Wednesday, January 8, 2025
Homeകേരളംഇനി മുതൽ ആന്റിബയോട്ടിക്കുകൾ നീല കവറിൽ

ഇനി മുതൽ ആന്റിബയോട്ടിക്കുകൾ നീല കവറിൽ

ആന്റിബയോട്ടിക്കുകൾ തിരിച്ചറിയാനായി ഇനിമുതൽ നീല നിറത്തിലുള്ള പ്രത്യേക കവറുകളിൽ നൽകണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ഡ്രഗ്സ് കൺട്രോൾ വകുപ്പ് ആദ്യഘട്ടമായി 50,000 നീല കവറുകൾ തയ്യാറാക്കി സംസ്ഥാനത്തെ സ്വകാര്യ മെഡിക്കൽ സ്റ്റോറുകൾക്ക് നൽകുന്നതാണ്. പിന്നീട് അതേ മാതൃകയിൽ അതത് മെഡിക്കൽ സ്റ്റോറുകൾ കവറുകൾ തയ്യാറാക്കി അതിൽ ആന്റിബയോട്ടിക് നൽകേണ്ടതാണ്.

സർക്കാർ തലത്തിലെ ഫാർമസികൾക്കും ഇതേ പോലെ നീല കവറുകൾ നൽകുന്നതാണ്. അവരും നീല കവർ തയ്യാറാക്കി അതിൽ ആന്റിബയോട്ടിക് നൽകേണ്ടതാണ്. മരുന്നുകൾ കഴിക്കേണ്ട വിധത്തിന് പുറമേ നീല കവറിൽ അവബോധ സന്ദേശങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്. ഘട്ടം ഘട്ടമായാണ് ഇത് നടപ്പിലാക്കുന്നതെന്നും മന്ത്രി പറഞ്ഞു.

ആന്റിബയോട്ടിക്കുകളുടെ അനാവശ്യവും അശാസ്ത്രീയവുമായ ഉപയോഗം തടയാൻ കേരളം സുപ്രധാനമായ ചുവടുവയ്പ്പാണ് നടത്തുന്നത്. റേജ് ഓൺ ആന്റി മൈക്രോബിയൽ റസിസ്റ്റൻസ് (Rage on Antimicrobial Resistance – ROAR) എന്ന പേരിൽ ഡ്രഗ്സ് കൺട്രോൾ വകുപ്പ് പ്രവർത്തനങ്ങൾ ശക്തമാക്കി. ലോഗോ പ്രകാശനവും പോസ്റ്റർ പ്രകാശനവും ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് നിർവഹിച്ചു. ആരോഗ്യ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ഡോ. രാജൻ എൻ. ഖോബ്രഗഡെ, ഡ്രഗ്സ് കൺട്രോളർ ഡോ. സുജിത് കുമാർ, ഡെപ്യൂട്ടി ഡ്രഗ്സ് കൺട്രോളർ സാജു ജോൺ, അസിസ്റ്റന്റ് ഡ്രഗ്സ് കൺട്രോളർ ഷാജി എം വർഗീസ് എന്നിവർ പങ്കെടുത്തു.

പ്രത്യേക കവറിലെ അവബോധ സന്ദേശം

ആന്റിബയോട്ടിക് കഴിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

· ഡോക്ടറുടെ നിർദേശ പ്രകാരം, കുറിപ്പടിയോടുകൂടി മാത്രം ആന്റിബയോട്ടിക്കുകൾ വാങ്ങി ഉപയോഗിക്കുക.

· ഒരു വ്യക്തിക്കായി ഡോക്ടർ നൽകുന്ന കുറിപ്പടിയിൽ മറ്റുള്ളവർ മരുന്നുകൾ വാങ്ങി ഉപയോഗിക്കാതിരിക്കുക.

· ഉപയോഗ ശൂന്യമായതോ കാലാവധി കഴിഞ്ഞതോ ആയ ആന്റിബയോട്ടിക്കുകൾ പരിസരങ്ങളിലോ ജലാശയങ്ങളിലോ വലിച്ചെയറിയരുത്.

ആന്റിമൈക്രോബിയൽ പ്രതിരോധം എന്ന മഹാവിപത്തിനെ നമുക്ക് ഒന്നിച്ച് നേരിടാം.

അവബോധ പോസ്റ്ററുകൾ

ഇനി മുതൽ എല്ലാ മെഡിക്കൽ സ്റ്റോറുകൾക്ക് മുമ്പിലും ആന്റിബയോട്ടിക് അവബോധത്തെപ്പറ്റി ഏകീകൃത പോസ്റ്റർ പതിപ്പിക്കും.

നിയമപരമായ മുന്നറിയിപ്പ്

ഡോക്ടറുടെ കുറിപ്പടിയില്ലാതെ ആന്റിബയോട്ടിക്കുകൾ ഉൾപ്പെടെയുള്ള ഷെഡ്യൂൾ എച്ച് & എച്ച് 1 മരുന്നുകൾ വിൽപന നടത്തുന്നത് ഡ്രഗ്‌സ് ആന്റ് കോസ്മെറ്റിക്‌സ് നിയമപ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

ഡോക്ടറുടെ നിർദ്ദേശ പ്രകാരം, കുറിപ്പടിയോടുകൂടി മാത്രം ആന്റിബയോട്ടിക്കുകൾ വാങ്ങി ഉപയോഗിക്കുക.

ആന്റി മൈക്രോബിയൽ പ്രതിരോധം എന്ന മഹാവിപത്ത് ഉയർന്ന ചികിത്സാ ചിലവുകൾക്കും കൂടുതൽ മരണങ്ങൾക്കും ഇടയാക്കും.’ എന്നിവയാകും പോസ്റ്ററിൽ ഉണ്ടാകുക.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസംസരണീയമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments