കൊല്ലം : കുന്നത്തൂരിൽ സ്കൂളിലെ കിണറ്റിൽ വീണ് വിദ്യാർത്ഥിക്ക് പരുക്കേറ്റ സംഭവത്തിൽ വിദ്യാഭ്യാസ വകുപ്പിന്റെ ഇടപെടൽ. സ്കൂളിൽ എ ഇ ഒ പരിശോധന നടത്തി.വിദ്യാഭ്യാസ വകുപ്പിന്റെ ഉദ്യോഗസ്ഥരടക്കം സ്കൂളിൽ സന്ദർശനം നടത്തുകയും കിണറിന്റെ മൂടി പകുതിയും ദ്രവിച്ചിരുന്നതായി കണ്ടെത്തുകയും ചെയ്തു.
വിശദമായ അന്വേഷണം നടത്താനാണ് വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം. എന്താണ് സംഭവിച്ചതെന്ന കാര്യത്തിൽ കൃത്യമായ റിപ്പോർട്ട് തയ്യാറാക്കി ഡിഒയ്ക്കും,ഡിഡിഇയ്ക്കും വകുപ്പ് കൈമാറിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലായിരിക്കും നടപടിയുണ്ടാകുക.കൂട്ടുകാർക്കൊപ്പം കളിച്ചുകൊണ്ടിരിക്കെ കാൽ വഴുതിയായിരുന്നു വിദ്യാർത്ഥി കിണറ്റിലേക്ക് വീണത് എന്നാണ് സ്കൂൾ അധികൃതർ ആദ്യം വ്യക്തമാക്കിയതെങ്കിലും പിന്നീട് രക്ഷിതാക്കൾക്ക് നൽകിയ വിശദീകരണം കളിക്കുന്നതിനിടെ മറ്റൊരു കുട്ടി തള്ളിയിട്ടുവെന്നാണ്.
തുരുത്തിക്കര എംടിയുപി സ്കൂളിലെ ആറാം ക്ലാസ് വിദ്യാർത്ഥി ഫെബിനാണ് കിണറ്റിൽ വീണത്. പിന്നീട് സ്കൂൾ ജീവനക്കാരനാണ് കുട്ടിയെ രക്ഷപ്പെടുത്തിയത്. തലയുടെ പിൻഭാഗത്ത് ആഴത്തിലുള്ള മുറിവേൽക്കുകയും ശരീരത്തിലുൾപ്പടെ കുട്ടിക്ക് പരുക്കേൽക്കുകയും ചെയ്തിട്ടുണ്ട്.ആദ്യം സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും തലയിലെ മുറിവ് ഗുരുതരമായതിനാൽ വിദ്യാർത്ഥിയെ ഇപ്പോൾ കൊല്ലത്തെ മെഡിസിറ്റി ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.