Sunday, December 29, 2024
Homeകേരളംജനങ്ങളുടെ പരാതികൾ പരമാവധി തീർപ്പാക്കുക ലക്ഷ്യം : മന്ത്രി എം. ബി. രാജേഷ്*

ജനങ്ങളുടെ പരാതികൾ പരമാവധി തീർപ്പാക്കുക ലക്ഷ്യം : മന്ത്രി എം. ബി. രാജേഷ്*

പൊതുജനങ്ങളുടെ സങ്കീർണമായ പ്രശ്നങ്ങൾ ചട്ടങ്ങളും നിയമങ്ങളും പാലിച്ച് പരമാവധി തീർപ്പാക്കുകയാണ് അദാലത്തുകളുടെ ലക്ഷ്യമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം. ബി. രാജേഷ്. പത്തനംതിട്ട പ്രമാടം രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച ജില്ലാതല തദ്ദേശ അദാലത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം

പത്തനംതിട്ട നെടുമ്പ്രം ഗ്രാമപഞ്ചായത്തിലെ പുതുവൽ പ്രദേശത്തെ വീടുകൾ മണിമലയാറിൻ്റെ മറുകരയിലായതിനാൽ പഞ്ചായത്തിൻ്റെ സേവനങ്ങൾ ലഭിക്കാൻ ബുദ്ധിമുട്ട് നേരിടുന്ന വിഷയത്തിൽ നെടുമ്പ്രം പഞ്ചായത്തിലെ വാർഡ് 13 ൽ ഉൾപ്പെട്ട 29 വീടുകൾ പഞ്ചായത്തിൻ്റ വസ്തു നികുതി നിർണയ രജിസ്റ്ററിൽ നിന്നും ഒഴിവാക്കി ആലപ്പുഴ ജില്ലയിലെ തലവടി ഗ്രാമപഞ്ചായത്തിന്റെ വസ്തുനികുതി നിർണയ രജിസ്റ്ററിൽ ഉൾപ്പെടുത്തി പ്രദേശവാസികളുടെ ചിരകാല ആവശ്യം പരിഹരിച്ചതായി മന്ത്രി അറിയിച്ചു. ഇതിൻ്റെ ഉത്തരവ് കൈമാറിയാണ് മന്ത്രി അദാലത്തിൻ്റെ ഉദ്ഘാടനം നിർവ്വഹിച്ചത്.

പത്തനംതിട്ടയടക്കം 13 ജില്ലകളിലായി നടന്ന 16 അദാലത്തുകളിലൂടെ പതിനായിരകണക്കിന് പരാതികൾക്കാണ് പരിഹാരം കണ്ടത് . വയനാട് ജില്ലയിൽ പ്രകൃതി ദുരന്തത്തിൻ്റെ പശ്ചാത്തലത്തിൽ അദാലത്ത് പിന്നീട് നടക്കും.

അഡ്വ. കെ. യു. ജനീഷ് കുമാർ എംഎൽഎ അധ്യക്ഷനായ ചടങ്ങിൽ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് മുഖ്യാതിഥിയായി. അഡ്വ. പ്രമോദ് നാരായൺ എംഎൽഎ, ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് രാജി പി രാജപ്പൻ,
തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. ഷർമിള മേരി ജോസഫ്, പ്രിൻസിപ്പൽ ഡയറക്ടർ സീറാം സാംബശിവ റാവു, അർബൻ ഡയറക്ടർ സൂരജ് ഷാജി, ജില്ലാ കലക്ടർ എസ്. പ്രേം കൃഷ്ണൻ, ബ്ലോക്ക് പഞ്ചായത്ത് അസോസിയേഷൻ പ്രസിഡൻ്റ് ആർ. തുളസീധരൻ പിള്ള, തദ്ദേശ സ്വയം ഭരണ വകുപ്പ് ജോയിൻ്റ് ഡയറക്ടർ കെ. രശ്മിമോൾ, തദ്ദേശസ്ഥാപന അധ്യക്ഷന്മാർ, അംഗങ്ങൾ, രാഷ്ട്രീയകക്ഷി പ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു

അനിവാര്യം ഈ കൂടുമാറ്റം….

