Wednesday, October 2, 2024
Homeകേരളംകടൽത്തീര ശുചീകരണം കേന്ദ്ര സഹമന്ത്രി ജോർജ് കുര്യൻ ഉദ്ഘാടനം ചെയ്തു

കടൽത്തീര ശുചീകരണം കേന്ദ്ര സഹമന്ത്രി ജോർജ് കുര്യൻ ഉദ്ഘാടനം ചെയ്തു

ലോകത്തിന് മുന്നിൽ ആദ്യമായി ശുചിത്വ തത്വങ്ങൾ മുന്നോട്ടു വച്ച നാടാണ് ഭാരതമെന്ന് കേന്ദ്ര ന്യൂനപക്ഷകാര്യ, ഫിഷറീസ് സഹമന്ത്രി ജോർജ് കുര്യൻ. സ്വച്ഛതാ ഹി സേവ ക്യാമ്പയിൻ്റെ ഭാഗമായി കേന്ദ്ര യുവജനകാര്യ മന്ത്രാലയത്തിനു കീഴിലുള്ള നെഹ്റു യുവ കേന്ദ്ര സംഘാതന്റെ ആഭിമുഖ്യത്തിൽ തിരുവനന്തപുരത്ത് ശംഖുമുഖം ബീച്ചിൽ സംഘടിപ്പിച്ച ശുചീകരണ യജ്ഞം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ലോകത്ത് ആദ്യമായി വൃത്തിയും ശുദ്ധിയും ആചരിക്കേണ്ടതിനെക്കുറിച്ച് പറഞ്ഞത് ശ്രീബുദ്ധനാണ്. ശരീരശുദ്ധി, ആഹാരശുദ്ധി, വാക് ശുദ്ധി, മന:ശുദ്ധി, കർമ്മശുദ്ധി എന്നിങ്ങനെ അഞ്ച് ശുദ്ധികൾ മനുഷ്യൻ പാലിക്കണമെന്നാണ് ശ്രീബുദ്ധൻ പറഞ്ഞത്.

ശുചിത്വത്തെക്കുറിച്ച് ലോകത്തൊരിടത്തും ഇത്തരം ഒരു പെരുമാറ്റ സംഹിത ഇല്ലാതിരുന്ന ആയിരക്കണക്കിന് വർഷങ്ങൾക്കു മുൻപാണ് ഭാരതത്തിൽ ശ്രീബുദ്ധൻ ശുചിത്വത്തെക്കുറിച്ച് ജനങ്ങളെ ഉദ്ബോധിപ്പിച്ചത്. സ്വയം സൃഷ്ടിക്കുന്ന മാലിന്യങ്ങൾ സ്വയം സംസ്കരിക്കണമെന്ന പാഠം പിൽക്കാലത്ത് മഹാത്മാഗാന്ധിയും നമ്മെ പഠിപ്പിച്ചു. ശുചിത്വത്തെക്കുറിച്ചുള്ള മുൻഗാമികളുടെ ശ്രമങ്ങൾ ഫലപ്രദമായി മുന്നോട്ടു കൊണ്ടു പോകാനാണ് പ്രധാനമന്ത്രി നരേന്ദ്രമോദി 2014 ഒക്ടോബർ രണ്ടിന് സ്വച്ച് ഭാരത് മിഷന് തുടക്കം കുറിച്ചതെന്നും കേന്ദ്രമന്ത്രി ചൂണ്ടിക്കാട്ടി. ചടങ്ങിൽ പങ്കെടുത്തവർക്കായി സ്വച്ഛത പ്രതിജ്ഞയും കേന്ദ്രമന്ത്രി ചൊല്ലിക്കൊടുത്തു.

തിരുവനന്തപുരം ജില്ലാ കളക്ടർ അനുകുമാരി ചടങ്ങിൽ അധ്യക്ഷത വഹിച്ചു. നെഹ്റു യുവ കേന്ദ്ര സംഘാതൻ കേരള സോൺ സ്റ്റേറ്റ് ഡയറക്ടർ എം അനിൽ കുമാർ, തിരുവനന്തപുരം കോർപ്പറേഷൻ കൗൺസിലർമാരായ സെറഫൈൻ ഫ്രഡി, അയറിൻ, കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിനു കീഴിലുള്ള സിബിസി & പിഐബി കേരള ലക്ഷദ്വീപ് അഡീഷണൽ ഡയറക്ടർ ജനറൽ വി പളനിച്ചാമി , യുവജനകാര്യ കായിക മന്ത്രാലയം ഡെപ്യൂട്ടി സെക്രട്ടറി പ്രവീൺ കുമാർ, സെൻട്രൽ ബ്യുറോ ഓഫ് കമ്മ്യൂണിക്കേഷൻ ഡയറക്ടർ പാർവ്വതി വി , തിരുവനന്തപുരം ദൂരദർശൻ കേന്ദ്രം ജോയിന്റ് ഡയറക്ടർ അജയ് ജോയ്, സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യ റീജിയണൽ സെന്റർ ഡയറക്ടർ സി. ദണ്ഡപാണി, എൻഎസ്എസ് റീജിയണൽ ഡയറക്ടർ പി എൻ സന്തോഷ് , ശുചിത്വ മിഷൻ തിരുവനന്തപുരം ജില്ലാ കോർഡിനേറ്റർ പി എൻ അരുൺ രാജ്, തിരുവനന്തപുരം ജില്ലാ യൂത്ത് ഓഫീസർ സന്ദീപ് കൃഷ്ണൻ പി തുടങ്ങിയവർ പങ്കെടുത്തു.

തുടർന്ന് ശംഖുമുഖം കടൽത്തീരത്ത് നടത്തിയ ശുചീകരണ പ്രവർത്തനങ്ങൾക്ക് കേന്ദ്ര മന്ത്രി നേതൃത്വം നൽകി. നെഹ്റു യുവകേന്ദ്ര സംഘാതൻ, പി ഐ ബി, സി ബി സി, എൻ എസ് എസ്, സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യ തുടങ്ങിയ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥരും ജീവനക്കാരും കോളേജുകളിൽ നിന്നുള്ള വോളണ്ടിയർമാരും ശുചീകരണ പ്രവർത്തനങ്ങളിൽ പങ്കാളികളായി.

സംസ്ഥാനത്തെ 9 ജില്ലകളിലെയും തീരപ്രദേശങ്ങളിലും മാഹി, ലക്ഷദ്വീപ് കടൽ തീരപ്രദേശങ്ങളിലും മൈ ഭാരത് വളണ്ടിയർമാർ ശുചീകരണ പ്രവർത്തങ്ങളും ബോധവത്കരണ പരിപാടികളും സംഘടിപ്പിച്ചു.
സെപ്റ്റംബർ 17 ന് തുടങ്ങി ഒക്ടോബർ രണ്ടിന് സമാപിക്കുന്ന ക്യാമ്പയിൻ്റെ ഭാഗമായി സംസ്ഥാനത്തുടനീളം നെഹ്റു യുവ കേന്ദ്ര യുടെ ആഭിമുഖ്യത്തിൽ വിപുലമായ ശുചീകരണ പരിപാടികളാണ് സംഘടിപ്പിച്ചത്. പൊതുസ്ഥലങ്ങൾ, ചരിത്രസ്മാരകങ്ങൾ, വിനോദസഞ്ചാര കേന്ദ്രങ്ങൾ, ജലാശയങ്ങൾ എന്നിവിടങ്ങളിൽ ശുചീകരണം നടത്തി. മേരാ യുവ ഭാരത് മൈ ഭാരതിന്റെ കീഴിൽ എന്‍ എസ് എസ്, എന്‍ സി സി, സ്‌കൗട്ട് ആന്റ് ഗൈഡ്, യൂത്ത് ക്ലബ്ബ് എന്നിവര്‍ സേവന പ്രവര്‍ത്തനങ്ങളിൽ അണിനിരന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments