മുളവുകാട്: ഒരു സ്ത്രീ തന്റെ ജീവിതം എങ്ങനെ ജീവിക്കണമെന്ന് കാണിച്ചു കൊടുത്ത ധീര വനിത അതാണ് ആനി ശിവയെന്ന സബ് ഇൻസ്‌പെക്ടർ. 20ാം വയസ്സില്‍ ഭര്‍ത്താവും കുടുംബവും ഉപേക്ഷിച്ച് പിഞ്ചു കുഞ്ഞിനെയും മാറോട് ചേര്‍ത്തുപിടിച്ച് വീടുവിട്ടിറങ്ങിയ ആനി ശിവ 12 വര്‍ഷങ്ങള്‍ക്കിപ്പുറം സബ് ഇന്‍സ്‌പെക്ടറായി കാക്കിയണിഞ്ഞ് ഒരുപാട് പേർക്ക് പ്രചോദനമായിരുന്നു.
നാരങ്ങാ വെള്ളം വിറ്റ് നടന്ന അതേയിടത്തേക്ക് തന്നെ എസ്ഐ ആയി തിരികെ വന്ന അനുഭവം പങ്കുവച്ച ആനി ശിവയെന്ന ആനി എസ് പി സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. ഇപ്പോൾ സ്വപ്ന ഭവനത്തിന്റെ നിർമ്മാണം പൂർത്തിയാക്കിയത് വിശദമാക്കി ആനി ശിവ പങ്കുവച്ച ഫേസ്ബുക്ക് കുറിപ്പും വൈറലാവുകയാണ്.
ഭവന നിർമ്മാണം സംബന്ധിച്ച ആനി ശിവയുടെ കുറിപ്പിന്റെ പൂർണരൂപം
നഭസ്സ്
മണ്ണിൻ്റെ മണവും നിറവുമുള്ള കായലോരത്തെ ഓടിട്ട വീട് ; ഇതായിരുന്നു എൻ്റെ സങ്കല്പത്തിലെ വീട്.. 2004 ൽ ഞാൻ പത്തിൽ പഠിക്കുമ്പോൾ ആണ് ലാലേട്ടൻ്റെ വിസ്മയത്തുമ്പത് സിനിമ തിയറ്ററിൽ പോയി കാണുന്നത്, സിനിമ കണ്ട് കഴിഞ്ഞു വന്നിട്ടും മനസിൻ്റെ വേരുകളിൽ ഉടക്കിയത് ‘ നഭസ്സ് ‘എന്ന പേരും കായലോര വീടും ആയിരുന്നു. വർഷങ്ങൾക്കിപ്പുറം ‘ വീട് ‘ എന്നൊരു ചിന്ത മനസ്സിൽ വന്നപ്പോൾ തന്നെ ബ്രോക്കർമാരോട് ഞാൻ പറഞ്ഞ നീണ്ട ഡിമാൻ്റുകളിൽ ചിലത് കായലോരം ആയിരിക്കണം, പത്ത് സെൻ്റ് എങ്കിലും വേണം, ഗ്രാമീണ അന്തരീക്ഷം വേണം,മെയിൻ റോഡ് സൈഡ് പാടില്ല, വാഹനങ്ങളുടെ ബഹളം പാടില്ല, കാർ കയറണം, 30 ലക്ഷത്തിന് മുകളിൽ പോകരുത് എന്നൊക്കെ ആയിരുന്നു.. പലരുടെയും പരിഹാസങ്ങൾ നിറഞ്ഞ ഡയലോഗുകൾക്കൊടുവിൽ എൻ്റെ ഡിമാൻ്റുകൾ എല്ലാം അംഗീകരിച്ചുകൊണ്ട് ‘ അവൾ ‘ ആ കായലോരത്ത് എൻ്റെ വരവും കാത്ത് കിടപ്പുണ്ടായിരുന്നു. എൻ്റെ വരവിന് ശേഷം ഞാൻ ‘ അവൾക്ക് ‘ പുതുജീവനേകി. എൻ്റെ ഇഷ്ടങ്ങൾ ‘ അവളുടെയും ‘ ഇഷ്ടങ്ങളായി. എൻ്റിഷ്ടങ്ങളുടെ കാടൊരുക്കാൻ തുടങ്ങിയപ്പോൾ ‘ അവളും ‘ എന്നോടൊപ്പം സന്തോഷത്തോടെ നിന്നു. വീട് പണി തുടങ്ങി, കഴിഞ്ഞ മാസം അധികം ആരെയും അറിയിക്കാതെ വീട് കയറൽ ചടങ്ങ് നടത്തി താമസം തുടങ്ങിയ ദിവസം വരെ എന്നെ ഈ വീട് പണിയിൽ നേരിട്ടും അല്ലാതെയും സഹായിച്ച ഈ ലോകത്തിലെ പല കോണുകളിൽ ഉള്ള സുഹൃത്തുക്കളെ ഞാൻ സ്നേഹത്തോടെ സ്മരിക്കുന്നു..
ദ ആൽക്കെമിസ്റ്റിൽ പൗലോ കൊയ്‌ലോ പറഞ്ഞത് പോലെ “ഒരു സ്വപ്നം സാക്ഷാത്കരിക്കാനുള്ള സാധ്യതയാണ് ജീവിതത്തെ രസകരമാക്കുന്നത്.” അങ്ങനെ എൻ്റെ ഈ സ്വപ്നവും രസകരമായി സാക്ഷാത്കരിച്ചു. വീടിനുള്ളിൽ പുസ്തകങ്ങൾ കൊണ്ടും വീടിനു പുറത്ത് പച്ചപ്പ് കൊണ്ടും കാടൊരുക്കുകയാണ്. ഒരു പുസ്തകമോ ഒരു ചെടിയോ എനിക്കായി കരുതാം. കായൽ കാറ്റേറ്റ് ചൂട് കട്ടൻചായ ഊതിയൂതി കുടിച്ച് ഇച്ചിരി നേരം സൊറ പറഞ്ഞിരിക്കാം. വിളിച്ചിട്ട് വന്നോളൂ.
വീട് വയ്ക്കുക എന്ന് പറയുന്നത് സാമ്പത്തികമായും മാനസികമായും അത്ര എളുപ്പമുള്ള ഒരു സംഗതിയല്ല പ്രത്യേകിച്ച് ആരുടെയും കൈതാങ്ങില്ലാതെ ഒരു പെണ്ണ് ഒറ്റയ്ക്ക് ഇതിന് ഇറങ്ങി പുറപ്പെടുമ്പോൾ.. ഒറ്റയ്ക്ക് വീട് വയ്ക്കാൻ തീരുമാനിക്കുന്നവർ എന്ത് റിസ്കും ഒറ്റയ്ക്ക് ഏറ്റെടുക്കാൻ മനസിനെ ആദ്യമേ റെഡി ആക്കി എടുക്കണം.. വിജയം മാത്രമേ മറ്റുള്ളവർ ആഘോഷിക്കൂ വീഴ്ചകളും റിസ്‌കും ഒറ്റയ്ക്ക് തന്നെ ഏറ്റെടുക്കേണ്ടി വരും. എൻ്റെ അഭാവത്തിൽ വീട് പണിയുടെ ചുമതല മുഴുവൻ നോക്കിയത് 15 വയസായ എൻ്റെ മകൻ ചൂയിക്കുട്ടൻ ആയിരുന്നു.
പതിനെട്ടാം വയസില്‍ ഡിഗ്രി ആദ്യ വര്‍ഷം പഠിക്കുമ്പോൾ വീട്ടുകാരുടെ എതിര്‍പ്പ് മറികടന്ന് സ്വന്തം ഇഷ്ടപ്രകാരം ആനി വിവാഹിത ആകുന്നത്. അതോടെ വീട്ടുകാരുമായുള്ള ബന്ധം നഷ്ടപ്പെട്ടു. ഡിഗ്രി മൂന്നാം വര്‍ഷം പഠിക്കുമ്പോള്‍ ഭര്‍ത്താവുമായി വേര്‍പിരിഞ്ഞ ആനി ജീവിതം കെട്ടിപ്പടുക്കാന്‍ ഡെലിവറി ഏജന്റ് ആയും ഡാറ്റ എന്‍ട്രി ഓപ്പറേറ്ററായുമൊക്കെ ആനി പല ജോലികളും ചെയ്തിരുന്നു.