കോട്ടയ്ക്കൽ.– ലക്ഷക്കണക്കിനു രൂപ സബ്സിഡി ലഭിക്കുന്ന കേന്ദ്രാവിഷ്കൃത പദ്ധതിക്കു സംസ്ഥാനത്തു അപേക്ഷകർ നന്നേ കുറവ്. ദേശീയ കന്നുകാലി മിഷന്റെ സംരംഭകത്വവികസന പദ്ധതിക്കു 3 വർഷത്തിനിടെ അപേക്ഷിച്ചത് അൻപതോളം പേർ മാത്രം.
ആട്, കോഴി, പന്നി തുടങ്ങിയവ വളർത്തുന്ന പദ്ധതിക്കു 50 ശതമാനം സബ്സിഡിയുണ്ട്.
വ്യക്തിഗത സംരംഭകർ, സ്വയംസഹായ സംഘങ്ങൾ തുടങ്ങിയവർക്കാണു പദ്ധതിയുടെ പ്രയോജനം ലഭിക്കുക. പദ്ധതിക്കു ആവശ്യമായ ഭൂമി സംരംഭകർ സ്വന്തമായോ പാട്ടവ്യവസ്ഥയിലോ കണ്ടെത്തണം. 10 ശതമാനം തുക സംരംഭകർ കയ്യിൽ കരുതണം. ദേശീയ കന്നുകാലി മിഷനാണ് പണം നൽകുന്നത്. സംസ്ഥാന ലൈവ് സ്‌റ്റോക് വികസന ബോർഡിനാണ് നടത്തിപ്പുച്ചുമതല.
50 പെൺപന്നികൾക്കും 5 ആൺ പന്നികൾക്കും 15 ലക്ഷവും 100 പെൺപന്നികൾക്കും 10 ആൺപന്നികൾക്കും 30 ലക്ഷം രൂപയും ലഭിക്കും. 1,000 പിടകോഴികൾക്കും 100 പൂവൻ കോഴികൾക്കും 25 ലക്ഷം രൂപയും കിട്ടും.
ഭൂമിയുടെ ഉടമസ്ഥാവകാശ രേഖ അല്ലെങ്കിൽ പാട്ടച്ചീട്ട്. മേൽവിലാസം തെളിയിക്കുന്നതിനുള്ള ആധാർകാർഡ്, തിരഞ്ഞെടുപ്പ് കമ്മിഷന്റെ തിരിച്ചറിയൽ കാർഡ്, വൈദ്യുതി ബിൽ തുടങ്ങിയവ നൽകാം. ഫോട്ടോ, ചെക്ക്, 6 മാസത്തെ ബാങ്ക് സ്‌റ്റേറ്റ്മെന്റ്, മുൻപരിചയ സർട്ടിഫിക്കറ്റ്, പാൻകാർഡ്, വിദ്യാഭ്യാസയോഗ്യതാ സർട്ടിഫിക്കറ്റ് എന്നിവയും വേണം.