കണ്ണൂർ: ഉദയഗിരി പഞ്ചായത്തിൽ തുടർച്ചയായി ആഫ്രിക്കൻ പന്നിപ്പനി റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിൽ മലയോരത്തടക്കം ഭീതി.രോഗബാധയെ തുടർന്ന് തുടർച്ചയായി പന്നികളെ കൊന്നൊടുക്കേണ്ടിവരുന്നതിനാൽ പന്നി കർഷകർ ആശങ്കയിലാണ്. ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ച ഉദയഗിരി പഞ്ചായത്തിലെ ഒമ്പത് ഫാമുകളിലായി 179 പന്നികളെ കഴിഞ്ഞദിവസം കൊന്നൊടുക്കി.
ജില്ല ചീഫ് വെറ്ററിനറി ഓഫിസർ ഡോ. ബിജോയ് വർഗീസിന്റെ നേതൃത്വത്തിൽ മൃഗസംരക്ഷണ വകുപ്പിലെ റാപിഡ് റെസ്പോൺസ് ടീം മൂന്ന് സ്ക്വാഡായി തിരിഞ്ഞ് 11 മണിക്കൂറോളമെടുത്താണ് അത്രയും പന്നികളെ ദയാവധം ചെയ്തത്.
രാത്രി എട്ടോടെയാണ് പ്രദേശത്തെ അണുനശീകരണ ജോലികൾ ഉൾപ്പെടെയുള്ളവ അവസാനിച്ചത്.പഞ്ചായത്തിൽ രോഗം സ്ഥിരീകരിച്ച ഫാമിന് ചുറ്റുമുള്ള ഒരു കിലോമീറ്റർ പ്രദേശം രോഗബാധിത പ്രദേശമായും 10 കിലോമീറ്റർ ചുറ്റളവ് രോഗനിരീക്ഷണ മേഖലയായും പ്രഖ്യാപിച്ചിരുന്നു.ഇവിടെ പന്നിമാംസം വിതരണം ചെയ്യുന്നതും ഇത്തരം കടകളുടെ പ്രവർത്തനവും പന്നികളെ കൊണ്ടുവരുന്നതും മൂന്നുമാസത്തേക്ക് നിരോധിച്ചിട്ടുണ്ട്.കഴിഞ്ഞ ഫെബ്രുവരി, മാർച്ച് മാസത്തിലാണ് ഉദയഗിരിയിൽ ആദ്യമായി പന്നിപ്പനി സ്ഥിരീകരിച്ചത്.
കലക്ടറുടെ നിർദേശ പ്രകാരം ഒരു കിലോമീറ്റർ ചുറ്റളവിൽ ജയഗിരി, താളിപ്പാറ, മാമ്പൊയിൽ പ്രദേശങ്ങളിലെ 32 കർഷകരുടെ 554 പന്നികളെയാണ് അന്ന് കൊന്നൊടുക്കിയത്.തുടർച്ചയായി മേഖലയിലെ ഫാമുകളിൽ പന്നിപ്പനി ബാധിക്കുന്നതിന്റെ ആഘാതത്തിലാണ് കർഷകർ.ലോണെടുത്തും കടംവാങ്ങിയുമാണ് പലരും പന്നി ഫാമുകൾ തുടങ്ങിയത്.പന്നികളെ കൂട്ടത്തോടെ കൊന്നൊടുക്കുന്നതും മാംസവിതരണം തടസ്സപ്പെടുന്നതും ഇവരുടെ ജീവിതമാർഗമാണ് ഇല്ലാതാക്കുന്നത്.