Monday, January 6, 2025
Homeകേരളംഷവർമ വ്യാപാര സ്ഥാപനങ്ങളില്‍ സംസ്ഥാന വ്യാപക പരിശോധന; 54 സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം തടഞ്ഞു.

ഷവർമ വ്യാപാര സ്ഥാപനങ്ങളില്‍ സംസ്ഥാന വ്യാപക പരിശോധന; 54 സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം തടഞ്ഞു.

തിരുവനന്തപുരം: ഷവർമ വ്യാപാര സ്ഥാപനങ്ങളില്‍ സംസ്ഥാന വ്യാപക പരിശോധന. 43 സ്‌ക്വാഡുകളുടെ നേതൃത്വത്തില്‍ 502 വ്യാപാര കേന്ദ്രങ്ങളിലായിരുന്നു പരിശോധന. കൃത്യമായ മാനദണ്ഡങ്ങള്‍ പാലിക്കാതെ പ്രവര്‍ത്തനം നടത്തിയ 54 സ്ഥാപനങ്ങളിലെ ഷവർമ നിര്‍മ്മാണവും വില്‍പനയും തടഞ്ഞതായി ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചു.

88 സ്ഥാപനങ്ങള്‍ക്ക് കോമ്പൗണ്ടിങ് നോട്ടിസും 61 സ്ഥാപനങ്ങള്‍ക്ക് റെക്ടിഫിക്കേഷന്‍ നോട്ടിസും നല്‍കി. ഇതുകൂടാതെ വേനല്‍ക്കാലം മുന്‍നിര്‍ത്തി പ്രത്യേക പരിശോധനകളും നടന്നു വരുന്നതായും മന്ത്രി വ്യക്തമാക്കി.

വൃത്തിഹീനമായ അന്തരീക്ഷത്തില്‍ ഷവർമ നിര്‍മ്മാണം നടക്കുന്നുവെന്ന പരാതിയെ തുടര്‍ന്നായിരുന്നു പരിശോധന. ഷവർമ നിര്‍മ്മാണവും വില്‍പനയും നടത്തുന്ന സ്ഥാപനങ്ങള്‍ ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കേണ്ടതാണെന്ന് മന്ത്രി അറിയിച്ചു.

ഭക്ഷ്യ സുരക്ഷാ കമ്മിഷണര്‍ ജാഫര്‍ മാലിക്കിന്റെ നേതൃത്വത്തിൽ ഭക്ഷ്യ സുരക്ഷാ ജോയിന്റ് കമ്മിഷണര്‍ തോമസ് ജേക്കബ്, ഡപ്യൂട്ടി കമ്മിഷണര്‍മാരായ എസ്.അജി, ജി.രഘുനാഥ കുറുപ്പ്, വി.കെ. പ്രദീപ് കുമാര്‍ എന്നിവര്‍ പരിശോധനകള്‍ക്കു നേതൃത്വം നല്‍കി.

ഷവര്‍മ നിര്‍മ്മിക്കുന്നവര്‍ ശാസ്ത്രീയമായ ഷവര്‍മ പാചക രീതിയെക്കുറിച്ച് അറിഞ്ഞിരിക്കേണ്ടതും വകുപ്പിന്റെ ബോധവത്കരണ ക്ലാസുകളില്‍ പങ്കെടുത്ത് മാര്‍ഗ നിര്‍ദേശങ്ങള്‍ സ്വന്തം സ്ഥാപനങ്ങളില്‍ നടപ്പില്‍ വരുത്തേണ്ടതുമാണ്. പ്രാഥമികഘട്ട ഉൽപാദന സ്ഥലം മുതല്‍ ഉപയോഗിക്കുന്ന സ്റ്റാൻഡ്, മേശ എന്നിവ പൊടിയും അഴുക്കും പറ്റുന്ന രീതിയില്‍ തുറന്നു വയ്ക്കാതെ വൃത്തിയുള്ളതായിരിക്കണം. ഷവര്‍മ സ്റ്റാൻഡിൽ കോണില്‍ നിന്നുള്ള ഡ്രിപ് ശേഖരിക്കാനുള്ള ട്രേ സജ്ജീകരിക്കണം.

ഷവര്‍മ ഉൽപാദനത്തിന് ഉപയോഗിക്കുന്ന ഫ്രീസറുകള്‍ (-18°C), ചില്ലറുകള്‍ (4°C) വൃത്തിയുളളതും കൃത്യമായ ഊഷ്മാവില്‍ സൂക്ഷിക്കേണ്ടതുമാണ്. പെഡല്‍ ഓപ്പറേറ്റഡ് വേസ്റ്റ് ബിന്നുകള്‍ ഉപയോഗിക്കണം. കൃത്യമായ ഇടവേളകളില്‍ വേസ്റ്റ് മാറ്റണം. ഭക്ഷണം കൈകാര്യം ചെയ്യുന്നവര്‍ ഹെയര്‍ ക്യാപ്, കയ്യുറ, വൃത്തിയുള്ള ഏപ്രണ്‍ എന്നിവ ധരിച്ചിരിക്കണം.

ഷവര്‍മ നിര്‍മ്മാണത്തില്‍ ഏര്‍പ്പെടുന്നവര്‍ക്കും കൈകാര്യം ചെയ്യുന്നവര്‍ക്കും മെഡിക്കല്‍ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമായും ഉണ്ടായിരിക്കണം. 4 മണിക്കൂര്‍ നേരത്തെ തുടർച്ചയായ ഉൽപാദനത്തിനു ശേഷം കോണില്‍ ബാക്കി വരുന്ന ഇറച്ചി ഉപയോഗിക്കാന്‍ പാടുള്ളതല്ല.

ഷവര്‍മ പാര്‍സല്‍ നല്‍കുമ്പോള്‍ ഉണ്ടാക്കിയ തീയതി, സമയം, ഒരു മണിക്കൂറിനുള്ളില്‍ ഭക്ഷിക്കണം എന്നീ നിര്‍ദേശങ്ങള്‍ ഉള്‍പ്പെടുത്തിയ ലേബല്‍ ഒട്ടിച്ച ശേഷം മാത്രം ഉപഭോക്താവിനു നല്‍കുക. എല്ലാ ഹോട്ടലുകളും റസ്റ്ററന്റുകളും ഭക്ഷ്യസുരക്ഷാ അതോറിറ്റിയുടെ ഹൈജീന്‍ റേറ്റിങ് സ്വമേധയാ കരസ്ഥമാക്കണമെന്നും നിർദ്ദേശമുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസംസരണീയമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments