കൊച്ചി: ഉമാ തോമസ് അപകടത്തിൽപെട്ട നൃത്തപരിപാടി വിവാദത്തിൽ ജിസിഡിഎയുടെ ഭാഗത്ത് നിന്ന് ജാഗ്രതക്കുറവുണ്ടായി ചെയർമാൻ കെ ചന്ദ്രൻപിള്ള. സംഘാടനത്തിൽ വീഴ്ചയുണ്ടെന്ന് ജിസിഡിഎ എക്സിക്യൂട്ടീവ് യോഗം വിലയിരുത്തി. തുടർന്ന് ഒരു ഉദ്യോഗസ്ഥയെ സസ്‌പെൻഡ് ചെയ്യാനും തീരുമാനിച്ചു.
അസി എക്സിക്യൂട്ടീവ് എൻജിനീയർ എസ് എസ് ഉഷയെ സസ്പെൻഡ് ചെയ്യാനാണ് തീരുമാനം. പരിപാടിക്ക് അനുമതി വാങ്ങുന്ന കാര്യത്തിലടക്കം സംഘാടകർ വീഴ്ച വരുത്തിയെന്നും കോർപറേഷൻ്റെ അനുവാദം ഉൾപ്പെടെ വാങ്ങേണ്ടതായിരുന്നു എന്നും യോഗം വിലയിരുത്തി. സംഭവം ജിസിഡിഎ സെക്രട്ടറി ഇന്ദു വിജയൻ അന്വേഷിക്കും. അതേസമയം, കലൂര്‍ സ്റ്റേഡിയത്തിലെ നൃത്തപരിപാടിക്കെതിരെ വിജിലന്‍സിന് പരാതി ലഭിച്ചു. കൊച്ചി സ്വദേശി ചെഷയര്‍ ടാര്‍സന്‍ ആണ് പരാതി നല്‍കിയത്.
കായികേതര ആവശ്യത്തിന് സ്റ്റേഡിയം വിട്ടുനല്‍കിയത് വഴിവിട്ട നീക്കത്തിലൂടെയാണെന്ന് പരാതിയില്‍ ചൂണ്ടികാട്ടി. ജിസിഡിഎ ചെയര്‍മാനെതിരെയാണ് പരാതി നല്‍കിയിരിക്കുന്നത്.സ്റ്റേഡിയം വിട്ടുകൊടുക്കാന്‍ തീരുമാനിച്ചതിന് പിന്നില്‍ ദുരൂഹതയുണ്ട്. സ്റ്റേഡിയം വിട്ടു നല്‍കേണ്ടതില്ലെന്ന് ജിസിഡിഎ എസ്റ്റേറ്റ് വിഭാഗം തീരുമാനിച്ചിരുന്നു. 2025 ഏപ്രില്‍ വരെ സ്റ്റേഡിയം കേരള ബ്ലാസ്റ്റേഴ്‌സിന് നല്‍കിയിരിക്കുകയാണ്.ടര്‍ഫ് അന്താരാഷ്ട്ര നിലവാരത്തില്‍ സജ്ജീകരിച്ചിരിക്കുന്നുവെന്നും എന്നിട്ടും സ്റ്റേഡിയം പരിപാടിക്ക് നല്‍കിയതില്‍ ദുരൂഹതയുണ്ടെന്നും പരാതിയില്‍ ആരോപിക്കുന്നു.