ഇൻഷുറൻസ് കമ്പനി അംഗീകരിച്ചിട്ടില്ലാത്ത ആശുപത്രിയിൽ ചികിത്സ ചെയ്തയാൾക്ക് മെഡിക്കൽ റീഇംബേഴ്‌സ്‌മെൻ്റ് നിഷേധിക്കാനാവില്ലെന്ന് ജസ്‌റ്റിസ് സി.എസ് ഡയസിൻ്റെ സിംഗിൾ ബെഞ്ച് നിരീക്ഷിച്ചു .
അത്യാവശ്യഘട്ടങ്ങളിൽ ഉപകാരപ്പെടും എന്ന് കരുതിയാണ് മെഡിക്കൽ ഇൻഷുറൻസ് എടുക്കുന്നത്. എന്നാൽ കമ്പനി ക്ലെയിം നിരാകരിക്കുമ്പോൾ അതിനെതിരെ പ്രതികരിക്കേണ്ട കാര്യത്തിൽ രോഗികൾ അജ്ഞരാണെന്ന് കോർപ്പറേറ്റ് ഇൻഷുറൻസ് കമ്പനികൾക്ക് ശരിക്കറിയാം.
പക്ഷെ ഈ കേസിലെ എതിർകക്ഷി ഇഎസ്ഐ കോർപ്പറേഷനാണ്.
ഇൻഷുറൻസ് ചെയ്ത ജീവനക്കാരിയായ ഹർജിക്കാരി, ഭർത്താവിൻ്റെ കരൾ രോഗത്തിൻ്റെ ചികിത്സയ്ക്കായി ഇഎസ്ഐ ആശുപത്രിയിലേക്ക് കൊണ്ടുപോയി, പ്രസ്തുത ആശുപത്രിയിൽ ചികിത്സയിലായിരുന്ന രോഗിയെ കരൾ മാറ്റിവയ്ക്കലിനായി തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് റഫർ ചെയ്തു. മനുഷ്യ അവയവങ്ങളും ടിഷ്യൂകളും മാറ്റിവയ്ക്കൽ നിയമത്തിലെ വ്യവസ്ഥകൾ അനുസരിച്ച് അവയവങ്ങൾ മാറ്റിവയ്ക്കുന്നതിനുള്ള ഓതറൈസേഷൻ കമ്മിറ്റി രോഗിയുടെ അവയവമാറ്റത്തിന് അനുമതി നൽകിയപ്പോഴേക്കും അദ്ദേഹത്തിൻ്റെ രോഗം വഷളായിക്കഴിഞ്ഞിരുന്നു. അതിനാൽ രോഗിയെ ഉടനടി മറ്റൊരു ആശുപത്രിയിലേക്ക് മാറ്റുകയും അടിയന്തര കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്തുകയും ചെയ്തു. ഇൻഷുറൻസ് കമ്പനിക്ക് റീഇംബേഴ്‌സ്‌മെൻ്റിനുള്ള ക്ലെയിം സമർപ്പിച്ചപ്പോൾ എമർജൻസി സർട്ടിഫിക്കറ്റ് ഇല്ലാത്തതിന്റെ പേരിൽ ഹർജിക്കാരിക്ക് ആദ്യം അനുകൂലമായ മറുപടി ലഭിച്ചില്ല. വളരെ ബുദ്ധിമുട്ടി എമർജൻസി സർട്ടിഫിക്കറ്റ് നൽകിയപ്പോഴും ക്ലെയിം അനുവദിച്ചു കൊടുക്കുവാൻ എതിർകക്ഷി ഒട്ടും തയ്യാറായില്ല. ശസ്ത്രക്രിയ നടത്തിയത് Emapanelled ആശുപത്രിയിലല്ല എന്ന കാരണം നിരത്തി ക്ലെയിം നിരാകരിച്ച പ്പോഴാണ് ഹൈക്കോടതിയെ സമീപിച്ചത്.
സർക്കാർ ഉത്തരവിൽ ആശുപത്രിയുടെ പേര് ഉൾപ്പെടുത്തിയിട്ടില്ല എന്ന കാരണത്താൽ മെഡിക്കൽ ക്ലെയിം നിഷേധിക്കാനാവില്ലെന്ന് കോടതി നിരീക്ഷിച്ചു…
മെഡിക്കൽ ക്ലെയിം അനുവദിച്ചു കൊടുക്കുന്നതിനു മുമ്പ് ക്ലെയിം ചെയ്യുന്നയാൾ യഥാർത്ഥത്തിൽ ചികിത്സ സ്വീകരിച്ചിട്ടുണ്ടോ എന്ന് ഉറപ്പുവരുത്താൻ അധികാരികൾ ബാധ്യസ്ഥരാണെന്നും ബന്ധപ്പെട്ട ഡോക്ടർമാർ / ആശുപത്രികൾ സാക്ഷ്യപ്പെടുത്തിയ രേഖകൾ ചികിത്സ നടന്നുവെന്ന് സ്ഥാപിച്ചുകഴിഞ്ഞാൽ, സാങ്കേതിക കാരണങ്ങളാൽ ക്ലെയിം നിരസിക്കാൻ കഴിയില്ലായെന്നും കോടതി അഭിപ്രായപ്പെട്ടു.