തിരുവനന്തപുരം: ദീപാവലി ആഘോഷിക്കാൻ ഒരുക്കങ്ങളുമായി കേരളം. ആഘോഷദിവസം വർണവിസ്മയം തീർക്കാൻ എല്ലാ ജില്ലകളിലും രണ്ടു ദിവസം മുൻപേ പടക്കക്കടകൾ സജീവമായി. കുറഞ്ഞ വിലയ്ക്ക് ലഭ്യമാകുന്ന വർണപ്പൊലിമയുള്ള പടക്കങ്ങൾ തേടിയാണ് ആളുകൾ കടകളിലേക്ക് എത്തുന്നത്.
പുക ഇല്ലാത്ത കമ്പിത്തരി മുതൽ ലോട്ടസ് വീസ് തറ ചക്രം വരെ നീളുന്നു പടക്ക വിപണിയിലെ ഇത്തവണത്തെ പുതുമകൾ. നാടൻ പടക്കങ്ങളായ ഓലപ്പടക്കത്തിനും ആവശ്യക്കാർ ഏറെയാണ്. പ്രാദേശികമായി ഉൽപാദിപ്പിക്കുന്നവയും പടക്കങ്ങൾക്ക് പേരുകേട്ട തമിഴ്നാട്ടിലെ ശിവകാശിയിൽ നിന്ന് ഇറക്കുമതി ചെയ്യുന്നവയുമായ പടക്കങ്ങളാണ് വിപണിയിലുള്ളത്.
പടക്കം പൊട്ടിക്കാൻ ഈ സമയം മാത്രം
ദീപാവലി ദിവസമായ 31ന് രാത്രി എട്ടു മുതൽ 10 വരെയാണ് പടക്കം പൊട്ടിക്കാൻ അനുമതിയുള്ളത്. അന്തരീക്ഷ മലിനീകരണം നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണ് നിയന്ത്രണം. ഇതുസംബന്ധിച്ചു സംസ്ഥാന സർക്കാർ ഉത്തരവിറക്കിയിരുന്നു. ക്രിസ്മസ്, പുതുവത്സരാഘോഷങ്ങളിൽ പടക്കം പൊട്ടിക്കുന്നത് രാത്രി 11:55 മുതൽ പുലർച്ചെ 12:30യുമാക്കും നിയന്ത്രിച്ചിട്ടുണ്ട്. ദേശീയ ഹരിത ട്രിബ്യൂണൽ ഉത്തരവിന്റെയും സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിന്റെ കത്തിന്റെയും അടിസ്ഥാനത്തിലാണ് സംസ്ഥാന സർക്കാരിൻ്റെ നിർദേശം
ഹരിത പടക്കം മാത്രം
ആഘോഷങ്ങളിൽ ഹരിത പടക്കം മാത്രമേ ഉപയോഗിക്കാൻ പാടുള്ളൂ എന്നും നിർദേശമുണ്ട്. പടക്കം പൊട്ടിക്കുന്നതിനുള്ള സമയ നിയന്ത്രണം ഉറപ്പാക്കുന്നതിനും സംസ്ഥാനത്ത് ഹരിത പടക്കങ്ങൾ മാത്രമേ വിൽക്കുന്നുള്ളൂവെന്ന് ഉറപ്പാക്കുന്നതിനും ജില്ലാ കളക്ടർമാർക്കും ജില്ലാ പോലീസ് മേധാവിമാർക്കും നിർദേശം നൽകി ആഭ്യന്തര വകുപ്പ് ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്.
പടക്കം പൊട്ടിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
- പടക്കം പൊട്ടിക്കുമ്പോൾ തീപിടിത്തം അടക്കമുള്ള അടിയന്തരഘട്ടങ്ങളിൽ ഉപയോഗിക്കാനായി വെള്ളം കരുതണം.
- പടക്കത്തിന് തീകൊളുത്തുമ്പോൾ അകലം പാലിക്കണം.
- വയോധികർ, കുട്ടികൾ, രോഗികൾ എന്നിവർക്കടുത്തുവെച്ച് പടക്കം പൊട്ടിക്കുന്നത് ഒഴിവാക്കണം.
- കുട്ടികൾ മുതിർന്നവരുടെ സാന്നിധ്യത്തിൽ മാത്രം പടക്കം പൊട്ടിക്കുക.
- പൊട്ടിക്കുന്ന സ്ഥലത്ത് പടക്കം കൂട്ടിയിടാൻ പാടില്ല.
- പടക്കത്തിൽ തീകൊളുത്തി റോഡിലേക്ക് വലിച്ചെറിയാൻ പാടില്ല.
- 25 ഡെസിബെല്ലിന് മുകളിൽ ശബ്ദമുള്ള പടക്കങ്ങൾ പൊട്ടിക്കാൻ പാടില്ല.
- പടക്കം പൊട്ടിക്കുമ്പോൾ സിൽക്ക്, പോളിസ്റ്റർ വസ്ത്രങ്ങൾ ധരിക്കരുത്