Tuesday, January 14, 2025
Homeകേരളംക്ഷേത്ര ഭരണം ഈശ്വര വിശ്വാസികളെ ഏൽപ്പിക്കണം : കുമ്മനം രാജശേഖരൻ.

ക്ഷേത്ര ഭരണം ഈശ്വര വിശ്വാസികളെ ഏൽപ്പിക്കണം : കുമ്മനം രാജശേഖരൻ.

ക്ഷേത്രങ്ങളെ പറ്റിയും ക്ഷേത്ര ആചാരങ്ങളെ പറ്റിയും അറിവോ വിശ്വാസമോ ഇല്ലാത്ത അവിശ്വാസികൾ ക്ഷേത്ര ഭരണത്തിൽ നിന്നും പുറംതള്ളപ്പെടണമെന്നും, ഈശ്വര വിശ്വാസികളായിരിക്കണം ക്ഷേത്ര ഭരണം കൈകാര്യം ചെയ്യേണ്ടവരെന്നും കുമ്മനം രാജശേഖരൻ പറഞ്ഞു.

കോയമ്പത്തൂർ അമൃത വിശ്വവിദ്യാപീഠത്തിൽ വെച്ച് നടന്ന ശബരിമല അയ്യപ്പ സേവാ സമാജം ദേശീയ എക്സിക്യൂട്ടീവ് യോഗത്തിന്റെ സമാപന സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. നിത്യേന 80000 പേർക്ക് മാത്രമേ ഓൺലൈനിലൂടെ ദർശനാനുമതി നൽകുകയുള്ളൂ എന്ന ദേവസ്വം ബോർഡ് തീരുമാനം പുനഃപരിശോധനക്കു വിധേയമാക്കി തിരുത്തേണ്ടതാണ്. ശബരിമല ക്ഷേത്രം മറ്റു ക്ഷേത്രങ്ങളെ പോലെയല്ല. ദേവസ്വം ബോർഡിന്റെ നിർദ്ദേശം അതേപടി അംഗീകരിച്ചാൽ 60 -62 ദിവസങ്ങളിലായി നടക്കുന്ന മണ്ഡല മകരവിളക്ക് ഉത്സവ കാലങ്ങളിൽ ഏതാണ്ട് 50 ലക്ഷം ഭക്തന്മാർക്ക് മാത്രമേ ദർശനം നടത്താനാവുകയുള്ളൂ. ഒരുകോടിയിലധികം അയ്യപ്പ വിശ്വാസികളാണ് ഓരോ വർഷവും മണ്ഡല മകര വിളക്ക് സമയത്തു ലോകത്തിന്റെ നാനാ ഭാഗങ്ങളിൽ നിന്നും സന്നിധാനത്തേക്ക് ഒഴുകിയെത്തുന്നത്. അഞ്ചായിരം പുതിയ വളണ്ടിയർമാരെ കമ്യുണിസ്റ്റ് പാർട്ടിയിൽ നിന്നും നിയമിക്കാനുള്ള ദേവസ്വംബോർഡ് തീരുമാനവും അങ്ങേയറ്റം അപലപനീയമാണ്. വിശുദ്ധിസേനയുടെ പ്രവർത്തകർ കഴിഞ്ഞ പല വർഷങ്ങളായി അവിടെ വളരെ നല്ല രീതിയിലാണ് പ്രവർത്തനം നടത്തിക്കൊണ്ടിരിക്കുന്നത്.

