തിരുവനന്തപുരം: പത്മജക്ക് പിന്നാലെ കോൺഗ്രസ് ബന്ധം അവസാനിപ്പിച്ച് കേരള സ്പോർട്സ് കൗൺസിൽ മുൻ അധ്യക്ഷ പദ്മിനി തോമസ് ബിജെപിയിൽ ചേരാനൊരുങ്ങുന്നു. ഇന്ന് ബി.ജെ.പിയിൽ മെമ്പർഷിപ്പ് എടുക്കുമെന്ന് പദ്മിനി തോമസ് പറഞ്ഞു.കോൺഗ്രസ് വിടുന്നതിനുള്ള കാരണം വാർത്താ സമ്മേളനത്തിൽ പറയാമെന്ന് പദ്മിനി തോമസ് വിശദീകരിച്ചു.
ഏഷ്യൻ ഗെയിംസ് മെഡൽ ജേത്രിയായിരുന്ന കെ.പി.സി.സി കായിക വേദിയുടെ സംസ്ഥാന പ്രസിഡന്റായി പ്രവർത്തിച്ചിട്ടുണ്ട്.മുൻ മുഖ്യമന്ത്രിമാരും കോൺഗ്രസ് നേതാക്കളുമായ കെ.കരുണാകരൻ, ഉമ്മൻ ചാണ്ടി എന്നിവരടക്കമുള്ളവരുമായി അടുത്ത ബന്ധമുണ്ടായിരുന്നു പദ്മിനിക്ക്.
കെ.കരുണാകരന്റെ മകളും കോൺഗ്രസ് നേതാവുമായ പത്മജ വേണുഗോപാൽ ബി.ജെ.പിയിൽ ചേർന്നതിന് പിന്നാലെ തിരുവനന്തപുരത്ത് നിന്ന് പ്രമുഖരായ കോൺഗ്രസ് നേതാക്കൾ ബി ജെ പിയിലെത്തുമെന്ന് സംസ്ഥാന പ്രസിഡണ്ട് കെ. സുരേന്ദൻ പറഞ്ഞിരുന്നു.
1982 ലെ ഏഷ്യൻ ഗെയിംസിൽ 400 മീറ്ററിൽ വെങ്കലവും 4 x 400 മീറ്റർ റിലേയിൽ വെള്ളിയും നേടി. എൻഐഎസ് ഡിപ്ലോമ നേടി റെയിൽവേ ടീമിന്റെ പരിശീലകയായിരുന്നു. അർജുന അവാർഡും ജി.വി.രാജ അവാർഡും ലഭിച്ചിട്ടുണ്ട്. കേരള സ്പോർട്സ് കൗൺസിൽ പ്രസിഡന്റായിരിക്കെ 2015ൽ ദേശീയ ഗെയിംസ് കേരളത്തിൽ സംഘടിപ്പിച്ചു.