മഞ്ചേരി : പട്ടികജാതിക്കാരിയായ വീട്ടമ്മയെ മർദിച്ച് മാനഹാനി വരുത്തിയെന്ന കേസിൽ പ്രതിക്ക് വിവിധ വകുപ്പുകളിലായി 23 വർഷവും ഒരു മാസവും തടവും 15,500 രൂപ പിഴയും ശിക്ഷ.തിരൂർ തലക്കടത്തൂർ പി.എച്ച്. റോഡിൽ പന്ത്രോളി രാജേന്ദ്രപ്രസാദിനെയാണ് (30) മഞ്ചേരി എസ്.സി.എസ്.ടി. സ്പെഷ്യൽ കോടതി ജഡ്ജി എം.സി. ജയരാജ് ശിക്ഷിച്ചത്.
2019 സെപ്റ്റംബർ 25-ന് തലക്കടത്തൂരിലായിരുന്നു കേസിനാസ്പദമായ സംഭവം. വീട്ടമ്മ സ്വന്തം വീട്ടുമുറ്റത്തേക്കു തുപ്പിയത് തന്നെ അപമാനിക്കാനാണെന്ന് ആരോപിച്ച് വീട്ടിലേക്ക് അതിക്രമിച്ചുകയറിയ പ്രതി, പരാതിക്കാരിയെ മർദിക്കുകയും അസഭ്യംപറയുകയും വസ്ത്രം വലിച്ചുകീറുകയും ചെയ്തെന്നാണ് പ്രോസിക്യൂഷൻ കേസ്.
തിരൂർ ഡിവൈ.എസ്.പി. കെ.എ. സുരേഷ് ബാബുവാണ് കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷനു വേണ്ടി ഹാജരായ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ 17 സാക്ഷികളെ കോടതി മുൻപാകെ വിസ്തരിച്ചു.
14 രേഖകളും ഹാജരാക്കി. പ്രതിയെ ശിക്ഷ അനുഭവിക്കുന്നതിനായി തവനൂർ സെൻട്രൽ ജയിലിലേക്കയച്ചു.