പത്തനംതിട്ട നെടുമ്പ്രത്തിലെ 27 കുടുംബങ്ങൾ ഇനി മുതൽ ആലപ്പുഴ തലവടി ഗ്രാമപഞ്ചായത്ത് നിവാസികൾ ‘

30 വർഷത്തിലധികമായി ഒരു ജനത കാത്തിരുന്ന നിമിഷത്തിനാണ് ഇന്ന് പത്തനംതിട്ട പ്രമാടം രാജീവ് ഗാന്ധി ഇൻഡോർ സ്‌റ്റേഡിയം സാക്ഷ്യം വഹിച്ചത്. പത്തനംതിട്ട ജില്ലയിലെ നെടുമ്പ്രം ഗ്രാമപഞ്ചായത്ത് വാർഡ് 13 ൽ തെറ്റായി ഉൾപ്പെട്ട 27 കുടുംബങ്ങൾ ഇനി ആലപ്പുഴ ജില്ലയിലെ തലവടി ഗ്രാമപഞ്ചായത്ത് സ്വദേശികളാകും. തദ്ദേശ സ്വയം ഭരണവകുപ്പ് മന്ത്രി എം.ബി. രാജേഷിന്‍റെ നേതൃത്വത്തിൽ നടത്തിയ ജില്ലാതല തദ്ദേശ അദാലത്തിലാണ് ഒരു ജനതയുടെ ജീവിതം മാറ്റിയ തീരുമാനം ഉണ്ടായത്. ഇതു സംബന്ധിച്ച ഉത്തരവ് മന്ത്രി അദാലത്തിൽ നെടുമ്പ്രം സ്വദേശികൾക്ക് കൈമാറി.

ഈ കുടുംബങ്ങളുടേത് ഉൾപ്പെടെ 29 വീടുകൾ നെടുമ്പ്രം പഞ്ചായത്തിൻ്റെ പതിമുന്നാം വാർഡിലെ വസ്തു നികുതി നിർണയ രജിസ്റ്ററിൽ നിന്നും ഒഴിവാക്കി ആലപ്പുഴ ജില്ലയിലെ തലവടി ഗ്രാമപഞ്ചായത്തിന്റെ വസ്തുനികുതി നിർണയ രജിസ്റ്ററിൽ ഉൾപ്പെടുത്തുകയെന്ന
സങ്കീർണമായ പ്രശ്നത്തിനാണ് ഇന്ന് പരിഹാരമായത്. തങ്ങളുടെ ചിരകാല സ്വപ്നം സാക്ഷാത്കരിച്ചതിൻ്റെ സന്തോഷ സൂചകമായി നെടുമ്പ്രം സ്വദേശികൾ അദാലത്തിൽ വെച്ച് മന്ത്രി എം ബി രാജേഷിനെ പൊന്നാട അണിയിച്ചു.

ഒരു ജനതയുടെ ചിരകാല സ്വപ്നമാണ് ഇന്ന് സാക്ഷാത്കരിച്ചതെന്നും പൊതുജനങ്ങളുടെ ഹിതം അറിഞ്ഞു പ്രവർത്തിക്കുന്ന സർക്കാരാണ് കേരളത്തിലുള്ളതെന്നും നെടുമ്പ്രം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ ടി പ്രസന്നകുമാരി പറഞ്ഞു.

നെടുമ്പ്രം പ്രദേശത്തെ ഈ 29 കെട്ടിടങ്ങൾ മണിമലയാറിൻ്റെ മറുകരയിലാണ് സ്ഥിതി ചെയ്യുന്നത്. ഈ പ്രദേശത്തെ വീടുകൾ ആലപ്പുഴ ജില്ലയിലെ തലവടി ഗ്രാമപഞ്ചായത്തിൽ ഉൾപ്പെടുത്തണമെന്ന നെടുമ്പ്രം, തലവടി ഗ്രാമപഞ്ചായത്തുകളുടെ ആവശ്യത്തിനാണ് മന്ത്രി തീർപ്പ് കല്പിച്ചിരിക്കുന്നത്.

