Monday, December 23, 2024
Homeകേരളംഅഭിമാനവും ആവേശവുമുയർത്തി 78 ാം സ്വാതന്ത്ര്യദിനാഘോഷം

അഭിമാനവും ആവേശവുമുയർത്തി 78 ാം സ്വാതന്ത്ര്യദിനാഘോഷം

അപ്രതീക്ഷിതമായെത്തിയ കനത്തമഴയെ അവഗണിച്ച് സ്വാതന്ത്ര്യത്തിന്റെ അഭിമാനവും ആവേശവും വാനോളമുയർത്തി സായുധസേനകളും സായുധേതര വിഭാഗങ്ങളും താളബദ്ധമായ ചുവടുകളോടെ പരേഡിന് അണിനിരന്നപ്പോൾ 78ാം സ്വാതന്ത്ര്യദിനാഘോഷം പ്രൗഢോജ്ജ്വലമായി. രാവിലെ ഒമ്പതിന് തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ നടന്ന സംസ്ഥാനതല സ്വാതന്ത്ര്യദിനാഘോഷത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ദേശീയ പതാക ഉയർത്തി. പരേഡിൽ സായുധസേനാ വിഭാഗങ്ങളും സായുധേതര വിഭാഗങ്ങളുമടക്കം 29 പ്ലറ്റൂണുകൾ അണിനിരന്നു.

പാലക്കാട് എ.എസ്.പി അശ്വതി ജിജി സ്വാതന്ത്ര്യദിന പരേഡ് കമാൻഡറായി. മുട്ടികുളങ്ങര കെഎപി ബറ്റാലിയൻ രണ്ടിന്റെ അസി. കമാൻഡന്റ് പ്രമോദ് വി സെക്കൻഡ് ഇൻ കമാൻഡായി. ബാൻഡ് വിഭാഗങ്ങൾ അടക്കം 29 പ്ലറ്റൂണുകൾ പരേഡിൽ അണിനിരന്നു. ഇതിൽ 15 പ്ലറ്റൂണുകൾ സായുധ സേനകളും 11 പ്ലറ്റൂണുകൾ സായുധേതര വിഭാഗങ്ങളുമായിരുന്നു.

മലബാർ സ്‌പെഷ്യൽ പൊലീസ്, സ്‌പെഷ്യൽ ആംഡ് പൊലീസ്, കേരള ആംഡ് പൊലീസ് ബറ്റാലിയൻ 1,2, 3, 4, 5, കേരള സായുധ വനിത പൊലീസ് ബറ്റാലിയൻ, ഇൻഡ്യ റിസർവ് ബറ്റാലിയൻ, തമിഴ്‌നാട് സംസ്ഥാന പൊലീസ്, റാപിഡ് റെസ്‌പോൺസ് ആന്റ് റെസ്‌ക്യൂ ഫോഴ്‌സ്, തിരുവനന്തപുരം സിറ്റി പൊലീസ്, ജയിൽ, എക്‌സൈസ്, വനം, ഫയർ ആന്റ് റെസ്‌ക്യു, മോട്ടോർ വെഹിക്കിൾ വകുപ്പുകൾ എന്നിവയും സൈനിക് സ്‌കൂൾ, എൻസിസി സീനിയർ ഡിവിഷൻ ആർമി ആൺ, പെൺ വിഭാഗങ്ങൾ, എൻസിസി സീനിയർ ഡിവിഷൻ നേവൽ വിഭാഗം, എൻസിസി ജൂനിയർ എയർ വിഭാഗം, സ്റ്റുഡന്റ് പൊലീസ് കേഡറ്റ് ആൺ പെൺ വിഭാഗങ്ങൾ, ഭാരത് സ്‌കൗട്ട്‌സ്, ഗൈഡ്‌സ്, തിരുവനന്തപുരം സിറ്റി പൊലീസ് അശ്വാരൂഢ സേന എന്നീ പ്ലറ്റൂണുകൾ പരേഡിൽ അണിനിരന്നു. ബ്രാസ് ബാൻഡ്, പൈപ്പ് ബാൻഡ് എന്നിവ പരേഡിന് താളമേകി.