ദേവസ്വം ബോർഡു രൂപീകരിക്കുന്നതിനും മുമ്പ് തന്നെ ശബരിമലയിൽ അയ്യപ്പ ഭക്ത കൂട്ടായ്മയായി പ്രവർത്തനം തുടങ്ങിയ അയ്യപ്പ സേവാ സംഘം, അവിടെ നല്ല നിലയിൽ പ്രവർത്തിച്ചു വന്ന അമൃത മെഡിക്കൽ യൂണിറ്റ് മുതലായ പല സന്നദ്ധ സംഘങ്ങളുടെയും പ്രവർത്തനം തടയുന്നതു ശബരിമലയിൽ സേവനം ചെയ്യാനുള്ള ഭക്തന്മാരുടെ മൗലികാവകാശ ലംഘനമാണെന്നും കുമ്മനം ചൂണ്ടിക്കാട്ടി. ഇതിനെതിരെ നിയമ നടപടികളെടുക്കുന്നതൊടൊപ്പം, വൻ ഭക്തജന പ്രക്ഷോഭങ്ങളും സംഘടിപ്പിക്കേണ്ടതുണ്ടെന്നും അദ്ദേഹം ശബരിമല അയ്യപ്പ സേവാ സമാജത്തോട് അഭ്യർത്ഥിച്ചു. കഴിഞ്ഞ തീർത്ഥാടന കാലത്ത് പമ്പ, ശബരിമല, അപ്പാച്ചിമേട്, നീലിമല തുടങ്ങിയ അതി പ്രധാനമായ സ്ഥലങ്ങളിൽ, ദേവസ്വം ബോർഡ്, പോലീസ് മുതലായ വിവിധ മേഖലകളുടെ വീഴ്ചകളും പരിഹാരവും എന്ന വിഷയത്തിൽ ആദ്യ ദിവസം ഡോക്ടർ.കാർത്തിക് പ്രബന്ധം അവതരിപ്പിച്ചു.

അനുഭവമില്ലാത്ത ഉദ്യോഗസ്ഥന്മാരുടെ അവജ്ഞയോടെ യുള്ള സമീപനവും തീരുമാനങ്ങളും ലക്ഷക്കണക്കിന് അയ്യപ്പഭക്തന്മാരുടെ കഷ്ടത്തിനും ജീവഹാനിക്കുമടക്കം കാരണമായതായി അദ്ദേഹം തന്റെ പ്രബന്ധത്തിൽ ചൂണ്ടിക്കാട്ടി. 18 മുതൽ 20 മണിക്കൂർ നേരം പ്രാഥമിക ആവശ്യങ്ങൾ കൂടി നിറവേറ്റാൻ കഴിയാത്ത അവസ്ഥയിൽ നീണ്ട നിരയിൽ നിന്ന് യാതനകളനുഭവിപ്പിച്ചത് ഈ പറഞ്ഞ ഉദ്യോഗസ്ഥ വൃന്ദമാണ്.

തപസ്യാമൃത സ്വാമി ഭദ്രദീപം കൊളുത്തി യോഗത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു സംസാരിച്ചു. പതിറ്റാണ്ടുകളോളം ശബരിമലയിൽ സേവനം ചെയ്ത അനുഭവമുള്ള സ്വാമിജി, അവിടെ ഉടനെ പ്രാവർത്തികമാക്കേണ്ട പല കാര്യങ്ങളും വിശദീകരിച്ചു.

ദേശീയ ചെയർമാൻ ടി.ബി. ശേഖർ, ദേശീയ ജനറൽ സെക്രട്ടറി ഈറോഡ് രാജൻ, സ്വാമി അയ്യപ്പദാസ്, ഏ.ആർ.മോഹനൻ, വി.കെ.വിശ്വനാഥൻ, മുൻ മേഘാലയ ഗവർണർ വി.ഷണ്മുഖനാഥൻ, എസ്.വിനോദ്‌കുമാർ, പ്രകാശ് പൈ, കൃഷ്ണപ്പാ മുതലായവർ വിവിധ വിഷയങ്ങളിൽ സംസാരിച്ചു. ഈ വരുന്ന മണ്ഡല മകര വിളക്ക് കാലത്തു ശബരിമലയിലേക്കുള്ള വഴികളിൽ നൂറ്റിയിരുപതോളം അന്നദാന കേന്ദ്രങ്ങൾ സംഘടിപ്പിക്കാനും യോഗത്തിൽ തീരുമാനിച്ചു.

അയ്യപ്പ സേവാ സമാജം ഭാരവാഹികൾ ഉടനെ തന്നെ ദേവസ്വം ബോർഡ് പ്രസിഡന്റിനേയും ബന്ധപ്പെട്ട മന്ത്രിമാരെയും ഗവർണരെയും കണ്ടു നിവേദനം കൊടുക്കാൻ ഉദ്ദേശിച്ചതായി സ്വാമി അയ്യപ്പദാസ് പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസംസരണീയമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments