പാലക്കാട്: പനയംപാടത്ത് വിദ്യാര്‍ഥിനികളുടെ മരണത്തിനിടയാക്കിയ അപകടസ്ഥലത്ത് വകുപ്പുതല ഉദ്യോഗസ്ഥര്‍ ഇന്ന് പരിശോധന നടത്തും.പ്രദേശവാസികളുടെ അഭിപ്രായംകൂടി കണക്കിലെടുത്ത് ആക്ഷന്‍ പ്ലാന്‍ തയാറാക്കുമെന്ന് മന്ത്രി കെ. കൃഷ്ണന്‍കുട്ടി അറിയിച്ചു. മന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം.
ജില്ല പൊലീസ് മേധാവി, ആര്.ടി.ഒ, പൊതുമരാമത്ത് ദേശീയപാത വിഭാഗം ഉദ്യോഗസ്ഥരുടെ സംഘമാണ് സംയുക്ത പരിശോധന നടത്തുക.ഡിവൈ.എസ്.പി തലത്തില്‍ അന്വേഷണം നടക്കുന്നുണ്ട്. അപകടമേഖലകളില്‍ സ്പീഡ് ബ്രേക്കര്‍ നടപ്പാക്കുന്നതിന്റെ പ്രായോഗികത പരിശോധിക്കും.
സ്കൂള്‍ സമയങ്ങളില്‍ പൊലീസ് പ്രത്യേക സുരക്ഷ ഏര്‍പ്പെടുത്തുമെന്നു ജില്ലാ പോലീസ് മേധാവി ആർ വിശ്വനാഥൻ പറഞ്ഞു .
കയറ്റം ഒഴിവാക്കി വളവ് നിവര്‍ത്തിയാലേ അപകടങ്ങള്‍ക്ക് ശാശ്വത പരിഹാരം കാണാനാവൂ എന്ന് പ്രദേശവാസികളും ജനപ്രതിനിധികളും പറഞ്ഞു.കുന്നിടിച്ച് നിരപ്പാക്കിയാലേ കയറ്റം ഒഴിവാകൂ. ദുബൈക്കുന്ന് മുതല്‍ സോമില്‍ വരെ താൽക്കാലിക ഡിവൈഡര്‍ സ്ഥാപിക്കണം. റോഡിന്റെ മിനുസം കുറക്കാൻ നടപടി വേണം.മഴവെള്ളം റോഡില്‍ പരന്നൊഴുകുന്നത് ഒഴിവാക്കാന്‍ ഡ്രെയിനേജ് സ്ഥാപിക്കണം. റോഡിന് പാര്‍ശ്വഭിത്തിയും അരികില്‍ നടപ്പാതയും വേണം.
കരിമ്പ ഹയര്‍ സെക്കൻഡറി സ്കൂള്‍ ബസ് സ്റ്റോപ്പിന് സമീപം രാവിലെ ഒമ്പത് മുതല്‍ പത്ത് വരെയും വൈകീട്ട് നാല് മുതല്‍ അഞ്ച് വരെയും പൊലീസിനെ നിയോഗിക്കണം. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അടിയന്തര ധനസഹായം അനുവദിക്കണം. – നിരവധി ആവശ്യങ്ങളുയര്‍ന്നു.