തൃശ്ശൂര്‍ സ്വന്തമാക്കാൻ ബി.ജെ.പി-സി.പി.എം ധാരണയുണ്ടെന്ന സംശയം ശക്തമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. എന്നാല്‍, തൃശ്ശൂരും തിരുവനന്തപുരത്തും യു.ഡി.എഫിന് വിജയം ഉറപ്പാണ്. ഈ സീറ്റുകളാണ് ബി.ജെ.പി ഉന്നമിടുന്നത്. നിലവിലെ സാഹചര്യത്തില്‍ കഴിഞ്ഞ കാലത്തേക്കാള്‍ ഭൂരിപക്ഷം വര്‍ധിപ്പിച്ച് യു.ഡി.എഫ് ജയിക്കും.
കേരളത്തില്‍ ബി.ജെ.പി ജയിക്കില്ല. അക്കാര്യം ഞങ്ങള്‍ ഉറപ്പ് വരുത്തുമെന്നും സതീശൻ പറഞ്ഞു. എന്നാല്‍, തൃശ്ശൂര്‍ സീറ്റ് ബി.ജെ.പിക്ക് ലഭിക്കാൻ എക്സാലോജിക്ക്, കരുവന്നൂര്‍ കേസുകളില്‍ ഒത്തുതീര്‍പ്പിനുള്ള സാധ്യത തള്ളിക്കളയാനാവില്ലെന്ന് സതീശൻ കുറ്റപ്പെടുത്തി.
എക്സാലോജിക്കിനെതിരായ ആര്‍.ഒ.സി റിപ്പോര്‍ട്ടില്‍ മുഖ്യമന്ത്രി പറഞ്ഞത് പച്ചക്കള്ളമാണെന്ന് വ്യക്തമായെന്നും സതീശൻ ആരോപിച്ചു. എക്സാലോജിക്ക് വാദം തെളിയിക്കുന്ന രേഖകളൊന്നും നല്‍കിയില്ല. സി.ബി.ഐയും ഇ.ഡിയും അന്വേഷിക്കേണ്ട കേസാണ് ഇതെന്നാണ് റിപ്പോര്‍ട്ട്. സി.ബി.ഐ, ഇ.ഡി അന്വേഷണം വേണം. കോടതിയുടെ മേല്‍നോട്ടത്തില്‍ അന്വേഷണം നടക്കണം. കോര്‍പ്പറേറ്റ് മന്ത്രാലയം മാത്രം അന്വേഷിച്ചിട്ട് എന്ത് കാര്യം. എന്നിട്ടും കോര്‍പ്പറേറ്റ് മന്ത്രാലയം അന്വേഷണത്തിനാണ് ഉത്തരവിട്ടത്. ഇത് സംഘപരിവാറുമായുള്ള ബന്ധത്തിന്റെ തെളിവാണെന്ന് സതീശൻ പറഞ്ഞു.
മാസപ്പടി വിഷയത്തില്‍ കോടതി മേല്‍നോട്ടത്തില്‍ സി.ബി.ഐയും ഇ.ഡിയും അന്വേഷിക്കണം. ബി.ജെ.പി സര്‍ക്കാര്‍ കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് രാഷ്ട്രീയ എതിരാളികളെ വേട്ടയാടുകയോ വേണ്ടപ്പെട്ടവരുടെ കേസുകള്‍ ഒത്തുതീര്‍പ്പാക്കുകയോ ചെയ്യും. രണ്ടിനും കോണ്‍ഗ്രസ് എതിരാണ്. കേരളത്തില്‍ നടത്തുന്നത് ഒത്തുതീര്‍പ്പാണ്. അതുകൊണ്ടാണ് കേരളത്തില്‍ എത്തുമ്ബോള്‍ ഞങ്ങളുടെ അഭിപ്രായം മാറുന്നതെന്നും അദ്ദേഹം പറഞ്ഞു.