കൊച്ചി: യൂട്യൂബില്‍ ലൈക്കും ഷെയറും കൂട്ടുന്നതിന് എല്ലാ നിയമങ്ങളും കാറ്റില്‍ പറത്തി വാഹനങ്ങളില്‍ അഭ്യാസം കാണിക്കുന്ന വ്‌ളോഗര്‍മാരെ കടിഞ്ഞാണിടണമെന്ന് ഹൈക്കോടതി.
നിയമലംഘനത്തിന് നടപടി സ്വീകരിക്കുമ്പോള്‍ മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥരെ വ്‌ളോഗര്‍മാര്‍ ഭീഷണിപ്പെടുത്തുന്നുണ്ടെങ്കില്‍ അറിയിക്കണമെന്ന് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച്. ഇത്തരം സംഭവങ്ങളില്‍ ആവശ്യമെങ്കില്‍ നോട്ടീസ് നല്‍കി നിയമപരമായ നടപടി സ്വീകരിക്കുമെന്ന് ജസ്റ്റിസ് അനില്‍ കെ. നരേന്ദ്രനും ജസ്റ്റിസ് ഹരിശങ്കര്‍ വി. മേനോനും ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് മുന്നറിയിപ്പ് നല്‍കി.
വാഹനത്തിന് രൂപമാറ്റമടക്കം നടത്തിയതും മറ്റു അഭ്യാസ പ്രകടനങ്ങളും ചിത്രീകരിച്ച് നിരവധി യുട്യൂബ് വീഡിയോകള്‍ കോടതി പരിശോധിച്ചു. ഇത്തരം നിയമലംഘന വീഡിയോകള്‍ നീക്കം ചെയ്യുന്നതടക്കമുള്ള വിഷയത്തില്‍ നിലപാട് അറിയിക്കാന്‍ കേന്ദ്രസര്‍ക്കാരിനോട് കോടതി നിര്‍ദേശിച്ചു. കാറിനുള്ളില്‍ നീന്തല്‍ക്കുളമൊരുക്കിയ സഞ്ജു ടെക്കിയുടേതടക്കമുള്ള വിഷയങ്ങളാണ് കോടതി പരിഗണിച്ചത്.
വാഹനങ്ങളുടെ രൂപമാറ്റമടക്കമുള്ള വിഷയത്തില്‍ ശക്തമായ നടപടി സ്വീകരിക്കണമെന്ന് 2022 മുതല്‍ നിരന്തരം ഉത്തരവ് പുറപ്പെടുവിച്ചിട്ടും ഇക്കാര്യത്തില്‍ മോട്ടോര്‍ വാഹനവകുപ്പ് പരാജയപ്പെടുകയാണെന്ന് കോടതി വിമര്‍ശിച്ചു. ഇക്കാര്യത്തില്‍ നേരിടുന്ന പ്രശ്നങ്ങള്‍ ട്രാന്‍സ്പോര്‍ട്ട് കമ്മിഷണര്‍ നേരിട്ട് ഹാജരായി വിശദീകരിക്കാന്‍ തയ്യാറാണെന്ന് മോട്ടോര്‍ വാഹന വകുപ്പ് സ്‌പെഷ്യല്‍ ജി.പി.പി. സന്തോഷ് കുമാര്‍ അറിയിച്ചു.
നിലവില്‍ നല്‍കിയ റിപ്പോര്‍ട്ട് പരിശോധിച്ച് ഇക്കാര്യത്തില്‍ തീരുമാനമറിയിക്കാമെന്ന് കോടതി പറഞ്ഞു. ശബരിമല തീര്‍ഥാടനവുമായി ബന്ധപ്പെട്ട ഹര്‍ജിയിലാണ് വാഹനങ്ങളുടെ രൂപമാറ്റമടക്കമുള്ള വിഷയങ്ങള്‍ കോടതി പരിഗണിക്കുന്നത്. അയല്‍ സംസ്ഥാനങ്ങളില്‍ നിന്നു രൂപമാറ്റം നടത്തിയ കോണ്‍ട്രാക്ട് കാര്യേജുകള്‍ വരുന്നുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി.
വനത്തിനുളളിലൂടെ കിലോമീറ്ററുകളാണ് ഇത്തരം വാഹനങ്ങള്‍ ഒട്ടേറെ ലൈറ്റുകള്‍ തെളിയിച്ച് കടന്നുപോകന്നത്. കേസ് 13-ന് വീണ്ടും പരിഗണിക്കും.