പാറമേക്കാവ് ക്ഷേത്രത്തിലെ അഗ്രശാല തീപിടുത്തം ഉണ്ടായ സംഭവത്തിൽ പോലീസിനെതിരെ പാറമേക്കാവ് ദേവസ്വം. യഥാർത്ഥ വസ്തുതകൾക്കും സംഭവങ്ങൾക്കും വിരുദ്ധമാണ് പോലീസ് എഫ്ഐആറെന്ന് പാറമേക്കാവ് ദേവസ്വം ആരോപിച്ചു. ആസൂത്രിതമായി കേസിന്റെ ദിശ തിരിച്ചുവിടാൻ ശ്രമം ഉണ്ടായോ എന്നാണ് സംശയമെന്ന് പാറമേക്കാവ് ദേവസ്വം പറയുന്നു.
ഫോറൻസിക്കിന് പുറമേ എക്സ്പ്ലോസീവ് വിഭാഗവും പരിശോധന നടത്തണമെന്ന് പാറമേക്കാവ് ദേവസ്വം ആവശ്യപ്പെട്ടു.
90 ശതമാനം പാള പ്ലേറ്റുകൾക്കും ഒന്നും സംഭവിച്ചില്ലെന്നും വിളക്കുകൾക്കും ഒന്നും സംഭവിച്ചിട്ടില്ലെന്നും പാറമേക്കാവ് ദേവസ്വം വ്യക്തമാക്കി. എന്നാൽ പാള പ്ലേറ്റുകൾ കത്തിച്ചു എന്നാണ് എഫ് ഐ ആർ. തൃശ്ശൂർ പൂരം അട്ടിമറിയുമായി ബന്ധപ്പെട്ടുകൊണ്ട് ലോകം മുഴുവൻ ചർച്ചകൾ നടക്കുകയാണ്. അതിന്റെ പശ്ചാത്തലത്തിൽ പാറമേക്കാവ് ക്ഷേത്രത്തിലുണ്ടായ സംഭവത്തെ ഗൗരവമായി കാണുന്നുവെന്ന് പാറമേക്കാവ് ദേവസ്വം പറഞ്ഞു.
പൂര വിവാദവുമായി ഇതിന് ബന്ധമുണ്ടോ എന്നത് അന്വേഷണത്തിലെ മനസ്സിലാകൂവെന്ന് പാറമേക്കാവ് ദേവസ്വം കൂട്ടിച്ചേർത്തു. പൂരം വിവാദവുമായി ഇതിന് ബന്ധമുണ്ടെന്ന് സംശയമുണ്ട്. ഷോട്ട് സർക്യൂട്ടിന് ഒരു സാധ്യതയുമില്ല. തീപിടുത്തം ക്രൈംബ്രാഞ്ച് അന്വേഷിക്കണമെന്ന് പാറമേക്കാവ് ദേവസ്വം അധികൃതർ ആവശ്യപ്പെട്ടു.അഗ്രശാലയുടെ മുകളിലത്തെ നിലയിലാണ് തീപിടുത്തമുണ്ടായത്.
കഴിഞ്ഞ ഞായറാഴ്ചയാണ് പാറമേക്കാവ് ക്ഷേത്രത്തിലെ അഗ്രശാലയിൽ തീപിടിത്തം ഉണ്ടായത്. മൂന്ന് യൂണീറ്റ് ഫയർഫോഴ്സ് സ്ഥലത്തെത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്. നവരാത്രി ആഘോഷങ്ങൾ നടന്ന മുകളിലത്തെ നിലയിലാണ് തീപിടിച്ചത്. നൂറിലധികം പേർ താഴത്തെ നിലയിൽ നിൽക്കുമ്പോൾ ആയിരുന്നു തീപിടുത്തം ഉണ്ടായത്.