ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ സംഘടന അമ്മ സ്വീകരിച്ച മൃദു സമീപത്തിനെതിരെ നടി ഉർവശി. ആലോചിക്കാം, പഠിച്ച് പറയാം എന്നൊന്നും പറയാതെ വിഷയത്തിൽ അമ്മ ശക്തമായ നടപടി എടുക്കണമെന്ന് ഉര്‍വശി ആവശ്യപ്പെട്ടു. രഞ്ജിത്തിനെതിരെ ബംഗാളി നടി ഉന്നയിച്ച ആരോപണം ഗൗരവതരമാണെന്നും അവർ പറഞ്ഞു.
സിനിമ മേഖലയിൽ സ്ത്രീയും പുരുഷനും കൈകോര്‍ത്താണ് നല്ല സിനിമകള്‍ ഉണ്ടാകുന്നത്. എന്നാല്‍ എല്ലാ മേഖലകളിലും ഉള്ളപോലെ ചില മോശം പ്രവണതകള്‍ ഇവിടെയുണ്ട്. സ്ത്രീകളാണ് ഇത്തരം ആരോപണം ഉന്നയിക്കുന്നെങ്കിലും പുരുഷന്മാരെയും ബാധിക്കുന്നതാണെന്ന് ഉർവശി വ്യക്തമാക്കി.
ഇന്നലെ അമ്മ ജനറൽ സെക്രട്ടറി സിദ്ധിഖ് നൽകിയ വിശദീകരണം സംബന്ധിച്ചും താരം പ്രതികരിച്ചു. “ഇന്നലെ സിദ്ദിഖ് സംസാരിച്ചത് കേട്ടു. ആദ്യത്തെ പ്രതികരണം എന്ന നിലയില്‍ അങ്ങനെയെ അദ്ദേഹത്തിന് പറയാന്‍ സാധിക്കൂ. എന്നാല്‍ അതിന് അപ്പുറം നിലപാട് വേണം. ഒരു സ്ത്രീ തന്റെ ലജ്ജയും വിഷമവും എല്ലാം ഒതുക്കി ഒരു കമ്മീഷന് മുന്നിൽ കൊടുക്കുന്ന മൊഴിക്ക് ആ വില കൊടുക്കണം.
പ്രതികാരം തീർക്കാൻ ആണെങ്കിൽ അവർക്ക് ഈ കാര്യങ്ങൾ ഒരു പ്രസ് മീറ്റ് വിളിച്ചു പറഞ്ഞാൽ പോരെ. ഇത് അങ്ങനെയല്ല കൊടുത്തിരിക്കുന്നത്. ആ സ്ത്രീകള്‍ക്കൊപ്പം ഞാന്‍ എന്നുമുണ്ട്. അമ്മ ഇനി നിലപാട് പറയണം- ഉർവശി പറഞ്ഞു.
ചലച്ചിത്ര അക്കാദമി ചെയർമാനും സംവിധായകനുമായ രഞ്ജിത്തിനെതിരെ ബംഗാളി നടി ഉയർത്തിയ ആരോപണം വളരെ ഗൗരവമുള്ളതാണെന്നും ഇതിൽ ശക്തമായ നടപടി സ്വീകരിച്ചില്ലെങ്കിൽ പരാതിയുള്ളവര്‍ കൂട്ടത്തോടെ രംഗത്ത് വരുന്ന അവസ്ഥായാണ് ഇനിയുണ്ടാകുക എന്നും ഉർവശി കൂട്ടിച്ചുചേർത്തു.