വടക്കഞ്ചേരി: ഇസാമും, റോഷനും വാഹനാപകടത്തിൽ മരിച്ച വാർത്ത പന്തലാംപാടം മേരി മാതാ ഹൈസ്കൂൾ വിദ്യാർഥികളും അധ്യാപകരും ഞെട്ടലോടെയാണ് കേട്ടത്.പത്താം ക്ലാസ് വിദ്യാർഥികളായ മുഹമ്മദ് ഇസാമിന്റെയും മുഹമ്മദ് റോഷന്റെയും അപകടമരണം സഹപാഠികളെ അതീവ ദുഃഖത്തിലാക്കി. ചെറുപ്പം മുതൽ ഒരേ ക്ലാസിൽ പഠിച്ച സുഹൃത്തുക്കളായ ഇരുവരുടെയും അപ്രതീക്ഷിത അന്ത്യം ഒന്നിച്ചായത് വടക്കഞ്ചേരി നായർ കുന്നിനെയും അഞ്ചുമൂർത്തി മംഗലത്തെയും അയൽക്കാർ ഞെട്ടലോടെയാണ് കേട്ടത്.ഒരുമിച്ച് സ്കൂളിൽ വരുന്ന ഇരുവരും വെള്ളിയാഴ്ച ഉച്ചക്ക് ഒരുമിച്ചാണ് ജുമുഅക്ക് പോയത്.
ഇരുവരും സ്കൂളിലെ മികച്ച വിദ്യാർഥികളും പരീക്ഷകളിൽ ഉയർന്ന മാർക്ക് നേടുന്നവരും ആയിരുന്നു.ജന്മദിനത്തിൽ മുഹമ്മദ് റോഷന് ഉണ്ടായ ദാരുണാന്ത്യം സഹോദരന്റെ ജന്മദിനം ആഘോഷിക്കാൻ കാത്തിരുന്ന റഹീമതസ്നി, റഹ്ന നസ്റിൻ എന്നിവർക്കും മാതാവ് റംലത്ത്, പിതാവ് അഷറഫലി എന്നിവർക്കും സഹിക്കാൻ കഴിയാത്തതായിരുന്നു.
വൈകീട്ട് ജന്മദിനത്തിൽ സഹോദരന് സർപ്രൈസ് നൽകാൻ കാത്തിരുന്നവർക്ക് കിട്ടിയത് ജീവിതത്തിൽ മറക്കാൻ പറ്റാത്ത ദുരന്തമായത് ആ കുടുംബത്തിനോടൊപ്പം ചോഴിയക്കോട് പ്രദേശവാസികളെയും ദുഃഖതരാക്കി.ഇരു കുടുംബങ്ങളുടെയും പ്രതീക്ഷകൾ കൂടിയാണ് ഈ അപകടത്തോടെ പൊലിഞ്ഞത്.വടക്കഞ്ചേരി-മണ്ണുത്തി ആറു വരിപ്പാത മരണപാതയാവുന്നു. സർവിസ് റോഡും നടപ്പാതയും സിഗ്നൽ സംവിധാനങ്ങളും ഇല്ലാത്തതുമൂലമാണ് രണ്ട് കുട്ടികളുടെ ജീവൻ നഷ്ടപ്പെടുവാൻ കാരണമെന്ന് നാട്ടുകാർ.
രണ്ടാഴ്ചക്കകം ദേശീയ പാതയിൽ അഞ്ചുകിലോമീറ്ററിനുള്ളിൽ നാലാമത്തെ മരണങ്ങളാണ് ഇന്നലെ നടന്നത്. കാൽനടയാത്രക്കാർക്ക് നടക്കാനായി പ്രത്യേക നടപ്പാതയില്ല. പ്രദേശത്ത് സർവിസ് റോഡ് ഇല്ലാത്തതും അമിതവേഗത്തിൽ വരുന്ന വാഹനങ്ങൾ നിയന്ത്രണം വിട്ട് കാൽനട യാത്രക്കാരെ ഇടിക്കുന്നതും മറ്റൊരു കാരണമായി ചൂണ്ടിക്കാണിക്കുന്നത്.
ഏറ്റവും കൂടിയ ടോൾ ഈടാക്കുന്ന വടക്കഞ്ചേരി-മണ്ണുത്തി ആറുവരിപാതയിൽ അപകടങ്ങൾ വർധിക്കാൻ കാരണം നിർമാണ അപാകതയാണെന്നാണ് പ്രദേശവാസികൾ ചൂണ്ടിക്കാട്ടുന്നത്.കാൽനടയാത്രക്കാരെയും ചെറു വാഹനങ്ങളെയും ഒഴിവാക്കിയുള്ള റോഡ് നിർമാണമാണ്. കൂടാതെ ഈ റോഡിൽ മിക്കയിടത്തും സർവിസ് റോഡോ ദീർഘദൂര വാഹനങ്ങൾ നിർത്തിയിട്ട് ഡ്രൈവർമാർക്ക് വിശ്രമിക്കാനുള്ള സൗകര്യമോ ഒരുക്കിയിട്ടില്ല. തെരുവു വിളക്കുകൾ ഇല്ലാത്ത ദേശീയപാതയോരത്ത് വാഹനങ്ങളിൽ തട്ടി അപകടങ്ങളും പതിവാണ്.
നിർമാണ അപാകതമൂലം പന്നിയങ്കര, ചുവട്ടുപാടം, പന്തലാംപാടം, വാണിയമ്പാറ, കൊമ്പഴ, ശങ്കരൻ കണ്ണൻ തോട് എന്നിവിടങ്ങളിലും റോഡപകടങ്ങൾ പതിവാണ്.നിരവധി കുഴികളാണ് ദേശീയപാതയിലുടനീളം . കുഴിയടച്ചാലും അധികം വൈകാതെ വീണ്ടും കുഴിയാവുകയാണ്.വടക്കഞ്ചേരി-മണ്ണുത്തി ആറുവരി ദേശീയപാതയിലെ അശാസ്ത്രീയമായ നിർമാണം മൂലമുള്ള ദുരിതങ്ങൾ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് വടക്കഞ്ചേരി ജനകീയ വേദിയുടേ നേതൃത്വത്തിൽ സംയുക്ത സമരസമിതി സമരത്തിന് തയാറെടുക്കുകയാനെന്ന് ഭാരവാഹികൾ അറിയിച്ചു.വടക്കഞ്ചേരി മുതൽ വാണിയംപാറവരെയുള്ള സർവിസ് റോഡ് എത്രയും പെട്ടെന്ന് പൂർത്തിയാക്കണമെന്നും അപകടകൾക്ക് കാരണമാവുന്ന നിർമാണങ്ങൾ പുനർനിർമാണം നടത്തി പരിഹാരം കാണണമെന്നും ജനങ്ങളുടെ ആവശ്യം.