രാവിലെ 8.59 ന് എത്തിയ മുഖ്യമന്ത്രിയെ ചീഫ് സെക്രട്ടറി ഡോ. വി വേണുവും സംസ്ഥാന പൊലീസ് മേധാവി ഷെയ്ഖ് ദർവേഷ് സാഹിബും ചേർന്ന് സ്വീകരിച്ചു. ദേശീയ പതാക ഉയർത്തിയ ശേഷം മുഖ്യമന്ത്രി അഭിവാദനം സ്വീകരിച്ചു. പതാക ഉയർത്തിയ ഉടനേ ചേതക് ഹെലികോപ്റ്ററിൽ നിന്ന് പുഷ്പവൃഷ്ടി നടന്നു. തുടർന്ന് പരേഡ് കമാൻഡർക്കൊപ്പം മുഖ്യമന്ത്രി പരേഡ് പരിശോധിച്ചു. ശേഷം മുഖ്യമന്ത്രി സ്വാതന്ത്ര്യദിന സന്ദേശം നൽകി. രാഷ്ട്രപതിയുടെ പൊലീസ് മെഡലുകൾ, രാഷ്ട്രപതിയുടെ ഫയർ സർവീസ് മെഡലുകൾ, രാഷ്ട്രപതിയുടെ കറക്ഷണൽ സർവീസ് മെഡലുകൾ എന്നിവയ്ക്ക് അർഹരായവർക്കും ഉത്തംജീവൻ രക്ഷാപതക്, ജീവൻരക്ഷാപതക് എന്നിവ നേടിയവർക്കും മുഖ്യമന്ത്രി മെഡലുകൾ സമ്മാനിച്ചു. സ്വാതന്ത്ര്യദിന പരേഡിൽ മികവുകാട്ടിയ പ്ലറ്റൂണുകൾക്കുള്ള പുരസ്‌കാരങ്ങളും അദ്ദേഹം വിതരണം ചെയ്തു. തുടർന്നു ജില്ലയിലെ വിവിധ സ്‌കൂളുകളിലെ വിദ്യാർഥികൾ ദേശഭക്തിഗാനങ്ങൾ ആലപിച്ചു.

ഭക്ഷ്യ, സിവിൽ സപ്ലൈസ് വകുപ്പു മന്ത്രി ജി ആർ അനിൽ, എ എ റഹീം എംപി, എം.എൽ.എമാരായ കടകംപള്ളി സുരേന്ദ്രൻ, വി.കെ. പ്രശാന്ത്, സി. കെ ഹരീന്ദ്രൻ, ജി സ്റ്റീഫൻ, ചീഫ് സെക്രട്ടറി ഡോ. വി. വേണു, സംസ്ഥാന പൊലീസ് മേധാവി ഡോ. ഷെയ്ക് ദർവേഷ് സാഹെബ്, ഉന്നത ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു. സ്വാതന്ത്ര്യദിനാഘോഷച്ചടങ്ങുകൾ കാണാനായി ജനപ്രതിനിധികളും ഉദ്യോഗസ്ഥരും പൊതുജനങ്ങളുമടക്കം സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് നിരവധി പേരെത്തിയിരുന്നു.

നിയമസഭയിൽ സ്വാതന്ത്ര്യദിനം ആഘോഷിച്ചു

രാജ്യത്തിന്റെ 78-ാമത് സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് വ്യാഴാഴ്ച രാവിലെ 9 മണിക്ക് നിയമസഭാങ്കണത്തിൽ സ്പീക്കർ എ.എൻ. ഷംസീർ ദേശീയപതാക ഉയർത്തുകയും വാച്ച് ആന്റ് വാർഡിന്റെ ഗാർഡ് ഓഫ് ഓണർ സ്വീകരിക്കുകയും ചെയ്തു. തുടർന്ന് നിയമസഭാ സമുച്ചയത്തിലെ മഹാത്മാഗാന്ധി, പണ്ഡിറ്റ് ജവഹർലാൽ നെഹ്റു, ഡോ. ബി.ആർ. അംബേദ്കർ, കെ.ആർ. നാരായണൻ എന്നീ ദേശീയ നേതാക്കളുടെ പ്രതിമകളിൽ സ്പീക്കർ പുഷ്പാർച്ചന നടത്തി. വെള്ളയമ്പലം ക്രൈസ്റ്റ് നഗർ സ്കൂളിലെ വിദ്യാർഥികൾ ബാൻഡ് മേളം അവതരിപ്പിച്ചു. തുടർന്ന് ജീവനക്കാരുടെ ഗായകസംഘം ദേശഭക്തി ഗാനങ്ങൾ ആലപിച്ചു. നിയമസഭ സെക്രട്ടറി ഡോ. എൻ. കൃഷ്ണ കുമാർ, നിയമസഭ സെക്രട്ടേറിയറ്റ് ജീവനക്കാർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