മണിമലയാറിൻ്റെ മറുകരയിലായതിനാൽ നെടുമ്പ്രം ഗ്രാമപഞ്ചായത്തുമായി ബന്ധപ്പെട്ട വികസന പ്രവർത്തനങ്ങൾ ഈ കുടുംബങ്ങളിലേക്ക് എത്തിക്കാൻ ബുദ്ധിമുട്ടുകൾ നേരിട്ടിരുന്നു. വെള്ളപൊക്കം പോലുള്ള പ്രകൃതി ദുരന്തങ്ങൾ ഉണ്ടാകുന്ന സന്ദർഭങ്ങളിൽ ഗ്രാമപഞ്ചായത്തിലെ ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഈ മേഖലയിലേക്ക് എത്തിക്കുന്നതിനും കാലതാമസം ഉണ്ടാവുമായിരുന്നു. ഇത്തരം പ്രശ്നങ്ങൾക്കെല്ലാം അദാലത്തിലൂടെ പരിഹാരമാകുന്നതിൻ്റെ ആശ്വാസത്തിലാണ് പ്രദേശ നിവാസികൾ.

തുമ്പമൺ മാർത്തോമാ ഇടവകക്ക് ആശ്വാസമേകി തദ്ദേശ അദാലത്ത്*

തുമ്പമൺ മുട്ടം ശാലോം മാർത്തോമ ഇടവകക്ക് ആശ്വാസമേകി തദ്ദേശ സ്വയംഭരണമന്ത്രി എം.ബി രാജേഷ് നേതൃത്വം നൽകിയ തദ്ദേശ അദാലത്ത്.
പണി പൂർത്തീകരിച്ച് എട്ടു വർഷത്തോളമായ പള്ളിക്കെട്ടിടത്തിൻ്റെ നിർമ്മാണം ക്രമവൽകരിച്ച് നമ്പർ ലഭിക്കുന്നതിനാണ് ഇടവക പള്ളി വികാരിയായ റവ. ജെയ് വർഗീസ് പ്രമാടം രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന തദ്ദേശ അദാലത്തിൽ പങ്കെടുത്തത്. പരാതി പരിശോധിച്ച മന്ത്രി എം. ബി രാജേഷ് ഒരു മാസത്തിനുള്ളിൽ തന്നെ കെട്ടിടനമ്പർ നിയമാനുസൃതം നൽകണമെന്ന് ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയതോടെ വികാരിയും ഇടവക അംഗങ്ങളും വർഷങ്ങളായുള്ള തങ്ങളുടെ ആവലാതിക്ക് പരിഹാരം ലഭിച്ച ആശ്വാസത്തിലാണ്.

പ്രളയകാലത്ത് ദുരിതാശ്വാസ ക്യാമ്പായും കോവിഡ് മഹാമാരിയുടെ കാലത്ത് ഫസ്റ്റ് ലൈൻ ഫെസിലിറ്റേഷൻ സെൻ്ററായും പ്രവർത്തിച്ച പള്ളികെട്ടിടത്തിൻ്റെ വിഷയത്തിൽ സർക്കാർ അടിയന്തര നടപടി സ്വീകരിച്ചതിൽ വികാരി റവ ജെയ് വർഗീസ് സന്തോഷമറിയിച്ചു. വികേന്ദ്രീകൃത പ്രവർത്തനങ്ങളിലൂടെ സർക്കാർ ജനങ്ങളിലേക്ക് ഇറങ്ങിവന്ന് പ്രവർത്തിക്കുമ്പോഴാണ് യഥാർത്ഥ വികസനം സാധ്യമാകുന്നതെന്നും വികാരി പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments