കോതമംഗലം ഡിവിഷനിൽ മുള്ളരിങ്ങാട് റെയിഞ്ചിൽ കാടിനുള്ളിൽ പശുവിനെ അന്വേഷിച്ചു പോയ 23 വയസുള്ള യുവാവ് കാട്ടാന ആക്രമണത്തില്‍ മരിച്ച സംഭവത്തില്‍ മരണപ്പെട്ട അമര്‍ ഇലാഹിയുടെ കുടുംബത്തിന് പത്ത് ലക്ഷം രൂപ ധനസഹായം നല്‍കുമെന്ന് വനം മന്ത്രി എകെ ശശീന്ദ്രന്‍ അറിയിച്ചു. ദുരന്ത നിവാരണ വകുപ്പുമായി ചര്‍ച്ച നടത്തിയ ശേഷമാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.
ഈ തുക ഉടന്‍ തന്നെ കുടുംബത്തിന് നല്കുന്നതാണ്. സംഭവത്തില്‍ ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡനില്‍ നിന്നും മന്ത്രി വിശദമായ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. പ്രദേശത്ത് കൂടുതല്‍ ജാഗ്രത പുലര്‍ത്താനും മന്ത്രി നിര്‍ദേശിച്ചു.
തേക്കിൻ കൂപ്പിൽ പശുവിനെ അഴിക്കാൻ പോയപ്പോഴാണ് കാട്ടാന അമറിനെ ആക്രമിച്ചത്. ഒപ്പം ഉണ്ടായിരുന്ന സുഹൃത്ത് മൻസൂർ ഓടി രക്ഷപ്പെട്ടു. കാട്ടാനയുടെ ആക്രമണത്തിൽ അമറിന് ഗുരുതരമായി പരിക്കേറ്റിരുന്നു. ഉടൻ തന്നെ തൊടുപുഴ താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഉച്ചക്ക് ശേഷം മൂന്നുമണിയോടെയാണ് സംഭവം. അമറിന്‍റെ കുടുംബം വനമേഖലയോട് ചേർന്ന് താമസിക്കുന്നവരാണ്.