാറി. കരുളായി ഉൾവനത്തിൽ വെച്ചാണ് മാണി കാട്ടാനയുടെ ആക്രമണത്തിന് ഇരയായത്.
ബന്ധുക്കളെ മന്ത്രി ആശ്വസിപ്പിച്ചു. നെടുങ്കയത്ത് നിന്നും 18 കിലോമീറ്ററോളം ഉൾക്കാട്ടിൽ സഞ്ചരിച്ചെത്തിയ മന്ത്രി കണ്ണിക്കൈയിൽ വെച്ചാണ് മണിയുടെ മകൾ മീരക്കും സഹോരൻ അയ്യപ്പനും സഹായം കൈമാറിയത്. ശനിയാഴ്ചയാണ് കണ്ണികൈക്ക് സമീപം മണിക്ക് നേരേ കാട്ടാനയുടെ ആക്രമണമുണ്ടായത്. വനംവകുപ്പ് പത്തുലക്ഷം രൂപ കുടുംബത്തിന് ആശ്വാസ ധന സാഹായം പ്രഖ്യാപിച്ചിരുന്നു.
ഈ നഷ്ട പരിഹാര തുകയുടെ ആദ്യഗഡുവാണ് മന്ത്രി നേരിട്ടെത്തി കുടുംബാഗങ്ങൾക്ക് കൈമാറിയത്. മണിയുടെ മകൾ മീര, സഹോദരൻ അയ്യപ്പൻ ഉൾപടെയുള്ള ബന്ധുക്കളാണ് ധനസഹായം സ്വീകരിക്കാനെത്തിയത്.ഇവർക്ക് സർക്കാറിൽ നിന്ന് നൽകാവുന്ന പരമാവധി സഹായമെത്തിച്ചു നൽകുമെന്ന് മന്ത്രി പറഞ്ഞു. മന്ത്രി നിലമ്പൂർ ഡി. എഫ്. ഒ. ഓഫീസ് സന്ദർശിച്ച് ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി.
നിലമ്പൂർ സൗത്ത് ഡി.എഫ്.ഒ ജി. ധനിക് ലാൽ, എ.സി.എഫ് അനീഷ സിദ്ധീഖ്, കരുളായി ഫോറസ്റ്റ് റേഞ്ച് ഓഫീസർ പി.കെ മുജീബ് റഹ്‌മാൻ, വിനോദ് ചെല്ലൻ തുടങ്ങിയവർ മന്ത്രിക്കൊപ്പമുണ്ടായിരുന്നു.