കൊല്ലം: ഓയൂർ ഓട്ടുമലയിൽ നിന്ന് കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസിൽ തുടരന്വേഷണത്തിന് അനുമതി.
കൊല്ലം ജില്ലാ റൂറല്‍ ക്രൈംബ്രാഞ്ചിന്റെ അപേക്ഷയിൽ കൊല്ലം ജില്ലാ കോടതിയാണ് അനുമതി നല്‍കിയത്. തട്ടിക്കൊണ്ടുപോയ സംഘത്തില്‍ നാലാമതൊരാള്‍ കൂടി ഉണ്ടായിരുന്നുവെന്ന കുട്ടിയുടെ പിതാവിന്റെ സംഭാഷണം പുറത്തുവന്ന പശ്ചാത്തലത്തിലാണ് തുടരന്വേഷണം ആവശ്യപ്പെട്ടത്.
കേസില്‍ ചാത്തന്നൂര്‍ സ്വദേശി പദ്മകുമാര്‍, ഭാര്യ അനിതാകുമാരി, മകള്‍ അനുപമ എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തിട്ടുള്ളത്. ഇവരെ സഹായിക്കാന്‍ ഒരാള്‍ കൂടി ഉണ്ടായിരുന്നു എന്നൊരു ആരോപണം ആദ്യമേ തന്നെ ഉണ്ടായിരുന്നു.
ഇക്കാര്യം സ്ഥിരീകരിക്കാനാണ് പോലീസ് തുടരന്വേഷണത്തിലേക്ക് നീങ്ങുന്നത്.കുട്ടിയുടെ സഹോദരൻ നാലു പേരെ കണ്ടിരുന്നു എന്നു പറഞ്ഞുവെങ്കിലും അത് പോലീസ് അന്വേഷിച്ചില്ലെന്ന കുട്ടിയുടെ പിതാവിന്റെ സംഭാഷണമാണ് പുറത്തുവന്നത്.എന്നാൽ സംഘത്തിൽ മൂന്നു പേരെ ഉണ്ടായിരുന്നുള്ളൂ എന്നാണ് കുട്ടി മൊഴി നൽകിയത്. കുട്ടിയുടെ പിതാവ് പറഞ്ഞതിനെ സംബന്ധിച്ച് കൂടുതൽ അന്വേഷണം നടത്തുന്നതിനും ഏത് സാഹചര്യത്തിലാണ് കുട്ടിയുടെ പിതാവ് ഇത്തരത്തിൽ പ്രതികരിച്ചതെന്ന് അന്വേഷിക്കുന്നതിനുമാണ് അന്വേഷണ ഉദ്യോഗസ്ഥനായ കൊല്ലം റൂറൽ ജില്ല ക്രൈം ബ്രാഞ്ച് മേധാവി എം.എം ജോസ് കോടതിയിൽ അപേക്ഷ നൽകിയത്.
2023 നവംബർ 27-നാണ് മരുതമൺപള്ളി കാറ്റാടിയിലെ വീടിനു സമീപത്തുനിന്ന് പദ്മകുമാറും കുടുംബവും കുട്ടിയെ തട്ടിക്കൊണ്ടുപോയത്. രാത്രിതന്നെ മോചനദ്രവ്യം ആവശ്യപ്പെട്ട് കുട്ടിയുടെ അമ്മയുടെ ഫോണിൽ വിളിക്കുകയും ചെയ്തു. പിറ്റേന്ന് കുട്ടിയെ ആശ്രാമം മൈതാനത്ത് ഉപേക്ഷിച്ചു. ഡിസംബർ ഒന്നിനാണ് പ്രതികളെ തമിഴ്‌നാടിനടുത്ത് പുളിയറയിൽനിന്ന് അന്വേഷണസംഘം പിടികൂടിയത്.