കാസർകോട്: സംസ്ഥാനത്ത് ബി.എസ്സി. നഴ്സിങ് കോഴ്സിന് പ്രവേശനം ലഭിക്കണമെങ്കിൽ നിസ്സാര മാർക്കൊന്നും പോരാ. നഴ്സിങ് പ്രവേശനത്തിനുള്ള ഇൻഡക്സ് മാർക്കിന്റെ കട്ട്ഓഫ് കഴിഞ്ഞവർഷങ്ങളിൽ കുതിച്ചുകയറി. ഇൻഡക്സ് മാർക്ക് 100 ശതമാനമുള്ളവർക്ക് മാത്രമാണ് 2022 മുതൽ ഗവ. നഴ്സിങ് കോളേജുകളിൽ പ്രവേശനം ലഭിക്കുന്നത്. സ്വാശ്രയ കോളേജുകളിലെ സർക്കാർസീറ്റുകളിലെ പ്രവേശനത്തിനുള്ള ഈ വർഷത്തെ കട്ട്ഓഫ് മാർക്ക് 98 ശതമാനമാണ്. മാനേജ്മെന്റ് ക്വാട്ടയിൽ ഇത് 95-96 ശതമാനവും.
പന്ത്രണ്ടാംക്ലാസിൽ ലഭിച്ച മാർക്കിന്റെ അടിസ്ഥാനത്തിൽ കേന്ദ്രീകൃത അലോട്മെന്റ് വഴിയാണ് പ്രവേശനം. സർക്കാർ കോളേജുകളിലേക്കും സ്വാശ്രയ കോളേജുകളിലെ സർക്കാർ സീറ്റുകളിലേക്കും പ്രവേശനം നടത്തുന്ന എൽ.ബി.എസ്. സെന്റർ പന്ത്രണ്ടാംക്ലാസിൽ ബയോളജി, ഫിസിക്സ്, കെമിസ്ട്രി വിഷയങ്ങൾക്ക് ലഭിച്ച മാർക്കിന്റെ അടിസ്ഥാനത്തിലാണ് ഇൻഡക്സ് മാർക്ക് കണക്കാക്കി റാങ്കുപട്ടിക തയ്യാറാക്കുന്നത്.
മാനേജ്മെന്റ് സീറ്റിലേക്ക് അസോസിയേഷൻ ഓഫ് ദി മാനേജ്മെന്റ്സ് ഓഫ് ക്രിസ്ത്യൻ സെൽഫ് ഫിനാൻസിങ് നഴ്സിങ് കോളേജ്സ് ഓഫ് കേരളയും(എ.എം.സി.എസ്.എഫ്.എൻ.സി.കെ.) ഈ രീതിയിലാണ് ഇൻഡക്സ് മാർക്ക് കണക്കാക്കുന്നത്.
മറ്റ് സ്വാശ്രയ കോളേജുകളുടെ കൂട്ടായ്മയായ പ്രൈവറ്റ് നഴ്സിങ് കോളേജ് മാനേജ്മെന്റ് അസോസിയേഷൻ ഓഫ് കേരള(പി.എൻ.സി.എം.എ.കെ.) ഇതോടൊപ്പം ഇംഗ്ലീഷിന് ലഭിച്ച മാർക്കുകൂടി പരിഗണിക്കുന്നുണ്ട്. സഹകരണ സ്വാശ്രയ കോളേജുകളും ചില സ്വകാര്യ സ്വാശ്രയ കോളേജുകളും മാനേജ്മെന്റ് സീറ്റിലേക്ക് സർക്കാർ നിർദേശത്തിന് വിരുദ്ധമായി സ്വന്തംനിലയിൽ റാങ്കുപട്ടിക തയ്യാറാക്കിയും പ്രവേശനം നടത്തുന്നുണ്ട്.
കോവിഡിനുമുൻപ് ഇൻഡക്സ് മാർക്ക് 92 ശതമാനമുള്ളവർക്കുവരെ എൽ.ബി.എസ്. അലോട്മെന്റ് പ്രകാരം സർക്കാർ സീറ്റിൽ പ്രവേശനം ലഭിച്ചിരുന്നു. അതാണിപ്പോൾ 98-ൽ എത്തിയത്. മാനേജ്മെന്റ് സീറ്റുകളിൽ ഇത് 85-88 ശതമാനമായിരുന്നതാണ് 95-96 ശതമാനത്തിലേക്കും എത്തി.