ഒരുമയും ഐക്യവും ഊട്ടിയുറപ്പിച്ച് നവകേരള നിർമ്മിതിയിൽ മുന്നേറാനാവണം: മുഖ്യമന്ത്രി
ജനാധിപത്യത്തെ സംരക്ഷിക്കാൻ ജാഗ്രത്തായ ഇടപെടലുകൾ വേണം

നമ്മുടെ ഒരുമയും ഐക്യവും ഊട്ടിയുറപ്പിച്ചുകൊണ്ട് നവകേരള നിർമ്മിതിയിൽ തുടർന്നും മുന്നേറാനാവണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. അതിനുള്ള പ്രചോദനമാകണം വ്യത്യസ്ത ധാരകളിൽപ്പെട്ട സ്വാതന്ത്ര്യസമര സേനാനികളുടെ സ്മരണ. അവർ സ്വപ്നംകണ്ട ഇന്ത്യ യാഥാർത്ഥ്യമാക്കുമെന്ന് പ്രതിജ്ഞയെടുത്തുകൊണ്ട് സ്വാതന്ത്ര്യ ദിനാഘോഷങ്ങൾ നമുക്ക് അന്വർത്ഥമാക്കാം. തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ 78-ാം സ്വാതന്ത്ര്യദിനാഘോഷ ചടങ്ങിൽ സ്വാതന്ത്ര്യദിന സന്ദേശം നൽകുകയായിരുന്നു മുഖ്യമന്ത്രി.

വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ അതീവ ദുഃഖത്തിന്റേതായ അന്തരീക്ഷത്തിലാണ് ഇത്തവണ നാം സ്വാതന്ത്യദിനം ആഘോഷിക്കുന്നത്. കേരളം മാത്രമല്ല, ഇന്ത്യയാകെ ആ ദുഃഖത്തിലാഴ്ന്നിരിക്കുന്ന ഘട്ടമാണിത്. എന്നാൽ വിഷമിച്ചിരുന്നാൽ മതിയാവില്ല. നമുക്ക് അതിജീവിക്കേണ്ടതുണ്ട്. നാടിന്റെ പൊതുവായ അതിജീവനത്തിനുള്ള കൂട്ടായ പ്രവർത്തനങ്ങൾക്ക് ഊർജ്ജം പകരുന്നതാവണം ഇത്തവണത്തെ സ്വാതന്ത്ര്യ ദിനാഘോഷങ്ങൾ.

സ്വാതന്ത്ര്യലബ്ധിയുടെ ദശാബ്ദത്തോളമാകുന്ന ഈ ഘട്ടം ഒരു തിരിഞ്ഞുനോട്ടത്തിന്റേത് ആകേണ്ടതുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. സ്വതന്ത്ര ഇന്ത്യക്കായുള്ള പോരാട്ടത്തിന്റെ ഘട്ടത്തിൽ എന്തൊക്കെയായിരുന്നു നമ്മുടെ സ്വപ്നങ്ങൾ, അവയിൽ എന്തൊക്കെ സാക്ഷാത്ക്കരിക്കാൻ നമുക്കു കഴിഞ്ഞു, ഇനിയും നേടിയെടുക്കാനുള്ളവ എന്തൊക്കെയാണ്, അതിനായി ഏറ്റെടുക്കേണ്ട പ്രവർത്തനങ്ങൾ എന്തൊക്കെയാണ് എന്നിങ്ങനെയുള്ള ചോദ്യങ്ങളാണ് ഈ ഘട്ടത്തിൽ ഏറ്റവും പ്രസക്തമാകുന്നത്.

വൈദേശിക ആധിപത്യത്തിനെതിരായ ഇന്ത്യൻ ദേശീയ സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമായിരുന്ന ത്യാഗധനരായ ധീരദേശാഭിമാനികളെയും സ്വാതന്ത്യ സമരത്തിന്റെ ഭാഗമായി ജീവൻ വെടിഞ്ഞ രക്തസാക്ഷികളെയും ഓർമ്മിക്കേണ്ടതുണ്ട്. അവരുടെ സ്മരണകൾക്ക് അഭിവാദ്യം അർപ്പിക്കേണ്ടതുണ്ട്. അതിനപ്പുറം അവരുടെ സ്വപ്നങ്ങൾ എന്തായിരുന്നു എന്ന് ചിന്തിക്കേണ്ടതുമുണ്ട്- മുഖ്യമന്ത്രി പറഞ്ഞു.

സാമ്രാജ്യാധിപത്യത്തിനും രാജഭരണത്തിനും പകരം ജനാധിപത്യ ഭരണസംവിധാനം നിലവിൽ വരുത്തുക എന്നതായിരുന്നു ഏറ്റവും പ്രധാനപ്പെട്ട സ്വപ്നം. അത് യാഥാർത്ഥ്യമാക്കത്തക്ക വിധത്തിലാണ് വ്യത്യസ്ത ചിന്താധാരകളെ ഉൾക്കൊള്ളിച്ചിട്ടുള്ള ഭരണഘടനയിൽ ഇന്ത്യയെ പരമാധികാര ജനാധിപത്യ റിപ്പബ്ലിക്കായി വിശേഷിപ്പിച്ചത്. കഴിഞ്ഞ 78 വർഷംകൊണ്ട് ജനാധിപത്യ സംവിധാനത്തെ സംരക്ഷിച്ചു നിർത്തുന്നതിലും മെച്ചപ്പെടുത്തുന്നതിലും ഇന്ത്യക്ക് കഴിഞ്ഞിട്ടുണ്ട് എന്നത് അഭിമാനകരമാണ്.

നമ്മുടെ അതേ ഘട്ടത്തിൽത്തന്നെ സ്വാതന്ത്ര്യം നേടിയ പല രാജ്യങ്ങളിലും ജനാധിപത്യം അട്ടിമറിക്കപ്പെടുന്ന സാഹചര്യങ്ങൾ പലയാവർത്തി ഉണ്ടായിട്ടുണ്ട്. എന്നാൽ, നമ്മുടെ ജനാധിപത്യം വെല്ലുവിളികൾ നേരിട്ടിട്ടുള്ള ഘട്ടങ്ങളിൽ അതിനെ സംരക്ഷിക്കാൻ ഇന്ത്യൻ ജനതയൊന്നാകെ ജാഗരൂകരായി നിലകൊണ്ടിട്ടുണ്ട് എന്നതിൽ നമുക്കെല്ലാവർക്കും അഭിമാനിക്കാം. ജാഗ്രത്തായ അത്തരം ഇടപെടലുകൾ തുടർന്നും ഉണ്ടാകുന്നു എന്നുറപ്പുവരുത്താനുള്ള ഉത്തരവാദിത്തം ഓരോ ഇന്ത്യക്കാരനുമുണ്ട് എന്ന ഓർമ്മപ്പെടുത്തലാണ് ഓരോ സ്വാതന്ത്ര്യദിനവും നടത്തുന്നത്. സാക്ഷരത, വിദ്യാഭ്യാസം, ആരോഗ്യം, പട്ടിണി, പാർപ്പിടം, കൃഷി, ഉത്പാദനം, വ്യവസായം, സേവനം, സമ്പദ്ഘടന എന്നിങ്ങനെ പല മേഖലകളിലും 1947-ൽ ഉണ്ടായിരുന്നതിനെക്കാൾ വളരെ മികച്ച നിലയിലാണ് ഇന്ന് ഇന്ത്യയുള്ളത്. ഐ.ടി. യുടെയും സ്റ്റാർട്ടപ്പുകളുടെയും ഒക്കെ ഹബ്ബാണ് ഇന്ന് ഇന്ത്യ. ശാസ്ത്ര-സാങ്കേതികവിദ്യ-ബഹിരാകാശ രംഗങ്ങളിലടക്കം അഭിമാനകരമായ നേട്ടങ്ങൾ കൈവരിക്കാൻ കഴിഞ്ഞിട്ടുണ്ട്. എന്നാൽ, അതേസമയംതന്നെ നമ്മുടെ പൊതുവായ ശാസ്ത്രാവബോധത്തിൽ കോട്ടമുണ്ടാവുന്ന സാഹചര്യം നാം കാണാതെ പോകരുത്.

