ആലപ്പുഴ ആറാട്ടുപുഴയില്‍ വയോധികയെ തെരുവുനായ കടിച്ച് കൊന്ന സംഭവത്തിൽ വയോധികയെ പുറത്തു കിടത്തി വീടു പൂട്ടിയാണ് വീട്ടുകാര്‍ പോയതെന്നാണ് സൂചനകള്‍.
കാര്‍ത്യായനിയമ്മയെ വീടിന് പുറത്ത് കിടത്തിയശേഷം വീടും ഗേറ്റും പൂട്ടുകയായിരുന്നെന്നും വീടിനുള്ളിലാണെങ്കില്‍ ഇങ്ങനെ ഒരു സംഭവം ഉണ്ടാകില്ലെന്നും നാട്ടുകാര്‍ പറയുന്നു. എന്തിനാണ് വയോധികയെ പുറത്തു കിടത്തിയത് എന്ന കാര്യത്തില്‍ വ്യക്തതയില്ല. തെരുവ് നായ കടിച്ച കാര്‍ത്ത്യായനി രണ്ടുമണിക്കൂറോളം വീട്ടുമുറ്റത്ത് കിടന്നുവെന്നാണ് പറയുന്നത്.
ഇന്നലെയാണ് വയോധിക തെരുവുനായയുടെ ആക്രമണത്തിന് ഇരയായി മരണപ്പെടുന്നത്. കാര്‍ത്യായനിയുടെ ഇളയ മകന്‍ പ്രകാശ് ജോലിക്കായി പുറത്തു പോയപ്പോഴായിരുന്നു ആക്രമണം. ഒരു കണ്ണൊഴികെ കാര്‍ത്യായനിയുടെ മുഖമാകെ നായ കടിച്ചെടുക്കുകയായിരുന്നു. ഇവരെ ആദ്യം കായംകുളം താലൂക്ക് ആശുപത്രിയിലും തുടര്‍ന്ന് ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയിലും കൊണ്ടു പോയെങ്കിലും മരിക്കുകയായിരുന്നു.