2014 മുതല്‍ സിദ്ദിഖ് തന്നെ ഫോണില്‍ ബന്ധപ്പെട്ടിരുന്നെന്ന പരാതിക്കാരിയായ നടിയുടെ ആരോപണം നിഷേധിച്ച് നടന്‍ സിദ്ദിഖ്. നടിയെ ഇതുവരെ ഫോണില്‍ വിളിച്ചിട്ടില്ലെന്നാണ് സിദ്ദിഖിന്റെ വാദം. 2014 മുതല്‍ 2017 വരെ ഉപയോഗിച്ചിരുന്ന ഫോണ്‍ തന്റെ കൈവശമില്ലെന്നും അതിനാലാണ് ഡിജിറ്റല്‍ തെളിവുകള്‍ ഹാജരാക്കാന്‍ സാധിക്കാത്തതെന്നും സിദ്ദിഖ് പറഞ്ഞു. നടിയുടെ ബലാത്സംഗ പരാതിയില്‍ സിദ്ദിഖിനെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യാന്‍ അന്വേഷണസംഘം നീക്കം നടത്തുന്നതിനിടെയാണ് സിദ്ദിഖിന്റെ പ്രതികരണം.
സിദ്ദിഖ് അന്വേഷണത്തോട് സഹകരിക്കാത്തതിനാല്‍ ഇനി കോടതി വഴി നീങ്ങാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. സിദ്ദിഖ് ഡിജിറ്റല്‍ തെളിവുകള്‍ കൈമാറിയില്ലെന്നും ചില ബാങ്ക് രേഖകള്‍ മാത്രമാണ് കൈമാറിയതെന്നുമാണ് അന്വേഷസംഘം പറയുന്നത്. ഈ തെളിവുകള്‍ അന്വേഷണത്തില്‍ അത്ര നിര്‍ണായകവുമല്ല. ഒന്നോ രണ്ടോ വരിയില്‍ മാത്രമാണ് സിദ്ദിഖ് മറുപടി പറയുന്നത്. ഇങ്ങനെ ചോദ്യം ചോദിച്ചിട്ട് കാര്യമില്ലെന്നാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ നിലപാട്.ഡിജിറ്റല്‍ തെളിവുകള്‍ ഇന്നും സിദ്ദിഖ് ഹാജരാക്കിയില്ല. ഒന്നര മണിക്കൂര്‍ മാത്രമാണ് സിദ്ദിഖിനെ ഇന്ന് ചോദ്യം ചെയ്തത്. ശേഷം സിദ്ദിഖിനെ വിട്ടയയ്ക്കുകയായിരുന്നു. സിദ്ദിഖിനെ ഇനി ചോദ്യം ചെയ്യുന്നില്ലെന്നും ഇനി കോടതിയില്‍ കാണാമെന്നുമാണ് പൊലീസിന്റെ നിലപാട്.
സിദ്ദിഖ് അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് സുപ്രിംകോടതിയെ അറിയിക്കാനാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ നീക്കം. സിദ്ദിഖ് നേരത്തെ പറഞ്ഞിരുന്ന ഫോണ്‍, വാട്‌സാപ്പ് ചാറ്റുകള്‍ തുടങ്ങിയ ഇലക്ട്രോണിക്ക് തെളിവുകള്‍ ഇന്നും ഹാജരാക്കിയില്ലെന്ന് അന്വേഷണസംഘം പറയുന്നു. തിരുവനന്തപുരം കന്റോണ്‍മെന്റ് പൊലീസ് സ്റ്റേഷനിലാണ് ചോദ്യം ചെയ്യല്‍ നടന്നത്.