Friday, September 27, 2024
Homeകേരളംഷിരൂർ ദൗത്യം :കർണാടക സർക്കാരിനു നന്ദി അറിയിച്ച് കെപിസിസി പ്രസിഡന്റ് കെ.സുധാകാരൻ്റെ എഫ് ബി പോസ്റ്റ്.

ഷിരൂർ ദൗത്യം :കർണാടക സർക്കാരിനു നന്ദി അറിയിച്ച് കെപിസിസി പ്രസിഡന്റ് കെ.സുധാകാരൻ്റെ എഫ് ബി പോസ്റ്റ്.

ഷിരൂർ ദൗത്യത്തിൽ കർണാടക സർക്കാരിന് നന്ദി പറഞ്ഞ് കെ സുധാകരൻ്റെ ഫേസ്ബുക്ക് പോസ്റ്റ്.
ഉപമുഖ്യമന്ത്രി ഡി.കെ.ശിവകുമാറിനും രാവുംപകലും സഹോദര സ്‌നേഹത്തോടെ കൂടെനിന്ന കാര്‍വാര്‍ എംഎല്‍എ സതീഷ് കൃഷ്ണ സെയിലിനും നന്ദി അറിയിക്കുന്നതായി സുധാരകൻ പറയുന്നു.

എഫ് ബി പോസ്റ്റിൻ്റെ പൂർണ രൂപം:

മണ്ണിടിച്ചിലില്‍ ഗംഗാവലിപ്പുഴയുടെ ആഴങ്ങളിലേക്ക് ആണ്ടുപോയ ലോറിയുടെ അവശേഷിപ്പുകള്‍ 71 ദിവസങ്ങൾക്ക് ശേഷം കണ്ടെത്തിയപ്പോഴേക്കും നമ്മുടെ മനസ്സിലെ നൊമ്പരപ്പെടുത്തുന്ന നോവായി അർജുൻ മാറിയിരിക്കുന്നു. ഒരു കുടുംബത്തിന്റെ ആശയും പ്രതീക്ഷയുമായിരുന്ന ചെറുപ്പക്കാരനെ കണ്ടെത്തുന്നതിനായി കേരളവും കര്‍ണ്ണാടകവും സമാനതകളില്ലാത്ത പ്രവർത്തനങ്ങളാണ് നടത്തിയത്.

നിശ്ചയദാര്‍ഢ്യത്തിന്റെയും സാമൂഹിക പ്രതിബദ്ധതയുടെയും അടയാളപ്പെടുത്തലും മാതൃകയുമാണ് ഷീരൂര്‍ ദൗത്യം. കേരളത്തിന്റെ വികാരം ഉള്‍ക്കൊണ്ട് കൂടെ നിന്ന കര്‍ണ്ണാടകയിലെ സിദ്ധരാമയ്യ സര്‍ക്കാരിനും തിരച്ചില്‍ ദൗത്യം ഏകോപിപ്പിച്ച ഉപമുഖ്യമന്ത്രി ഡി.കെ.ശിവകുമാറിനും രാവുംപകലും സഹോദര സ്‌നേഹത്തോടെ കൂടെനിന്ന കാര്‍വാര്‍ എംഎല്‍എ സതീഷ് കൃഷ്ണ സെയിലിനും ഉള്ള നന്ദി വാക്കുകളില്‍ കോറിയിടാവുന്നതല്ല.

ഒന്നിന് പിറകെ ഒന്നായി വിവിധ പ്രതിസന്ധികൾ ദൗത്യത്തിന് വെല്ലുവിളി ഉയര്‍ത്തിയപ്പോള്‍ ഏറ്റെടുത്ത ഉത്തരവാദിത്തം പാതിവഴിയില്‍ ഉപേക്ഷിച്ച് മടങ്ങാതെ സര്‍ക്കാര്‍ സംവിധാനങ്ങളില്‍ ഇടപെടല്‍ നടത്തിയ വാഹന ഉടമ മനാഫിന്റെ ഇച്ഛാശക്തിയേയും മാനുഷിക നന്മയേയും സ്മരിക്കാതിരിക്കാനാവില്ല. എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ എംപി , കോഴിക്കോട് എംപി എം.കെ.രാഘവൻ, മഞ്ചേശ്വരം എംഎൽഎ എകെഎം അഷ്റഫ് എന്നിവർ ഈ ദൗത്യത്തിന് വേണ്ടി നടത്തിയ മനുഷ്യത്വപരമായ ഇടപെടലുകള്‍ എടുത്തുപറയേണ്ടതാണ്.

മാധ്യമങ്ങളിലൂടെ അർജുന് ഉണ്ടായ ദുരന്തം പുറംലോകം അറിഞ്ഞത് മുതല്‍ ഇന്ന് ആ വാഹനത്തിന്റെ അവശേഷിപ്പുകൾ കണ്ടെത്തുന്നത് വരെ ഇവരെല്ലാവരും തുടര്‍ച്ചയായി കര്‍ണ്ണാടക സര്‍ക്കാരുമായി ആശയവിനിമയം നടത്തി വന്നിരുന്നു. നാവിക, പോലീസ്, ഫയര്‍ഫോഴ്‌സ് സേനകള്‍, ഈശ്വർ മാല്‍പെ ഉള്‍പ്പെടെയുള്ള മുങ്ങല്‍ വിദ്ഗ്ധര്‍, മാധ്യമങ്ങള്‍, സന്നദ്ധപ്രവര്‍ത്തകർ തുടങ്ങി തിരച്ചില്‍ ദൗത്യത്തില്‍ പങ്കാളികളായ ഓരോരുത്തരോടും മലയാളികൾ കടപ്പെട്ടിരിക്കുന്നു.

ഷീരൂരിലെ ആഴങ്ങളിലേക്ക് മറഞ്ഞുപോയ അർജുന്റെ ഓര്‍മ്മകള്‍ക്ക് മുന്നിൽ കണ്ണീർപ്രണാമം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments