തിരുവനന്തപുരം: അമ്പത്തിനാലാമത് സംസ്ഥാന ചലച്ചിത്ര പുരസ്ക്കാരങ്ങൾ പ്രഖ്യാപിച്ചു. ജനപ്രിയ ചിത്രമായി ആടുജീവിതം തെരഞ്ഞെടുത്തു. മികച്ച ചലച്ചിത്ര ഗ്രന്ഥത്തിനുള്ള പുരസ്ക്കാരം മഴവിൽ കണ്ണിലൂടെ മലയാള സിനിമ എന്ന ഗ്രന്ഥത്തിന് കിഷോർ കുമാറിന് ലഭിച്ചു. കെ ആർ ഗോകുൽ (ആടുജീവിതം), സുധി കോഴിക്കോട് (കാതൽ), അരുൺ ചന്തു (ഗഗനചാരി) എന്നിവർ പ്രത്യേക ജൂറി പരാമർശത്തിന് അർഹരായി.
സാംസ്ക്കാരികവകുപ്പ് മന്ത്രി സജി ചെറിയാൻ തിരുവനന്തപുരത്ത് നടത്തിയ വാർത്താസമ്മേളനത്തിലാണ് പുരസ്ക്കാരങ്ങൾ പ്രഖ്യാപിച്ചത്. പ്രശസ്ത സംവിധായകൻ സുധീർ മിശ്ര അധ്യക്ഷനായ ജ്യൂറിയാണ് പുരസ്ക്കാര നിർണയം നടത്തിയത്. സംവിധായകൻ പ്രിയനന്ദനും ഛായാഗ്രാഹകൻ അഴകപ്പനുമാണ് പ്രാഥമിക ജൂറി അധ്യക്ഷൻമാര്‍. എഴുത്തുകാരൻ എൻ എസ് മാധവൻ, സംവിധായകൻ ലിജോ ജോസ് പെല്ലിശേരി എന്നിവർ ജ്യൂറി അംഗങ്ങളാണ്. 160 സിനിമകളാണ് പുരസ്ക്കാരത്തിനായി പരിഗണിച്ചത്. ഇതിൽ 38 ചിത്രങ്ങളാണ് അന്തിമപട്ടികയിൽ ഇടംപിടിച്ചത്.