Tuesday, January 7, 2025
Homeകേരളംസംവിധായകൻ മോഹൻ അന്തരിച്ചു; അന്ത്യം കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ.

സംവിധായകൻ മോഹൻ അന്തരിച്ചു; അന്ത്യം കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ.

എണ്‍പതുകളിലെ മലയാള സിനിമക്കു നവഭാവുകത്വത്തിലേക്കു വഴികാട്ടിയ സംവിധായകരില്‍ പ്രധാനിയായ എം. മോഹന്‍ അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. 23 ചിത്രങ്ങൾ സംവിധാനം ചെയ്തിട്ടുണ്ട്. രണ്ട് പെണ്‍കുട്ടികള്‍, ശാലിനി എന്റെ കൂട്ടുകാരി, വിടപറയും മുമ്പേ, ഇളക്കങ്ങള്‍ തുടങ്ങിയവയാണ് ശ്രദ്ധേയ സിനിമകൾ.

ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജിലായിരുന്നു പ്രീഡിഗ്രി പഠനം. മദ്രാസിലെ ജെയ്ൻ കോളജിൽ ബികോം പഠിക്കാൻ ചേർന്നതാണ് സിനിമയിലേക്കുള്ള വഴിയായത്. ക്രൈസ്റ്റിലെ ലോനപ്പന്‍ എന്ന അധ്യാപകൻ അദ്ദേഹത്തിന്റെ സുഹൃത്തുക്കളായ ഉദയ കൃഷ്ണന്‍കുട്ടിക്കും സ്റ്റില്‍ ഫൊട്ടോഗ്രഫർ പി.ഡേവിഡിനും മോഹനെ പരിയപ്പെടുത്തി. അച്ഛന്റെ ഒരു സുഹൃത്തു വഴിയാണ് പ്രശസ്ത സംവിധായകൻ എം.കൃഷ്ണന്‍ നായരെ പരിചയപ്പെട്ടത്. പഠനവും സിനിമയും ഒന്നിച്ചു കൊണ്ടു പോയ മോഹന്‍ സിനിമയുടെ എല്ലാ മേഖലയിലും പ്രവര്‍ത്തിച്ചു. തിക്കുറിശ്ശി സുകുമാരന്‍ നായര്‍, എ.ബി.രാജ്, മധു, പി.വേണു, ഹരിഹരന്‍ എന്നിവരുടെയെല്ലാം സംവിധാന സഹായിയായി പ്രവർത്തിച്ചിട്ടുണ്ട്.

1978 ൽ വാടകവീട് എന്ന സിനിമയിലൂടെയാണ് സ്വതന്ത്ര സംവിധായകനായത്. പിന്നാലെ വന്ന ‘രണ്ട് പെണ്‍കുട്ടികള്‍’, ‘ശാലിനി എന്റെ കൂട്ടുകാരി’, ‘വിടപറയും മുമ്പേ’, ‘ഇളക്കങ്ങള്‍’ തുടങ്ങിയ ചിത്രങ്ങൾ സംവിധായകൻ എന്ന നിലയിൽ മോഹനെ അടയാളപ്പെടുത്തി. വിടപറയും മുമ്പേയിലൂടെയാണ് നെടുമുടി വേണു ആദ്യമായി നായകനായത്. ഇടവേള എന്ന ചിത്രത്തിലൂടെയാണ് ഇടവേള ബാബുവിന്റെ അരങ്ങേറ്റം.

ആലോലം, രചന, മംഗളം നേരുന്നു, തീര്‍ത്ഥം, ശ്രുതി, ഒരു കഥ ഒരു നുണക്കഥ, ഇസബെല്ല, പക്ഷേ, സാക്ഷ്യം, അങ്ങനെ ഒരു അവധിക്കാലത്ത്, മുഖം തുടങ്ങിയ സിനിമകളെല്ലാം ശ്രദ്ധിക്കപ്പെട്ടു. അങ്ങനെ ഒരു അവധിക്കാലത്ത്, മുഖം, ശ്രുതി, ആലോലം വിടപറയും മുമ്പേ എന്നീ സിനിമകൾക്ക് തിരക്കഥയും എഴുതിയിട്ടുണ്ട്. 2005 ൽ പുറത്തിറങ്ങിയ ‘ദ് ക്യാംപസ്’ ആണ് അവസാനമിറങ്ങിയ ചിത്രം. പുതിയ സിനിമ ചെയ്യാനുള്ള ഒരുക്കത്തിലായിരുന്നു മോഹൻ.

നാട്ടുകാരനും സുഹൃത്തുമായിരുന്ന ഇന്നസന്റിനെ സിനിമയിലെത്താൻ സഹായിച്ചതും മോഹനാണ്. പിന്നീട് ഇന്നസന്റുമായി ചേര്‍ന്ന് ചില ചിത്രങ്ങളും നിര്‍മിച്ചു. രണ്ടു പെണ്‍കുട്ടികള്‍ എന്ന സിനിമയിലെ നായികയും പ്രശസ്ത നർത്തകിയുമായ അനുപമയാണ് ഭാര്യ. പുരന്ദര്‍, ഉപേന്ദര്‍ എന്നിവര്‍ മക്കളാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസംസരണീയമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments