Saturday, September 21, 2024
Homeകേരളംഹേമ കമ്മിറ്റി റിപ്പോർട്ട്: പൂർണരൂപം സർക്കാർ ഹൈക്കോടതിക്ക് കൈമാറും, അപ്പീൽ നൽകില്ല.

ഹേമ കമ്മിറ്റി റിപ്പോർട്ട്: പൂർണരൂപം സർക്കാർ ഹൈക്കോടതിക്ക് കൈമാറും, അപ്പീൽ നൽകില്ല.

തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പൂർണരൂപം ഹൈക്കോടതിക്ക് കൈമാറി സർക്കാർ കൈകഴുകും. റിപ്പോർട്ട് നൽകണമെന്ന ഉത്തരവിനെതിരേ അപ്പീൽ നൽകേണ്ടെന്നാണ് തീരുമാനം. റിപ്പോർട്ട് മുദ്രവെച്ച കവറിൽ കോടതിയിലെത്തിക്കാനുള്ള അവസാനതീയതി ഒൻപതാണ്. അതിനുമുൻപുതന്നെ നൽകാനുള്ള തയ്യാറെടുപ്പ് പൂർത്തിയായി. റിപ്പോർട്ട് പുറത്തുവന്നതിനുശേഷമുള്ള വെളിപ്പെടുത്തലുകളിൽ അന്വേഷണം പ്രഖ്യാപിച്ച സർക്കാർ, രജിസ്റ്റർചെയ്ത കേസുകളുടെ വിശദാംശങ്ങളും ഇതുവരെയെടുത്ത നടപടികളും കോടതിയെ അറിയിക്കും.

റിപ്പോർട്ടിന്റെ പുറത്തുവിടാത്ത ഭാഗങ്ങളും മൊഴിപ്പകർപ്പുകളും ആരോപണവിധേയരുടെ വിശദാംശങ്ങളുമുള്ള അനുബന്ധവും നൽകുന്നതിൽ നിയമോപദേശത്തിന് കഴിഞ്ഞ ദിവസം എ.ജി.യുമായി കൂടിയാലോചനനടത്തി. കമ്മിറ്റിയുടെ പരാമർശങ്ങളിൽ അന്വേഷണം ആവശ്യപ്പെട്ടുള്ള പൊതുതാത്പര്യ ഹർജിയിലാണ് റിപ്പോർട്ടിന്റെ പൂർണരൂപം ഹാജരാക്കാൻ സർക്കാരിനോട് കോടതി ആവശ്യപ്പെട്ടത്. ഒൻപതിന് കേസ് പരിഗണിക്കുന്ന കോടതി വനിതാകമ്മിഷനെയും സ്വമേധയാ കക്ഷിചേർത്തിട്ടുണ്ട്.താരങ്ങൾക്കെതിരേ വ്യക്തിപരമായ പരാമർശമുള്ളതിനാൽ റിപ്പോർട്ട് ഹാജരാക്കുന്നതിൽ സർക്കാരിന് തുടക്കത്തിൽ ആശയക്കുഴപ്പമുണ്ടായി.

ഇതോടെയാണ് അപ്പീൽ സാധ്യതയും ചർച്ചചെയ്തത്. വ്യക്തിപരമായ പരാമർശമുള്ള ഭാഗങ്ങൾ ഒഴിവാക്കി റിപ്പോർട്ട് പുറത്തുവിടാനാണ് വിവരാവകാശ കമ്മിഷണർ ഉത്തരവിട്ടത്. ഒഴിവാക്കാൻ കമ്മിഷണർ നിർദേശിച്ച ഒരു ഖണ്ഡികയിലെ ‘ഉന്നതരിൽനിന്നുപോലും ലൈംഗികാതിക്രമം ഉണ്ടായെ’ന്നഭാഗം പുറത്തുവിട്ട റിപ്പോർട്ടിൽ അബദ്ധത്തിൽപ്പെട്ടത് സർക്കാരിനെ വെട്ടിലാക്കി. ഇതിനുശേഷമുള്ള അഞ്ചുപേജ് മറച്ചുവെച്ചത് റിപ്പോർട്ടിൽ പേരുണ്ടെന്നുകരുതുന്ന ഉന്നതരെ സംരക്ഷിക്കാനാണെന്ന ആരോപണവും നേരിടേണ്ടിവന്നു. ഇതൊക്കെ കണക്കിലെടുത്താണ് ഇനിയെല്ലാം കോടതി തീരുമനിക്കട്ടെയെന്ന നിലപാട് സർക്കാർ കൈക്കൊണ്ടതും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments