പ്രവേശനോത്സവത്തിന്റെ ഭാഗമായി ‘എല്ലാം സെറ്റ്’ എന്ന പേരില്‍ സാമൂഹിക മാധ്യമങ്ങളില്‍ വിദ്യാഭ്യാസ വകുപ്പിന്റെ പ്രത്യേക പ്രചാരണവും സജീവമാണ്.
‘എല്ലാം സെറ്റ്, സ്കൂള്‍ പ്രവേശനോത്സവം 2024’ ന്റെ ഭാഗമായി കൊച്ചുക്കൂട്ടുകാർക്ക് ആശംസകളുമായെത്തിയിരിക്കുകയാണ് മലയാളികളുടെ പ്രിയ താരം മോഹൻലാലും ഗായിക കെ.എസ് ചിത്രയും ജാസി ഗിഫ്റ്റും. അറിവിന്റെയും ആഹ്ലാദത്തിന്റേയും ലോകത്തേക്ക് കടന്നു വരുന്ന എല്ലാ കൊച്ചു കൂട്ടുകാർക്കും സ്നേഹം നിറഞ്ഞ ആശംസകളെന്നാണ് മോഹൻലാല്‍ വീഡിയോയിലൂടെ പങ്കുവച്ചിരിക്കുന്നത്.
വിദ്യാഭ്യാസ വകുപ്പ് നിങ്ങള്‍ക്ക് എല്ലാ സൗകര്യവുമൊരുക്കുന്നുണ്ട്, കൊച്ചുമക്കള്‍ക്ക് എല്ലാവർക്കും എന്റെ എല്ലാ ആശംസകളും എന്ന് ചിത്രയും വീഡിയോയിലൂടെ പറയുന്നു. സംഗീതവും പഠനവുമെല്ലാം ഒരുമിച്ച് മുന്നോട്ട് കൊണ്ടുപോകാൻ മാക്സിമം ശ്രമം നിങ്ങള്‍ നടത്തണമെന്ന് ജാസി ഗിഫ്റ്റ് പറഞ്ഞു.
മോഹൻലാലിന്റെ വാക്കുകള്‍.
“പ്രിയപ്പെട്ട കുട്ടികളേ, സന്തോഷപൂർവമായ പുതിയൊരു അധ്യയന വർഷം ആരംഭിക്കുകയാണ്. അറിവിന്റെയും ആഹ്ലാദത്തിന്റേയും ലോകത്തേക്ക് കടന്നു വരുന്ന എല്ലാ കൊച്ചു കൂട്ടുകാർക്കും സ്നേഹം നിറഞ്ഞ ആശംസകള്‍. അറിവ് വെളിച്ചമാണ്. കുട്ടിക്കാലത്ത് എല്ലാവർക്കും ഇരുട്ടിനെ ഭയമായിരിക്കും. അതിന് കാരണം ഇരുട്ട് അജ്ഞാനമാണ്. അജ്ഞാനത്തില്‍ അറിവ് നേടുമ്ബോള്‍ നമ്മുടെ മനസിലും പ്രകാശം നിറയും. അതോടെ ഭയമെല്ലാം നമ്മുടെ മനസില്‍ നിന്ന് അകലുകയായി.
എനിക്ക് ഭാവിയിലേക്കുള്ള അടിത്തറ പാകിയത് എന്റെ സ്കൂള്‍ തന്നെയാണ്. നമ്മുടെയെല്ലാം ജീവിതത്തില്‍ ഏറ്റവും മനോഹരമായതും നിറപ്പകിട്ടാർന്നതും രസകരവുമായ കാലഘട്ടം സ്കൂള്‍ കാലഘട്ടം തന്നെയാണ്. ഈ സമയത്ത് നന്നായി പഠിച്ചും കളിച്ചും സന്തോഷിച്ചും കൂട്ടുകൂടി ഉല്ലസിച്ചും പരസ്പരം സ്നേഹിച്ചും സഹായിച്ചും നല്ല മനുഷ്യരായി ഉത്തമ പൗരൻമാരായി വളർന്നു വരാൻ ഏവർക്കും കഴിയട്ടെ, ഒരിക്കല്‍ കൂടി സ്നേഹാശംസകളോടെ നിങ്ങളുടെ ലാലേട്ടൻ”.
ആശംസകള്‍ നേർന്ന് കെ.എസ് ചിത്ര.
“എത്രയും പ്രിയപ്പെട്ട എന്റെ കുഞ്ഞു മക്കളേ, പുതിയ കുപ്പായമൊക്കെയിട്ട് ബാഗുമൊക്കെ പിടിച്ച് സന്തോഷത്തോടെ സ്കൂളിലെത്തിയിരിക്കുകയാണ് എല്ലാവരുമല്ലേ. എല്ലാവരും മിടുക്കരായി പഠിക്കണം.
ഒപ്പം പാട്ടു പാടുകയും ചിത്രം വരയ്ക്കുകയും ഡാൻസ് കളിക്കുകയുമൊക്കെ വേണം. വിദ്യാഭ്യാസ വകുപ്പ് നിങ്ങള്‍ക്ക് എല്ലാ സൗകര്യവുമൊരുക്കുന്നുണ്ട്. കൊച്ചുമക്കള്‍ക്ക് എല്ലാവർക്കും എന്റെ എല്ലാ ആശംസകളും. നന്നായി വരട്ടെ, ദൈവം അനുഗ്രഹിക്കട്ടെ”.
ജാസി ഗിഫ്റ്റിന്റെ വാക്കുകൾ.
ഹായ് കൂട്ടുകാരേ, നമസ്കാരം എല്ലാം സെറ്റ്. നമ്മുടെ സ്കൂള്‍ റെഡിയായി കഴിഞ്ഞു, പഠിക്കേണ്ട പുസ്തകങ്ങള്‍ റെഡിയായിക്കഴിഞ്ഞു. പഠിപ്പിക്കേണ്ട അധ്യാപകർ പരിശീലനമൊക്കെ കഴിഞ്ഞ് അവരും തയ്യാർ. പാഠപുസ്തകങ്ങള്‍ പഠിക്കുന്ന സമയത്ത് തന്നെ പഠനത്തോടൊപ്പം കലകളിലേക്കും ഇറങ്ങി ചെല്ലുക.
കലകള്‍ ആസ്വദിക്കാൻ പഠിക്കുക. അതിനെ പഠനത്തിന്റെ തന്നെ ഭാഗമാക്കാൻ മാക്സിമം ശ്രമിക്കണം. കലാപ്രവർത്തനങ്ങള്‍ മൂലം നമ്മുക്ക് കിട്ടുന്ന ഏറ്റവും വലിയ സൗഭാഗ്യം അത് നമ്മളെ യൂണിവേഴ്സലുമായി അടുപ്പിക്കും. നമ്മളെ സ്നേഹിക്കാനും മനുഷ്യത്വപരമായി ചിന്തിക്കാനും കല നമ്മളെ ഒത്തിരി സഹായിക്കും. എനിക്ക് പറയാനുള്ളത് സംഗീതവും പഠനവുമെല്ലാം ഒരുമിച്ച് മുന്നോട്ട് കൊണ്ടുപോകാൻ മാക്സിമം ശ്രമം നിങ്ങള്‍ നടത്തണമെന്നാണ്.