കേവലം കോട്ടംവരൽ മാത്രമല്ല, അന്ധവിശ്വാസങ്ങളുടെ, ദുരാചാരങ്ങളുടെ, പ്രാകൃത അനുഷ്ഠാനങ്ങളുടെ പുനരുജ്ജീവനത്തിലേക്കുപോലും പോകുന്നു. ഏത് ഇരുണ്ടഘട്ടത്തെ താണ്ടിയാണോ പുതുകാലത്തേക്കു വന്നത്, ആ കാലത്തെ അന്ധകാരം തിരിച്ചു കൊണ്ടുവരാൻ ജാതീയതയെയും വർഗ്ഗീയതയെയും ആയുധമാക്കി ചിലർ ശ്രമിക്കുന്നു. അത് നമ്മുടെ മതനിരപേക്ഷതയെപ്പോലും അപകടത്തിലാക്കുന്നു. ഇതിനെ എങ്ങനെ ഫലപ്രദമായി മറികടക്കാം എന്നത് നാം ഈ ഘട്ടത്തിൽ പ്രത്യേകമായി വിലയിരുത്തേണ്ടതുണ്ട്.

ശാസ്ത്രാവബോധത്തിൽ ഉണ്ടാകുന്ന പിന്നോട്ടു പോക്ക് വിഘടന-വിഭാഗീയ പ്രവണതകൾക്ക് വളംവയ്ക്കുന്ന അവസ്ഥപോലും സൃഷ്ടിക്കുന്നുണ്ട് എന്നത് നാം ഗൗരവത്തോടെ കാണേണ്ടതുണ്ട്. ഇത്തരം പ്രവണതകൾ രാജ്യത്തിന്റെ ഐക്യത്തെയും അഖണ്ഡതയെയും പ്രതികൂലമായി ബാധിക്കാതിരിക്കാൻ ഒരു ജനത എന്ന നിലയ്ക്ക് നാം സവിശേഷ ശ്രദ്ധ പുലർത്തേണ്ടതുണ്ട്. രാജ്യത്ത് എവിടെയും വിവേചനങ്ങളും അതിക്രമങ്ങളും നേരിടുന്ന ജനവിഭാഗങ്ങളോട് ഐക്യപ്പെടാനും അവരുടെ അവകാശങ്ങൾ സംരക്ഷിക്കാനും നിലനിൽപ്പ് ഉറപ്പുവരുത്താനും നാം ബദ്ധശ്രദ്ധരായിരിക്കണം. എങ്കിൽ മാത്രമേ അശാസ്ത്രീയ പ്രചരണങ്ങളെയും വിഘടന-വിഭാഗീയ ശ്രമങ്ങളെയും അതിജീവിച്ചു കൊണ്ട് നമ്മുടെ നാടിനു മുന്നേറാൻ കഴിയൂ.

ശാസ്ത്ര-സാങ്കേതിക രംഗങ്ങളിൽ നേട്ടങ്ങൾ ഉണ്ടെന്നു പറയുമ്പോഴും 21 ാം നൂറ്റാണ്ടിൽപ്പോലും പ്രകൃതിദുരന്തങ്ങളെ മുൻകൂട്ടി പ്രവചിക്കാനും ജനങ്ങളുടെ സ്വത്തിനും ജീവനും സംരക്ഷണം ഉറപ്പുവരുത്തുന്ന വിധത്തിൽ അവയ്ക്കെതിരായ പ്രതിരോധം തീർക്കാനും രാജ്യത്തിനു കഴിയുന്നില്ല എന്നത് നമ്മെ ചിന്തിപ്പിക്കേണ്ടതുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. പൊതുവായ മുന്നറിയിപ്പുകളല്ല, കൃത്യമായ പ്രവചനങ്ങളാണ് ദുരന്തങ്ങളെ പ്രതിരോധിക്കാൻ ഉപകരിക്കുക എന്നത് ലോകത്താകെയുള്ള പല അനുഭവങ്ങളും ഇതിനോടകം വ്യക്തമാക്കിയിട്ടുണ്ട്. നമ്മുടെ രാജ്യത്തും ആ നിലയിലേക്ക് ഉയരാൻ വേണ്ട ഇടപെടലുകൾ നടത്തേണ്ടതുണ്ട്.

രാജ്യത്തിന്റെ ഉയർച്ച ഉറപ്പുവരുത്തുന്നതിൽ ഏറ്റവും പ്രധാനപ്പെട്ട പങ്കുവഹിക്കുക രാജ്യത്തെ വ്യത്യസ്ത പ്രദേശങ്ങളുടെ സമതുലിതമായ വികസനമാണെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. എല്ലാ പ്രദേശങ്ങൾക്കും വിഭാഗങ്ങൾക്കും ഭരണനിർവ്വഹണത്തിൽ തുല്യപങ്കാളിത്തവും, വിഭവങ്ങളുടെമേൽ തുല്യഅവകാശവും ഉറപ്പുവരുത്താതെ പ്രാദേശികമായ അസന്തുലിതാവസ്ഥകൾക്ക് പരിഹാരം കാണാൻ കഴിയുകയില്ല. അത് ഉറപ്പുവരുത്തിക്കൊണ്ടു മാത്രമേ ഇന്ത്യൻ ജനാധിപത്യത്തെ പൂർണ്ണതോതിൽ അർത്ഥവത്താക്കാൻ കഴിയുകയുള്ളൂ. അതേസമയംതന്നെ പ്രാദേശിക അസന്തുലിതാവസ്ഥകൾക്ക് ആക്കംകൂട്ടുന്ന നടപടികൾ ഭരണാധികാരികളുടെ ഭാഗത്തുനിന്നും ഉണ്ടാകുന്നില്ല എന്നുറപ്പുവരുത്തേണ്ടതുമുണ്ട്. ഇക്കാര്യത്തിൽ ജനങ്ങളുടെയാകെ ജാഗരൂകമായ സമീപനത്തിനും കാര്യക്ഷമമായ ഇടപെടലിനും വലിയ പ്രസക്തിയുണ്ട്.

ജനകീയ പങ്കാളിത്തത്തോടെ വികസന-ക്ഷേമ പ്രശ്‌നങ്ങൾ കൈകാര്യം ചെയ്യുന്നതിലും അധികാര വികേന്ദ്രീകരണം ഉറപ്പുവരുത്തുന്നതിലുമെല്ലാം രാജ്യത്തിനു തന്നെ മാതൃകയായിട്ടുള്ള സംസ്ഥാനമാണ് കേരളമെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ഭാഷാടിസ്ഥാനത്തിലുള്ള സംസ്ഥാനമായി ഏകീകരിക്കപ്പെടുന്നത് ഇന്ത്യ സ്വാതന്ത്ര്യം നേടി ഏതാണ്ട് ഒരു ദശാബ്ദത്തോളം കഴിഞ്ഞ ഘട്ടത്തിലാണ്.

ആ കേരളം ആരോഗ്യം, വിദ്യാഭ്യാസം, തൊഴിൽ, ഭരണനിർവ്വഹണം, ക്രമസമാധാനം, സാമൂഹ്യസുരക്ഷിതത്വം തുടങ്ങിയ വിവിധ മേഖലകളിൽ ഇന്ന് രാജ്യത്തിന്റെ മുൻപന്തിയിലാണ് എന്നത് കേരളീയർക്കാകെ അഭിമാനം പകരുന്ന വസ്തുതയാണ്. ഐക്യരാഷ്ട്രസഭയുടെയും നിതി ആയോഗിന്റെയും സുസ്ഥിര വികസനലക്ഷ്യങ്ങൾ കൈവരിക്കുന്നതിൽ മുൻപന്തിയിലാണ് കേരളം. പബ്ലിക് അഫയേഴ്സ് ഇൻഡക്സിൽ ഏറ്റവും മികച്ച ഭരണനിർവ്വഹണമുള്ള സംസ്ഥാനമായി തുടർച്ചയായി വിലയിരുത്തപ്പെട്ടിട്ടുള്ള സംസ്ഥാനമാണ് കേരളം. ഏറ്റവും അഴിമതി കുറഞ്ഞ സംസ്ഥാനമായി സെന്റർ ഫോർ മീഡിയ സ്റ്റഡീസ് വിലയിരുത്തിയിട്ടുള്ളത് കേരളത്തെയാണ്. ദേശീയ ക്രൈം റെക്കോർഡ്‌സ് ബ്യൂറോയുടെ കണക്കുകൾ പ്രകാരം ഏറ്റവും മികച്ച ക്രമസമാധാനനിലയുള്ളതും ഒരൊറ്റ വർഗ്ഗീയസംഘർഷം പോലും ഇല്ലാത്തതുമായ നാടാണ് കേരളം. ഏറ്റവും കുറഞ്ഞ ശിശുമരണനിരക്കും മാതൃമരണനിരക്കുമുള്ള സംസ്ഥാനവുമാണ് കേരളം.

