Saturday, December 28, 2024
Homeകേരളം"ഇന്നത്തെ ചിന്താവിഷയം" 2024 | മാർച്ച് 12| ചൊവ്വ പ്രൊഫസ്സർ എ.വി. ഇട്ടി മാവേലിക്കര

“ഇന്നത്തെ ചിന്താവിഷയം” 2024 | മാർച്ച് 12| ചൊവ്വ പ്രൊഫസ്സർ എ.വി. ഇട്ടി മാവേലിക്കര

പ്രൊഫസ്സർ എ.വി. ഇട്ടി മാവേലിക്കര

പേരും പ്രവൃത്തിയും

തങ്ങളുടെ കൂട്ടിക്കു പേരിടുന്ന കാര്യത്തിൽ, ദമ്പതികൾ തമ്മിൽ വഴക്കായി. തൻ്റെ അച്ഛൻ്റെ പേരിടണമെന്നു ഭർത്താവും, അല്ല, തൻ്റെ അച്ഛൻ്റെ പേരിടണമെന്നു ഭാര്യയും വാശി പിടിച്ചു. അവസാനം, പ്രശ്ന പരിഹാരത്തിനായി, അവർ ഒരു ഗുരുവിൻ്റെയടുക്കൽ എത്തി. ഗുരു, ദമ്പതികളോടു്, അവർ ഓരോരുത്തരുടേയും അച്ഛന്മാരുടെ പേരുകൾ ചോദിച്ചു. രണ്ടു പേരുടേയും അച്ഛൻ്റെ പേര് ഒന്നു തന്നെ ആയിരുന്നു. പിന്നെന്തു പ്രശ്നം? ഗുരുവിന് അത്ഭുതമായി!

ഭാര്യ പറഞ്ഞു: “എൻ്റെയച്ഛൻ പണ്ഡിതനും, ഇദ്ദേഹത്തിൻ്റെയച്ഛൻ കള്ളനും ആയിരുന്നു!” ഗുരു പരിഹാരം നിർദ്ദേശിച്ചു: ” മകനു മുത്തച്ഛന്മാരുടെ പേരു തന്നെ നൽകുക. കുറച്ചു കഴിയുമ്പോൾ അറിയാം, അവൻ പണ്ഡിതനാകുമോ അതോ കള്ളൻ ആകുമോ എന്ന്. അപ്പോൾ മനസ്സിലാകും ആരുടെ പേരാണ് അവനു നൽകിയത് എന്ന്.

പേരിൽ നിന്നു പ്രവൃത്തിയല്ല രൂപപ്പെടുക; പ്രവൃത്തിയിൽ നിന്നും പേരാണു രൂപപ്പെടുക. എല്ലാ നാമകരണങ്ങളും, കർമ്മങ്ങളുടെ വിലയിരുത്തലാണ് . ചെയ്യുന്ന പ്രവൃത്തികളുടെ സംഗ്രഹമാണ്, ലഭിക്കുന്ന പേരുകൾ. പേരു ലഭിക്കുന്നവർക്ക് , തങ്ങളുടെ പേരിൻ്റെ അർത്ഥവും വ്യാപ്തിയും മനസ്സിലാകുന്നില്ലെങ്കിൽ, പിന്നെ പേരു കൊണ്ട് എന്തു പ്രയോജനം? പേരിടുന്നവർക്കൊരു പ്രേരകശക്തിയാകാനാകുന്നില്ലെങ്കിൽപ്പിന്നെ,പേരിനെന്തു പ്രസക്തി?

ഓരോ പേരും വിശിഷ്ടമാകുന്നതു, നാമധാരികളുടെ നന്മ മൂലമാണ്
കടം വാങ്ങുന്ന പേരുകളോട് , കടം വാങ്ങുന്നവർക്കൊരു കടമയുണ്ട്. അവർ പുലർത്തേണ്ട അനന്യതയുടെയും, തുടരേണ്ട കർമ്മ ശേഷിയുടെയും ഉത്തരവാദിത്തം. വഴി നയിക്കാനുള്ള വഴിവിളക്കാണു പേര്. അതു ലക്ഷ്യമാണ് ; ഊർജ്ജമാണ്.

പേരിടുന്നതിനുള്ള തീഷ്ണതയേക്കാൾ പ്രധാനമാണ്, പേരുകളയാതിരിക്കാനുള്ള പ്രയത്നം. പേരിലെ പെരുമയേക്കാൾ, പ്രവൃത്തിയിലെ നന്മയാണ്, അവരവർക്കും സഹജീവികൾക്കും ഉപകാരപ്പെടുക. പേരും പ്രവൃത്തിയും സംയോജിപ്പിച്ചു കൊണ്ടു പോകുവാൻ നമുക്ക് ആകണം. സർവ്വേശ്വരൻ, അതിനു നമ്മെ സഹായിക്കട്ടെ..

എല്ലാവർക്കും നന്മകൾ നേരുന്നു. നന്ദി, നമസ്ക്കാരം.

പ്രൊഫസ്സർ എ.വി. ഇട്ടി മാവേലിക്കര✍

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments