തിരുവനന്തപുരം: ഓട്ടോറിക്ഷകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ടി.ടി.സി. വിദ്യാർഥിനി മരിച്ച സംഭവത്തിൽ അറസ്റ്റിലായ ഡ്രൈവർക്കെതിരെ മനഃപൂര്‍വമായ നരഹത്യക്ക് കേസെടുത്തു.വിഴിഞ്ഞം പോലീസാണ് കേസെടുത്തത്. കരിമ്പളളിക്കര സ്വദേശി ഷൈജുവിന് (30) എതിരെയാണ് ഭാരതീയ ന്യായ സംഹിത (ബി.എൻ.എസ്) പ്രകാരം കേസെടുത്തത്.
കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. എൽ.എക്‌സ്. ഫ്രാൻസിസ്‌ക (19) ആണ് അപകടത്തിൽ മരിച്ചത്. വ്യാഴാഴ്ച വൈകിട്ട് 4:15-ഓടെ വിഴിഞ്ഞം-മുക്കോല-ഉച്ചക്കട റോഡിൽ കിടാരക്കുഴിയിലായിരുന്നു അപകടം.
അപകടമുണ്ടാക്കിയശേഷം പരിക്കേറ്റവരെ ആശുപത്രിയിലെത്തിക്കുക പോലും ചെയ്യാതെ ഷൈജു ഓട്ടോറിക്ഷയുമായി രക്ഷപ്പെടുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.ഇയാളുടെ ഓട്ടോറിക്ഷയ്ക്ക് ഇൻഷുറൻസും ടാക്‌സും അടക്കമുളള രേഖകൾ ഇല്ലായിരുന്നെന്നും പരിശോധനയിൽ തെളിഞ്ഞിട്ടുണ്ട്.
അപകട സ്ഥലം മുതൽ വിഴിഞ്ഞം വരെയുളള 65-ലധികം സി.സി.ടി.വി. ദൃശ്യങ്ങൾ പരിശോധിച്ചാണ് ഇയാളുടെ ഓട്ടോറിക്ഷ കണ്ടെത്തിയതെന്ന് എസ്.എച്ച്.ഒ. ആർ.ജയപ്രകാശ് പറഞ്ഞു. എസ്.ഐമാരായ വിനോദ്, ബിനുകുമാർ, സി.പി.ഒ.മാരായ രാമു, സാബു, അരുൺ .പി. മണി എന്നിവരുൾപ്പെട്ട സംഘമാണ് ദൃശ്യങ്ങൾ പരിശോധിച്ച് ഓട്ടോറിക്ഷ കണ്ടെത്തിയതും പ്രതിയെ അറസ്റ്റ് ചെയ്തതും.