പ്രശ്നങ്ങൾ വിളിച്ചുവരുത്തേണ്ടകാര്യമുണ്ടോ
————————————————————–
ഒരാളൊരു മന:ശാസ്ത്രജ്ഞന്റെയടുത്തെത്തി. ഉത്തരം കിട്ടാത്ത അനേകം ചോദ്യങ്ങളുമായിട്ടാണ്, അയാൾ മന:ശാസ്ത്രജ്ഞനെ സമീപിച്ചത്.
അയാൾ പറഞ്ഞതെല്ലാം കേട്ടതിനു ശേഷം, അദ്ദേഹം അയാളോടു പറഞ്ഞു: “നിങ്ങൾ കുറച്ചു ദിവസം ഇവിടെ താമസിക്കുക. ഇവിടത്തെ പ്രകൃതി ഭംഗിയും, അന്തരീക്ഷവും ഒക്കെ ആസ്വദിക്കുക,മറ്റൊന്നിനേയും കുറിച്ചു ചിന്തിക്കേണ്ട.
കുറച്ചു ദിവസം കഴിഞ്ഞപ്പോഴേക്കും അയാൾ സന്തോഷവാനായി. ഉറക്കവും ദിനചര്യകളും സാധാരണ നിലയിലായി. പക്ഷെ പുതിയൊരു ചോദ്യം അയാളുടെ മനസ്സിലുദിച്ചു. “എന്തുകൊണ്ടാണ് തന്റെ ഭവനത്തിൽ നിന്നു കിട്ടാത്ത സന്തോഷം, ഇവിടെ നിന്നു ലഭിക്കുന്നത്” ആ ചോദ്യത്തിനു മുമ്പിൽ, അയാളുടെ ഉറക്കം വീണ്ടും നഷ്ടപ്പെട്ടു.
ഒരാൾ ആലോചിച്ചുണ്ടാക്കുന്ന ആശങ്കകളേക്കാൾ അപകടകാരികളായി, വേറൊന്നുമില്ല. എന്തു കൊണ്ടോ,നിഷേധ ചിന്തകൾകളോട്, ഒരു സ്വാഭാവിക അടുപ്പം തന്നെ മനുഷ്യമനസ്സിനുണ്ട്. കാർമേഘങ്ങൾക്കിടയിലെ വെള്ളിനക്ഷത്രം കാണാൻ,ക്ഷമയും പരിശീലനവും വേണ്ടിവരും. എന്നാൽ, വെൺമേഘത്തിലെ കറുത്ത പുള്ളികളെ ആദ്യ നോട്ടത്തിൽത്തന്നെ കാണുകയും ചെയ്യും.അന്വേഷിച്ചാൽ കണ്ടെത്തുമെന്നതല്ല, അന്വേഷിക്കുന്നതേ കണ്ടെത്തൂവെന്നതാണ് കൂടുതൽ ശരി.
എന്തിനാണു പ്രശ്നങ്ങളെ മാലയിട്ടു സ്വകരിക്കാൻ പോകുന്നത്. കണ്ടുമുട്ടുകയും പരിഹരിക്കുകയും ചെയ്യേണ്ട അനുദിന വിഷയങ്ങൾ ധാരാളമില്ലേ അതിനിടയിൽ, ഉത്തരം കണ്ടെത്താനാകാത്ത ചോദ്യങ്ങൾ, എന്തിനാണു സ്വയം നിർമ്മിച്ചെടുക്കുന്നത്. എല്ലാ പ്രശ്നങ്ങളും മുൻകൂട്ടി കാണാനോ, കണ്ടാൽത്തന്നെ, മുൻകൂട്ടി പരിഹരിക്കാനോ നമുക്കു കഴിയണമെന്നില്ല. ഓരോ നിമിഷത്തിനും, അതതിന്റെ പ്രതിസന്ധികൾ പോരേ. നാളെയുടെ വൈഷ്യമ്യങ്ങളെ, എന്തിനാണ് ഇന്നത്തെ സന്തോഷങ്ങളിലേക്കു വലിച്ചിഴക്കുന്നത്.
ആലോചനകൾ ഉപയോഗിക്കേണ്ടതു പ്രശ്നങ്ങൾ ഉണ്ടാക്കാനല്ല,പരിഹരിക്കാനാണ്. ആവശ്യമില്ലാത്ത പ്രശ്നങ്ങളെക്കുറിച്ചു ചിന്തിക്കാതിരുന്നാൽത്തന്നെ, അവസാനിക്കുന്നതാണു പലരുടേയും പ്രശ്നങ്ങൾ.
സർവ്വേശ്വരൻ സഹായിക്കട്ടെ
എല്ലാവർക്കും നന്മകൾ നേരുന്നു. നന്ദി, നമസ്ക്കാരം!