നിതി ആയോഗ് പ്രസിദ്ധീകരിച്ച സ്‌കൂൾ എജ്യൂക്കേഷൻ ക്വാളിറ്റി ഇൻഡക്‌സിൽ ഒന്നാം സ്ഥാനത്താണ് കേരളം. രാജ്യത്ത് ഏറ്റവും കൂടുതൽ പി.എസ്.സി. നിയമനങ്ങൾ നടക്കുന്ന സംസ്ഥാനമാണ് കേരളം. രാജ്യത്തെ ഏറ്റവും മികച്ച സ്റ്റാർട്ടപ്പ് ഇക്കോസിസ്റ്റമുള്ള സംസ്ഥാനമാണ് കേരളം. രാജ്യത്തെ വ്യവസായ മേഖലയിലെ ബെസ്റ്റ് പ്രാക്ടീസാണ് നമ്മുടെ സംരംഭകത്വവർഷം പദ്ധതി. പച്ചക്കറികൾക്കും പഴവർഗ്ഗങ്ങൾക്കും താങ്ങുവിലയുള്ള രാജ്യത്തെ ഏക സംസ്ഥാനമാണ് കേരളം. അതിദാരിദ്ര്യനിർമ്മാർജ്ജനത്തിനായുള്ള പ്രത്യേക പദ്ധതി നടപ്പാക്കുന്ന ഏകസംസ്ഥാനവുമാണ് കേരളം. ഭൂരഹിതരും ഭവനരഹിതരുമില്ലാത്ത ഏക സംസ്ഥാനമായി കേരളം മാറുകയാണ്- മുഖ്യമന്ത്രി പറഞ്ഞു.

ഇത്തരത്തിൽ വ്യത്യസ്ത മേഖലകളിൽ നമ്മൾ കൈവരിച്ചിട്ടുള്ള നേട്ടങ്ങളെ കൂടുതൽ സമാഹരിച്ച് ശക്തിപ്പെടുത്താനും പുതിയ കാലത്തിന് അനുയോജ്യ വിധത്തിൽ കേരളത്തെ നവകേരളമാക്കി പരിവർത്തിപ്പിക്കാനുമാണ് നമ്മൾ ശ്രമിക്കുന്നത്.

വിജ്ഞാന സമ്പദ്ഘടനയും നൂതനത്വ സമൂഹവുമായ ആ നവകേരളം എല്ലാവരെയും ഉൾക്കൊള്ളുന്നതും ഉൾച്ചേർക്കുന്നതും ആയിരിക്കും. അതുകൊണ്ടുതന്നെ നവകേരള നിർമ്മാണത്തിൽ സംസ്ഥാന സർക്കാരിനും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കും ഒപ്പം കേരളത്തിലെ ഓരോ വ്യക്തിക്കും സന്നദ്ധ സംഘടനകൾക്കുമെല്ലാം വലിയ പങ്ക് വഹിക്കാനുണ്ട്. ജീവകാരുണ്യപരവും അതേസമയം വികസനോന്മുഖവുമായ പങ്ക്. ദുരിതത്തിൽപ്പെട്ടവരുടെ കണ്ണീരു തുടച്ചുകൊണ്ട് അവരെ കൈപിടിച്ചുയർത്തുകയും നാടിന്റെ ഭാവിക്ക് അനുയോജ്യവും പുതിയ തലമുറ ആഗ്രഹിക്കുന്നതുമായ പദ്ധതികൾ നടപ്പാക്കുകയും വേണം.

ആ നിലയ്ക്കുള്ള സമൂഹത്തിന്റെയാകെ ഉത്തരവാദിത്വ പൂർണ്ണമായ ഇടപെടലാണ് വയനാട്ടിൽ നാം ഇപ്പോൾ കണ്ടു കൊണ്ടിരിക്കുന്നത്. കേരളത്തിലുള്ളവർ മാത്രമല്ല, കേരളത്തിനു പുറത്തുള്ളവരും മറ്റു സംസ്ഥാനങ്ങൾ വരെയും ഈ ദുരന്തഘട്ടത്തിൽ നമ്മെ സഹായിക്കുന്നുണ്ട്. അവരോടെല്ലാമുള്ള നന്ദി ഈയവസരത്തിൽ രേഖപ്പെടുത്തുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments