കൊച്ചി; സംസ്ഥാനത്തെ സ്കൂളുകളിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്കുള്ള സംസ്ഥാന സഹവാസ ക്യാമ്പ് വെള്ളിയും ശനിയുമായി ഇടപ്പള്ളി കൈറ്റിന്റെ റീജണൽ റിസോഴ്സ് കേന്ദ്രത്തിൽ നടക്കും. വെള്ളി രാവിലെ പത്തിന് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി ഉദ്‌ഘാടനം ചെയ്യും. ലിറ്റിൽ കൈറ്റ്സ് ജില്ലാ ക്യാമ്പിൽനിന്ന് തെരഞ്ഞെടുത്ത 130 കുട്ടികളാണ് കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്നോളജി ഫോർ എഡ്യുക്കേഷൻ (കൈറ്റ്) യൂണിസെഫിന്റെ പങ്കാളിത്തത്തോടെ നടത്തുന്ന ക്യാമ്പിൽ പങ്കെടുക്കുന്നത്.
കൈറ്റ് തയ്യാറാക്കിയ കൈറ്റ് ഗ്നൂ ലിനക്സ് 22.04 എന്ന പുതിയ ഓപ്പറേറ്റിങ് സിസ്റ്റം സ്യൂട്ടിന്റെ പ്രകാശനവും മന്ത്രി വി ശിവൻകുട്ടി നിർവഹിക്കും. വൈകിട്ട് ആറിന് വ്യവസായമന്ത്രി പി രാജീവ് ക്യാമ്പ് അംഗങ്ങളുമായി സംവദിക്കും. രാവിലെ പത്തുമുതൽ കുട്ടികൾ തയ്യാറാക്കിയ അനിമേഷൻ, റോബോട്ടിക്സ് ഉൽപ്പന്നങ്ങളുടെ പ്രദർശനവും നടക്കും.
ഉച്ചയ്ക്കുശേഷം സ്റ്റാർട്ടപ് മിഷനിലെ ഫാബ്‍ലാബ്, മേക്കർ വില്ലേജ്, മേക്കർ ലാബ് തുടങ്ങിയ സംവിധാനങ്ങൾ കുട്ടികൾ സന്ദർശിക്കും. സ്റ്റാർട്ടപ് മിഷൻ സിഇഒ അനൂപ് അംബിക കുട്ടികളുമായി സംവദിക്കും. 24ന് സിംഗപ്പൂർ നാഷണൽ യൂണിവേഴ്സിറ്റിയിലെ റോബോട്ടിക്സ് വിഭാഗം തലവൻ പ്രൊഫ. പ്രഹ്ലാദ് വടക്കേപ്പാട്ട് കുട്ടികളുമായി സംവദിക്കും.