സിനിമാ വ്യവസായത്തെ സംരക്ഷിക്കാൻ കേരള സർക്കാർ ഫലപ്രദമായ നിലപാടുകളാണ് സ്വീകരിച്ചതെന്ന് എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ. മുകേഷ് രാജി വയ്ക്കേണ്ട ആവശ്യമില്ല, ഇതിന് മുമ്പ് കേരളത്തിലെ രണ്ട് എംഎൽഎമാർക്കെതിരെ ഇതിലും വലിയ പീഡന കേസുകൾ രജിസ്റ്റർ ചെയ്തിരുന്നു. അവർ ഇതുവരെയും രാജി വച്ചിട്ടില്ല.
മറ്റ് രണ്ട് എംഎൽഎമാർ രാജിവച്ചാൽ മുകേഷും രാജിവയ്ക്കുമെന്നും ഇപി ജയരാജൻ പറഞ്ഞു.ചരിത്രത്തിലാദ്യമായി സിനിമാ മേഖലയെ സംരക്ഷിക്കാനുള്ള നടപടി സ്വീകരിച്ച് നാടിന് മാതൃകയായിരിക്കുകയാണ് കേരളാ സർക്കാർ. സിനിമാ ലോകം നേരിട്ട് കൊണ്ടിരിക്കുന്ന പ്രശ്നങ്ങൾ പരിഹരിക്കണം.
സ്ത്രീ സംരക്ഷണം ഉറപ്പ് വരുത്തണം. ഇതിനൊക്കെ വേണ്ടിയുള്ള ഫലപ്രദമായ നടപടികളാണ് സർക്കാർ സ്വീകരിച്ചിട്ടുള്ളത്. അതിന് മുഖം നോക്കാതെ ശക്തമായ നടപടികളാണ് സർക്കാർ സ്വീകരിക്കുന്നതെന്നും ഇടതു മുന്നണി കൺവീനർ വ്യക്തമാക്കി.
ഇന്ത്യയുടെ ചരിത്രത്തിലാദ്യമായി ഏഴ് ഐപിഎസ് ഉദ്യോഗസ്ഥന്മാരാണ് ഇതിനായി ചേർന്നത്. ഇതിൽ, നാല് വനിതാ ഐപിഎസ് ഉദ്യോഗസ്ഥരാണ്. ഇങ്ങനെ ഏഴംഗ സമിതിയെ നിയോഗിച്ച് കൊണ്ടാണ് ഫലപ്രദമായ നടപടികളാണ് ഗവൺമെന്റ് സ്വീകരിക്കുന്നത്. ഒരാളോടും പ്രത്യേകമായ മമതയോ സംരക്ഷണമോ നൽകുകയില്ല. ആരു തെറ്റ് ചെയ്താലും തെറ്റുകൾക്കെതിരെയുള്ള ശക്തമായ നടപടികൾ സ്വീകരിക്കുമെന്നും ഇ പി ജയരാജൻ ചൂണ്ടിക്കാട്ടി.
മുകേഷിന്റെ രാജി ആർക്കും ആവശ്യപ്പെടാം. ഇതിന് മുമ്പ് കേരളത്തിലെ രണ്ട് എംഎൽഎമാർക്കെതിരെ ഇതിലും വലിയ ആരോപണമാണ് ഉയർന്നത്. ആ രണ്ട് എംഎൽഎ മാർ രാജി വച്ച് പോയാൽ തീർച്ചയായും മൂന്നാമത്തെ ആൾ രാജിവയ്ക്കും.
ഇപ്പോഴത്തെ അന്വേഷണം സിനിമാ രംഗത്തെ സംബന്ധിച്ചിട്ടുള്ളതാണ്. ഒരു എംഎൽഎ ചെയ്ത തെറ്റിൽ രാജിയാണ് ആവശ്യമെങ്കിൽ ഇതിന് മുമ്പ് തെറ്റ് ചെയ്ത രണ്ട് എംഎൽഎമാർ രാജി വയ്ക്കണം. അതിന് ശേഷം മുകേഷ് രാജിവയ്ക്കുമെന്നും ഇ പി ജയരാജൻ കൂട്ടിച്ചേർത്തു.