Saturday, December 28, 2024
Homeകേരളംനൃത്തം തടഞ്ഞു, ആർഎസ്എസ് നേതാവിനെ ലഹരിസംഘം കുത്തിവീഴ്ത്തി; മൂന്ന് പേർ അറസ്റ്റിൽ.

നൃത്തം തടഞ്ഞു, ആർഎസ്എസ് നേതാവിനെ ലഹരിസംഘം കുത്തിവീഴ്ത്തി; മൂന്ന് പേർ അറസ്റ്റിൽ.

തിരുവനന്തപുരം : കാട്ടാക്കട കീഴാറൂരിൽ ആർഎസ്എസ് നേതാവിനെ കുത്തിപ്പരിക്കേൽപ്പിച്ച സംഭവത്തിൽ ലഹരിസംഘത്തിലുൾപ്പെട്ട മൂന്നുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. ആർഎസ്എസ് പ്ലാവൂർ മണ്ഡലം കാര്യവാഹക് തലയ്ക്കോണം വെട്ടുവിള പുത്തൻവീട്ടിൽ വിഷ്ണുവിനെയാണ് (25) സംഘം ആക്രമിച്ചത്. ഉത്സവ പരിപാടിക്കിടെ നൃത്തം വിലക്കിയതിന്റെ വൈരാഗ്യത്തിലായിരുന്നു ആക്രമണം.
അമ്പലത്തിൻകാല ലെനിൻ ജം​ഗ്ഷൻ കുന്നുവിള സുരേഷ് ഭവനിൽ നിവിൻ എസ് സാബു (29), കാട്ടാക്കട അമ്പലത്തിൻകാല തോട്ടരികത്ത് വീട്ടിൽ കിരൺകുമാർ (22), അമ്പലത്തിൻകാല സുജിത് ഭവനിൽ വിശാഖ് (32) എന്നിവരെയാണ് കാട്ടാക്കട പൊലീസ് അറസ്റ്റ് ചെയ്തത്.

പ്രതികളെ കാട്ടാക്കട കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ചൊവ്വാഴ്ച രാത്രിയാണ് സംഭവം. കീഴാറൂർ കാഞ്ഞിരംവിള ശക്തിവിനായക ക്ഷേത്ര ഘോഷയാത്രയ്ക്ക് അമ്പലത്തിൻകാലയിൽ നൽകിയ വരവേൽപ്പിന് ശേഷം ബൈക്കിൽ വീട്ടിലേക്ക് മടങ്ങുകയായിരുന്ന വിഷ്ണുവിനെ അമ്പലത്തിൻകാല ക്ഷേത്രത്തിന് മുന്നിൽ വെച്ച് പ്രതികൾ ബൈക്ക് തടഞ്ഞു നിർത്തി മർദിക്കുകയും തറയോടിന്റെ കഷണം കൊണ്ട് കുത്തുകയുമായിരുന്നു. നെറ്റിയിലും, മുതുകിലും കുത്തേറ്റ വിഷ്ണു കാട്ടാക്കടയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.

കുരുതംകോട് ദേവീക്ഷേത്രത്തിലെ ഉത്സവവുമായി ബന്ധപ്പെട്ട് കഴിഞ്ഞയാഴ്ച തലയ്‌ക്കോണത്ത് നടന്ന ഗാനമേളയ്‌ക്കിടെ ഒരു സംഘം നൃത്തം ചെയ്തതുമായി ബന്ധപ്പെട്ട് സംഘർഷമുണ്ടായിരുന്നു. ഇതിന്റെ തുടർച്ചയായാണ് വിഷ്ണുവിന് നേരേ ആക്രമണം ഉണ്ടായതെന്നാണ് പൊലീസ് പറയുന്നത്. സംഭവത്തിൽ അറസ്റ്റിലായ നിവിൻ ലഹരി മരുന്ന് കൈവശം വെച്ച കേസിൽ പ്രതിയാണ്. അക്രമിസംഘത്തിൽ ഉൾപ്പെട്ടവരെല്ലാം പ്രദേശത്തെ ലഹരിസംഘത്തിൽ ഉൾപ്പെട്ടവരാണെന്നും പൊലീസ് പറയുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments