തിരുവനന്തപുരം: എഡിജിപി എം.ആർ അജിത്കുമാർ ആർഎസ്എസ് നേതാക്കളുമായി നടത്തിയ കൂടിക്കാഴ്ച സർവീസ് ചട്ട ലംഘനമെന്ന് ഡിജിപിയുടെ റിപ്പോർട്ട്. സന്ദർശനലക്ഷ്യം എന്താണെന്ന് ഇതുവരെ സ്ഥിരീകരിക്കാനായിട്ടില്ലെന്ന് റിപ്പോർട്ടിൽ പറയുന്നു. രാഷ്ട്രപതിയുടെ പോലീസ് മെഡലിനുവേണ്ടി കണ്ടതാവാം എന്നാണ് സാധ്യത.
എന്നാൽ ഇതിനുള്ള തെളിവ് ലഭിച്ചിട്ടില്ല. ഡിജിപി റിപ്പോർട്ടിൽ മുഖ്യമന്ത്രി പുറത്ത് വിട്ട രേഖ. ഷാജൻ സ്‌കറിയയിൽ നിന്ന് കൈക്കൂലി വാങ്ങിയെന്ന ആരോപണം ഡിജിപി തള്ളി. അൻവർ ഉന്നയിച്ച ആരോപണങ്ങൾക്ക് തെളിവില്ലെന്ന് അന്വേഷണ സംഘം പറഞ്ഞു. വിജിലൻസ് അന്വേഷണം നടക്കുകയാണെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.
RSS കൂടിക്കാഴ്ചയിൽ കൂടുതൽ അന്വേഷണം വേണ്ടെന്നും സംസ്ഥാന പോലീസ് മേധാവി പറയുന്നു. ‘പി.വി അൻവർ എംഎൽഎ ഉന്നയിച്ച പല ആരോപണങ്ങൾക്കും തെളിവുകളില്ല. അദ്ദേഹത്തിന് കേട്ടുകേൾവികൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ. നവ കേരള സദസുമായി ബന്ധപ്പെട്ട് അരീക്കോട് 11 കേസുകൾ രജിസ്റ്റർ ചെയ്തു എന്ന അൻവറിന്റെ ആരോപണം തെറ്റാണ്. രണ്ട് കേസുകൾ മാത്രമാണ് അരീക്കോട് രജിസ്റ്റർ ചെയ്തിട്ടുള്ളതെ’ന്നും റിപ്പോർട്ടിൽ പറയുന്നു.